Monday, December 17, 2007

ബംഗാളി മീന്‍കറി സാംസ്കാരിക ചിഹ്നമാവുന്നതെങ്ങനെ

ഭക്ഷണം സംസ്കാരത്തിന്റെ ചിഹ്നമാണെന്ന് ആരാണ്‌ പറഞ്ഞത്‌ എന്നോര്‍മ്മയില്ല. ഒരു സമൂഹത്തില്‍ ബാക്കി വരുന്ന ഭക്ഷണമാണ്‌ ആ ജനതയുടെ സംസ്കാരം നിര്‍ണ്ണയിക്കുന്നത്‌ എന്നൊരു മാര്‍ക്സിയന്‍ തിയറി ഉണ്ട്‌. ആ തിയറിയെ അടിസ്ഥാനമാക്കി രവീന്ദ്രന്‍ ചിന്ത രവി ആയിരുന്നപ്പോള്‍ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച്‌ ഒരു പഠനം നടത്തിയിരുന്നു.ഉള്ളി തൊലിപൊളിക്കുന്നതുപോലെയാണെങ്കിലും ഖസാക്ക്‌ വായിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും വായിക്കേണ്ട പഠനം ആണത്‌. വളരെ കൗതുകം ഉണ്ടാക്കുന്ന ഒരു ലേഖനം.


ഭക്ഷണം സംസ്കാരത്തിന്റെ ചിഹ്നമായതുകൊണ്ടാവാം മലയാളി ദൈവത്തിന്റെ നാടുകാണാന്‍ വരുന്നവരുടെ മുന്നില്‍ കേരളത്തിന്റെ തനതായ ഭക്ഷണം എടുത്തുവയ്ക്കുന്നത്‌. നമ്മള്‍ നമ്മുടെ ആഹാരത്തെക്കുറിച്ച്‌ ഊറ്റം കൊള്ളുന്നവരാണ്‌. ഏറണാകുളത്ത്‌ ഏതു ഹോട്ടലില്‍ കയറിയാലും മീങ്കറി ഊണും കേരളത്തിന്റെ ദേശീയ ഭക്ഷണമായ എറച്ചീം പൊറോട്ടേം കിട്ടും. അതും നല്ല ഭക്ഷണം.

ഇതൊക്കെ വിചാരിച്ചാണ്‌ കൊല്‍ക്കത്തയില്‍ ബംഗാളി ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയത്‌. ഒറ്റ റസ്റ്ററന്റിലും ബംഗാളി ഭക്ഷണം കിട്ടുകയില്ല. എന്തു പറ്റി. അന്വേഷിച്ചപ്പോള്‍ അതു ബംഗാളികളുടെ വീട്ടില്‍ മാത്രമേ കിട്ടൂ എന്നറിഞ്ഞു. എന്തുകൊണ്ട്‌. തങ്ങളുടെ സംസ്കാരം പ്രദര്‍ശിപ്പിക്കാന്‍ മടിയാണോ ബംഗാളികള്‍ക്ക്‌.

അതുതന്നെയാവണം ബംഗാളി സിനിമപാട്ടുകളുടേയും ഗതി. കൊല്‍ക്കത്തയില്‍ രാത്രി റസ്റ്ററന്റിലെല്ലാം പാട്ടുകാരുണ്ട്‌. ചെറിയ സ്ഥലത്ത്‌ പരമാവധി ശംബ്ദം ഉണ്ടാക്കുന്ന ശബ്ദസജ്ജീകരണങ്ങളോടെ ഒരു cacophony. ദുബായിലെ ഡാന്‍സ്‌ ബാറുകള്‍ മാതിരി. ഡാന്‍സില്ല. ബാക്കി എല്ലാ ബഹളങ്ങളുമുണ്ട്‌. കുറേ നേരം കേട്ടിട്ട്ം ഹിന്ദി പാട്ടല്ലാതെ ഒരു ബംഗാളി പാട്ട്‌ കേട്ടില്ല. എന്തുകൊണ്ട്‌. ഒരോ പാട്ടുകഴിയുമ്പോഴും കുറെ പോഴന്മാര്‍ നൂറിന്റെ നോട്ടുകള്‍ കൊടുക്കുന്നുണ്ട്‌. അതുമേടിക്കാന്‍ വേണ്ടി നടക്കുന്ന ഒരുത്തന്‍ എന്റെ അടുത്തും വന്നു. കടലിനക്കരെ പോകാമൊ എന്ന പാട്ടുപാടിയാല്‍ ആയിരം രൂപ തരാമെന്ന് മലയാളത്തില്‍ അവനോടു പറഞ്ഞു. അവന്‍ എന്തൊ ബംഗാളിയില്‍ പറഞ്ഞിട്ടു പോയി. തെറിയായിരിക്കും. തെറിക്കൊരു കുഴപ്പമുണ്ട്‌.കേള്‍ക്കുന്നവന്‌ മനസ്സിലായില്ലെങ്കില്‍ effect ഇല്ല. ഡല്‍ഹിയില്‍ ജീവിക്കുന്നതുകൊണ്ടുള്ള ഒരു ഗുണം അതാണ്‌. ട്രാഫിക്ക്‌ തെറ്റിച്ച്‌ വണ്ടിയോടിക്കുന്ന പഞ്ചാബിയോട്‌ മലയാളത്തില്‍ പുളിച്ചതെറിപറയാം.അവനുമനസ്സിലായില്ലെങ്കിലും നമുക്ക്‌ ആത്മസംതൃപ്തി ഉണ്ടാവും.


ബംഗാളി ഭക്ഷണം കിട്ടാത്തതിനെക്കുറിച്ച്‌ എന്റെ ക്ലയന്റിനോടു പറഞ്ഞു. കൊല്‍ക്കത്തയിലെ കാശുള്ളവര്‍ക്കെല്ലാം മാര്‍ക്സിസ്റ്റുകാരെ കലിപ്പായതുകൊണ്ട്‌ മാര്‍ക്സിസ്റ്റു തിയറി പറഞ്ഞില്ല.എന്തായാലും അതുകൊണ്ടു. വൈകിട്ട്‌ വീട്ടില്‍ ഡിന്നറിന്‌ ചെല്ലാന്‍ പറഞ്ഞു. ചെന്നപ്പോള്‍ ആറുതരം മീന്‍ കറി കൂട്ടി ഊണ്‌ റഡി. വിരലുകടിക്കും.ആറുതരം മീന്‍കറി വീട്ടിലുണ്ടാക്കുന്ന ബംഗാളി ഹോട്ടലില്‍ അത്‌ വില്‍ക്കുന്നില്ല. എന്തായാലും ഞാന്‍ മൂക്കുമുട്ടെ തിന്നു. കന്നിനെ കയം കാണിക്കരുത്‌ എന്നു പറയുന്നതുപോലെ മലയാളിയെ മീന്‍കറി കാണിക്കരുത്‌.


എന്തുകൊണ്ടാണ്‌ ഒരു ജനത തങ്ങളുടെ സാംസ്കാരിക ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുത്താതിരിക്കുന്നത്‌.കേരളത്തിലെ ഒരു ബാറില്‍ ആണ്‌ ഗാനമേള ഉള്ളത്‌ എന്നുകരുതുക. എത്ര മലയാളം പാട്ടുകള്‍ പാടിയിട്ടുണ്ടാവും. എത്ര ആളുകള്‍ കൂടെ പാടിയിട്ടുണ്ടാവും. കുടിയന്മാരെല്ലാം നല്ല പാട്ടുകാരും കൂടിയാണല്ലൊ.

ഡല്‍ഹിയില്‍ ബംഗാളി ഭക്ഷണം കിട്ടുന്ന രണ്ടു റസ്റ്ററന്റ്‌ ഞാന്‍ കണ്ടുപിടിച്ചു.

Friday, December 14, 2007

ഓലപ്പന്തും മലയാളിയുടെ സൗഹൃദവും

തീവ്രമായ സുഹൃദ്ബന്ധങ്ങള്‍ മലയാളിക്ക്‌ മാത്രം സാധിക്കുന്നതാണ്‌ എന്ന് തോന്നുന്നു. രണ്ടു മലയാളികള്‍ സുഹൃത്തുക്കളാവുന്നത്‌ പെട്ടന്നാണ്‌. വളരെക്കാലം കഴിഞ്ഞാലും ആ ബന്ധത്തിന്‌ മാറ്റങ്ങളൊന്നും ഉണ്ടാവാറില്ല. ഏറെക്കാലം കഴിഞ്ഞ്‌ കണ്ടുമുട്ടുന്ന കൂട്ടുകാരനെ ഇന്നലെ കണ്ടുപിരിഞ്ഞതുപോലെ നാം വരവേല്‍ക്കുന്നു.

എന്താണ്‌ ഒരു കൂട്ടുകെട്ടിന്റെ അടിക്കല്ലുകള്‍. മതം, സാമ്പത്തികം, വിദ്യാഭ്യാസം ഇതെല്ലാം വ്യത്യസ്ഥമായ പലരും ഒരേ കൂട്ടുകെട്ടിലുണ്ടാവാറുണ്ട്‌. വിശ്വാസങ്ങള്‍ മതമായാലും രാഷ്ട്രീയമായാലും അതിനെല്ലാം ഉപരി നമ്മള്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്നു.

പക്ഷെ കൂടുതല്‍ മുതിര്‍ന്നു കഴിയുമ്പോള്‍ നമ്മുടെ സൗഹൃദത്തിന്‌ വിള്ളല്‍ വീഴുന്നുണ്ടോ.ഇക്കാലത്ത്‌ കൂടുകാര്‍ക്കിടയില്‍ തന്നെ മതിലുകള്‍ ഉയരുന്നുണ്ട്‌ എന്നു തോന്നുന്നു.

എന്റെ ചെറുപ്പത്തില്‍ ഓലപ്പന്തുകൊണ്ട്‌ ഒരു കളി ഉണ്ടായിരുന്നു.ഓലപ്പന്തുകൊണ്ട്‌ വളരെ പരിമിതമായ കളികളേ ഉണ്ടായിരുന്നുള്ളു. പന്തുണ്ടാക്കല്‍ തന്നെ ഒരു വിനോദമായിരുന്നു. (ഈ ബൂലോഗത്തിലെ ഭൂരിഭാഗം പേരുടെയും ബാല്യകാലത്തില്‍നിന്ന്‌ വ്യത്യസ്ഥമായ ഒരു കാലത്തിലാണ്‌ ഇന്നത്തെ കുട്ടികള്‍ വളരുന്നത്‌ എന്നതുകൊണ്ട്‌ ഓലപ്പന്തുണ്ടാക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്കറിയില്ല).നാല്‌ ഓലപ്പന്ത്‌ ആറ്‌ ഓലപ്പന്ത്‌ എന്നിങ്ങനെ രണ്ടു പന്തുകളാണ്‌ ഞങ്ങള്‍ ഉണ്ടാക്കിയിരുന്നത്‌. നാല്‌ ഓലക്കീറുകള്‍ കൊണ്ട്‌ മെടഞ്ഞ്‌ അകത്ത്‌ കമ്യൂണിസ്റ്റ്‌ പച്ചയുടെ ഇലകള്‍ വെച്ച്‌ നിറച്ച ചതുരാകൃതിയിലുള്ള ഒരു പന്ത്‌. അതുകൊണ്ട്‌ ഏറുപന്ത്‌ എന്ന കളിയായിരുന്നു കളിച്ചിരുന്നത്‌. ഒരു മൈതാനത്ത്‌ രണ്ടു ടീമായി അങ്ങോട്ടും ഇങ്ങോട്ടും എറിയുക.

കുഴിപ്പന്ത്‌ എന്ന കളിയായിരുന്നു ഏറ്റവും രസകരമായത്‌. ടീമിലുള്ളവര്‍ മണ്ണില്‍ പന്തുവീഴാന്‍ പാകത്തിലുള്ള അടുത്തടുത്ത്‌ ചെറിയ കുഴികളുണ്ടാക്കുന്നു.ഒരു കുഴി ഒരാള്‍ക്കുള്ളത്‌. കുറച്ചുമാറി ഒരു വരവരച്ച്‌ അവിടെ നിന്നും ഊഴം വച്ച്‌ കുഴിയിലേക്ക്‌ പന്ത്‌ ഉരുട്ടി വിടുന്നു.ആരുടെ കുഴിയിലാണോ പന്ത്‌ വീഴുന്നത്‌ അയാള്‍ക്ക്‌ പന്തെടുത്ത്‌ മറ്റുള്ളവരെ എറിയാം. പന്തുവീഴുമ്പോഴെ മറ്റുള്ളവര്‍ ഓടിത്തുടങ്ങിക്കഴിഞ്ഞിരിക്കും. അടുത്തുള്ളവന്‌ ഏറ്‌ കിട്ടിയിരിക്കും. ചിലപ്പോള്‍ നമ്മുടെ കുഴിയില്‍ പന്തുവീഴാന്‍ പോകുമ്പോള്‍ തിരിഞ്ഞ്‌ വേറെ കുഴിയില്‍ വീഴുന്നു. അടക്കാനാവാത്ത ആകാംക്ഷ ആണത്‌. ഏറുകിട്ടാതെ ഓടുന്ന തിരക്കില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ കുഴിയിലാവും പന്ത്‌ വീണിരിക്കുക. തിരിച്ചു വന്ന് അതെടുക്കുമ്പോഴേക്കും മറ്റുള്ളവര്‍ ഓടി ഏറുകിട്ടാത്തത്ര ദൂരത്തില്‍ എത്തിയിട്ടുണ്ടാവും.പന്ത്‌ കുഴിയില്‍ വീഴുമ്പോഴെ അതെടുത്ത്‌ ആദ്യം കാണുന്നവനെ എറിയുക എന്നതിലാണ്‌ കളിയുടെ രസം.

ഇന്ന് ഈ കളി കളിക്കുകയാണെങ്കില്‍ പന്തെറിയാന്‍ നിങ്ങള്‍ക്ക്‌ ഒരു choice ഉണ്ടാവുന്നുണ്ടോ. കുഴിയില്‍ വീണ പന്തെടുത്ത്‌ നോക്കുമ്പോള്‍ ആര്‍ത്തുചിരിച്ച്‌ ചിതറിയോടുന്ന കൂട്ടുകാര്‍ക്കിടയില്‍ ആരെയെങ്കിലും നിങ്ങള്‍ തിരയുന്നുണ്ടോ?. അങ്ങനെ ഉണ്ടെങ്കില്‍ നിങ്ങള്‍ മലയാളി അല്ലാതായി. എന്തുകാരണം കൊണ്ടാണ്‌ നിങ്ങളുടെ ഇടയില്‍ മതില്‍ ഉയര്‍ന്നത്‌.മലയാളിക്ക്‌ മാത്രം സ്വന്തമായ തീക്ഷ്ണമായ സൗഹൃദം നിങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടോ.

നമ്മുടെ കൂട്ടുകെട്ടുകള്‍ തീവ്രമായത്‌ എല്ലാ ദിവസവും ഉണ്ടായിരുന്ന വൈകുന്നേരങ്ങളിലെ കൂടിച്ചേരലുകളായിരുന്നു. വര്‍ഷങ്ങളായി ഒരേ സ്ഥലം. എന്നും ഗോസിപ്പും കളിയാക്കലും. ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ അതേ സ്ഥലത്ത്‌ കൂടിച്ചേരല്‍ ഇപ്പോഴുമുണ്ട്‌. പഴയ കുറേപ്പേര്‍ പല ദിക്കുകളിലായി ജോലിതേടിപ്പോയി. അവര്‍ നാട്ടില്‍ വരുമ്പോള്‍ വൈകുന്നേരം ഇവിടെ വരുന്നു. പുതിയ നാട്ടുവിശേഷങ്ങള്‍. കളിയാക്കാന്‍ പുതിയ ഇര. പക്ഷെ അന്തരീക്ഷം പഴയതുപോലെ തന്നെ.

ഈ കൂട്ടാണ്‌ നമ്മെ മതത്തിനും രാഷ്ട്രീയത്തിനും ഉപരിയായി സ്നേഹിക്കാന്‍ പഠിപ്പിച്ചത്‌. എന്തെല്ലാം വിശ്വാസപ്രമാണങ്ങള്‍ പിന്തുടര്‍ന്നാലും അവന്‍ എന്റെ തുണ എന്ന് വിശ്വസിപ്പിച്ചത്‌.

ഈ രംഗം നോക്കുക.

വൈകുന്നേരത്തെ കൂടിച്ചേരല്‍ കഴിഞ്ഞ്‌ പിരിയുമ്പോള്‍ ഒരുത്തന്‍ പറയുന്നു.
" എടാ നാളെ നിന്റെ ശാഖയിലെ ഹിന്ദു വര്‍ഗീയ ഫാസിസ്റ്റ്‌ പ്രവര്‍ത്തനം കഴിഞ്ഞു വരുമ്പോള്‍ എന്റെ വീട്ടില്‍ കയറണം. ഉമ്മ നിനക്കിഷ്ടപ്പെട്ട കറികളൊക്കെ ഉണ്ടാക്കുന്നുണ്ട്‌"

" എന്താടാ വിശേഷം"
" മറന്നോടാ നായെ. നാളെ പെരുന്നാളാണ്‌".
വരാമെന്നു പറഞ്ഞവന്‍ കൈ വീശി പോകുന്നു.

ഇതു മലയാളിക്കേ പറ്റൂ.

Thursday, December 6, 2007

മലയാളം വിക്കിപീഡിയന്മാര്‍ക്ക്‌

എന്റെ കഴിഞ്ഞ പോസ്റ്റില്‍ ( നചികേതസ്സും മലയാളം വിക്കിപീഡിയയും) കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളിലെയും മറ്റ്‌ സ്കൂളുകളിലെയും മലയാളം മീഡിയത്തില്‍ പഠിക്കുന്ന വിദ്ധ്യാര്‍ഥികള്‍ക്ക്‌ മലയാളം വിക്കിപീഡിയ പ്രയോജനപ്പെടും എന്നെഴുതിയിരുന്നു.

അതുകഴിഞ്ഞ്‌ ചെറിയൊരു സംശയം തോന്നി. എല്ലാ സ്കൂളുകളിലും ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉണ്ടോ?. ആ സംശയം ഇന്ന് തീര്‍ന്നു.

കേരളത്തിലെ എല്ലാ സ്കൂളുകളിലും വേഗമേറിയ broadband internet സൗകര്യം IT at School പദ്ധതിയുടെ ഭാഗമായി BSNL ന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്നു എന്ന് ഇന്നത്തെ പത്രത്തില്‍ വാര്‍ത്ത കണ്ടു. വളരെ സന്തോഷം.

കേരളത്തിലെ 2800 സ്കൂളുകളിലെ 40,000 കമ്പ്യൂട്ടറുകളില്‍ broadband internet connection ലഭിക്കും.അറുപതിനായിരം അദ്ധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കിക്കഴിഞ്ഞു.

ഇനി കുട്ടികള്‍ വിക്കിയിലൂടെ വിജ്ഞാനം സമ്പാദിക്കട്ടെ. എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ.

ആമേന്‍.

Sunday, December 2, 2007

നചികേതസ്സും മലയാളം വിക്കിപീഡിയയും

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളപാഠപുസ്തകത്തിലെ ഒരു പാഠം എന്നെ വല്ലാതെ കുഴക്കിയിട്ടുണ്ട്‌.'നിത്യാഭ്യാസി ആനയെ എടുക്കും' എന്നായിരുന്നു പാഠത്തിന്റെ പേര്‌.നിത്യാഭ്യാസി ആരാണ്‌ എങ്ങനെയാണ്‌ അയാള്‍ ആനയെ എടുക്കുക എന്നെല്ലാം ആലോചിച്ച്‌ ഞാന്‍ വലഞ്ഞു. ക്ലാസു തുടങ്ങുന്നതിനുമുന്‍പെതന്നെ നാലാം ക്ലാസില്‍ നിന്നും അഞ്ചിലേക്കു ജയിച്ച അയവാസിയുടെ പുസ്തകം എനിക്കുകിട്ടിയിരുന്നു.അന്നെല്ലാം നാട്ടിന്‍പുറങ്ങളില്‍ അതായിരുന്നു പതിവ്‌. നീലമഷി പുരണ്ട പുറം താളുകള്‍ കീറിയ വേറോരാളുടെ പേരെഴുതിയ പുസ്തകം. ആവശ്യമുള്ളടിത്തും അല്ലാതെയും നിറയെ തോന്നിയപോലെ പേനകൊണ്ട്‌ വരച്ച ഒരു മലയാളപാഠപുസ്തകം. പുസ്തകം കിട്ടിയപ്പോള്‍ തന്നെ ഞാന്‍ എല്ലാപാഠങ്ങളും വായിച്ചു.

സംശയം ചോദിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.ഇല്ലായ്മയുടേ പല പല വല്ലായ്മകള്‍ ഉണ്ടായിരുന്നതുകൊണ്ട്‌ വീട്ടിലാര്‍ക്കും എന്റെ ഈ ചോദ്യത്തിന്‌ ഉത്തരം തരാന്‍ പറ്റില്ല എന്നറിഞ്ഞതുകൊണ്ട്‌ ആരോടുചോദിക്കും ഈ ആന ചോദ്യം എന്നായി ഞാന്‍. ആനയെ ഒരാള്‍ക്ക്‌ എങ്ങനെയാണ്‌ എടുക്കാന്‍ പറ്റുന്നത്‌.

ആ പാഠമെടുത്തപ്പോള്‍ ടീച്ചര്‍ വിശദീകരിച്ചു. ദിവസവും ശ്രമിക്കുന്ന ഒരാള്‍ക്ക്‌ ഏതുകാര്യവും സാധിക്കും.അതെങ്ങനെ ഇവിടെ സാധിക്കും. എന്തായാലും ഒരു മനുഷ്യന്‌ ഇത്ര വലിയ ഒരു ആനയെ ചെറുതായിപോലും ഉയര്‍ത്താന്‍ പറ്റില്ല.പിന്നെങ്ങനെ നിത്യവും എടുത്ത്‌ ഒരു ദിവസം മുഴുവനായി ഉയത്താന്‍ പറ്റും. ചെറിയ മനസ്സുകള്‍ എങ്ങനെ ഒരു ഉപമ അല്ലെങ്കില്‍ ഒരു കഥ മനസ്സില്‍ കാണുന്നു എന്നൊന്നും ചിന്തിക്കാതെ പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ വരുന്ന കുഴപ്പങ്ങളാകാം അത്‌. പല ഉദാഹരണങ്ങളും കാണാന്‍ കഴിഞ്ഞേക്കും.

ഒരു സംശയം ചോദിക്കാന്‍ ആരുമില്ലാത്ത കുട്ടി എങ്ങനെയാണ്‌ അറിവു നേടുക. ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെ ആണ്‌ അറിവ്‌ ഗുരുവില്‍ നിന്ന് ശിഷ്യനിലേക്കെത്തുന്നത്‌. കഠോപനിഷത്തില്‍ നചികേതസ്സ്‌ യമനോട്‌ മരണത്തിനുശേഷമെന്ത്‌ എന്ന തന്റെ ചോദ്യത്തിന്റെ ഉത്തരം ആവശ്യപ്പെടുന്നു. ഉത്തരം അറിയാവുന്ന ഗുരുവിനോടാണ്‌ നചികേതസ്സ്‌ ചോദ്യം ചോദിക്കുന്നത്‌. എല്ലാ ഉപനിഷത്തും ചോദ്യോത്തരശൈലിയിലാണ്‌. ഗുരു അറിവിന്റെ മഹാമേരു. അറിവുവേണ്ട ശിഷ്യന്‍ ഗുരുവിനോടു തന്റെ ചോദ്യം ചോദിക്കുന്നു. എത്ര അറിവുവേണോ അത്രയും ചോദ്യം ശിഷ്യന്‍ ചോദിക്കുന്നു.ഗുരുവിന്റെ 'അടുത്തിരിക്കുന്ന'( ഉപ-നിഷത്‌) ശിഷ്യന്റെ കഴിവാണ്‌ ഗുരുവില്‍ നിന്നും ചോദ്യങ്ങള്‍ ചോദിച്ച്‌ അറിവു സമ്പാദിക്കുക. വിദ്യ ഗ്രഹിക്കാന്‍ കഴിവുള്ളവനേ ഗുരു വിദ്യ കൊടുക്കുന്നുള്ളൂ. യമന്‍ നചികേതസ്സിനെ പരീക്ഷിച്ച്‌ അറിവുസമ്പാദിക്കാന്‍ പ്രാപ്തനാണ്‌ എന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമെ ഉത്തരം പറയുന്നുള്ളു.വിദ്യാ സമയത്ത്‌ ഗുരുവും ശിഷ്യനും ചൊല്ലുന്ന മന്ത്രം ഇതാണ്‌.- ഉപനിഷത്‌ പ്രതിപാദ്യമായ പരം പൊരുള്‍ വിദ്യാസ്വരൂപത്തെ പ്രകാശിപ്പിച്ച്‌ നമ്മെ ഒന്നിച്ച്‌ രക്ഷിക്കട്ടെ. വിദ്യാപ്രാപ്തിക്കു സമര്‍ഥമായ ബുദ്ധിശക്തി തന്ന് നമ്മെ പോഷിപ്പിക്കട്ടെ. വിദ്യാപ്രാപ്തികൊണ്ടുള്ള തേജസ്സ്‌ നമുക്ക്‌ ഒന്നിച്ചു സമ്പാദിക്കാം. അതിനുവേണ്ടി നാം പഠിക്കുന്നതെല്ലാം ശോഭനവും സഫലവുമാവട്ടെ. അന്യോന്യം യാതൊരു ദ്വേഷവും നാം തമ്മില്‍ തോന്നാതിരിക്കട്ടെ.-

സ്കൂളില്‍ അധ്യാപകര്‍ കുട്ടികളുടെ ചോദ്യങ്ങള്‍ പ്രോല്‍സാഹിപ്പിച്ചിരുന്നോ. അല്ലെങ്കില്‍ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നേ ഇല്ല. ചെറിയ ക്ലാസുകളിലെ കുട്ടികളുടെ ചോദ്യങ്ങള്‍ അവര്‍ക്ക്‌ തീവ്രമായതും അധ്യാപകര്‍ക്ക്‌ ചിരിയുണത്തുന്നവയും ആയിരിക്കും.ഒരു കുട്ടിയായി നിന്ന് ചോദ്യം മനസ്സിലാക്കാന്‍ ഒരധ്യാപകനും ശ്രമിച്ചിട്ടുണ്ടാവില്ല.

ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇപ്പോള്‍ അധ്യാപകനോട്‌ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല. ഇന്റര്‍നെറ്റ്‌ അവര്‍ക്ക്‌ എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കുന്നു. ഇപ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക്‌ താജ്‌മഹലിനെക്കുറിച്ച്‌ പ്രൊജക്ടുണ്ടാക്കാന്‍ ആരോടും ചോദിക്കേണ്ട്‌. എല്ലാം അവനുമുന്‍പിലെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്നു. ചോദ്യങ്ങള്‍ക്ക്‌ ഉത്തരവുമായി അറിവിന്റെ അളവില്ലാ ഖനിയുമായി ഇന്റര്‍നെറ്റ്‌ അവന്റെ മുന്നില്‍ പൊലിയളക്കുന്നു.

മലയാളം മീഡിയത്തില്‍ പഠിക്കുന്ന ഒരു സാധാരണ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ ചോദ്യങ്ങള്‍ അപ്പോഴും ബാക്കിനില്‍ക്കുന്നു. അവന്റെ ചോദ്യങ്ങള്‍ക്ക്‌ ഇംഗ്ലീഷില്‍ ഉത്തരം അവനുകിട്ടിയിട്ട്‌ കാര്യമില്ല. ചോദ്യത്തിന്‌ ഉത്തരം കിട്ടാതെ അറിവ്‌ മാറി നില്‍ക്കുന്നു.

അവന്റെ ചോദ്യങ്ങള്‍ക്ക്‌ ഇപ്പോള്‍ ഉത്തരം ഇന്റര്‍നെറ്റ്‌ അവനറിയാവുന്ന ഭാഷയില്‍ നല്‍കുന്നു. അവനെപ്പോലെ അനവധി സാധാരണ മലയാളം മീഡിയത്തില്‍ പഠിക്കുന്നവര്‍ക്കുവേണ്ടി ആരുമറിയാതെ കുറച്ചുപേര്‍ കഷ്ടപ്പെടുന്നുണ്ട്‌. മലയാളം വിക്കിപീഡിയയെക്കുറിച്ച്‌ ഞാന്‍ ഇപ്പോഴാണ്‌ അറിയുന്നത്‌. കുറെ ആളുകള്‍ അവരുടെ വിശ്രമസമയം മറ്റുള്ളവര്‍ക്കു ഉപകാരപ്പെടാന്‍ വേണ്ടി മാറ്റിവെക്കുന്നു. വിക്കിയിലെ ലേഖനങ്ങളിലൂടെയും തിരുത്തലുകളിലൂടെയും. ഗൂഗിളില്‍ മലയാളത്തില്‍ സേര്‍ച്ചു ചെയ്യാമെന്ന് റാം മോഹനെഴുതുന്നു.കേരളത്തിലെ ആയിരക്കണക്കിനുവരുന്ന മലയാളം മീഡിയം സ്കൂള്‍ കുട്ടികള്‍ക്ക്‌ മലയാളം വിക്കിപീഡിയ പ്രയോജനപ്പേടും. ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഇന്റര്‍നെറ്റ്‌ പഠിക്കാന്‍ ഉപയോഗിക്കുന്നതുകണ്ട്‌ അവനിനി മിഴിച്ചു നില്‍ക്കേണ്ട കാര്യമില്ല.

ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവര്‍ സ്വകാര്യതകള്‍ക്കു വേണ്ടി കളയുമ്പോള്‍ അതെല്ലാം മാറ്റി വച്ച്‌ മറ്റുള്ളവര്‍ക്കുവേണ്ടി വിക്കിയില്‍ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോര്‍ഡില്‍ വിരലമര്‍ത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങല്‍ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്‌- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാന്‍ പോകുന്ന ആയിരക്കണക്കിന്‌ നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങള്‍ക്കുണ്ട്‌.

നിങ്ങളുടെ ജീവിതത്തില്‍ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.

ആന എന്ന് മലയാളം വിക്കിയില്‍ തിരയുമ്പോള്‍ ആനപഴഞ്ചൊല്ല് കിടക്കുന്നു. "നിത്യാഭ്യാസി ആനയെ എടുക്കും"