Tuesday, April 1, 2008

പേടി

അരമണിക്കൂറായി ഞാന്‍ ഈ കാറിലിരിക്കുന്നു. രാത്രി ഇതുവഴിയേ ഓടിച്ചുവന്നപ്പോള്‍ പഞ്ചറായതാണ്‌ അതും രണ്ട്‌ ടയറുകള്‍ ഒന്നിച്ച്‌ പഞ്ചറായി. നാശം പിടിക്കാന്‍. രാത്രി ഇത്ര വൈകി കാറോടിച്ച്‌ പോകണ്ടാ അവന്റെ വീട്ടില്‍ കിടക്കാമെന്ന് ജോമി പറഞ്ഞതാ. രാത്രി മാത്രമാണോ നാലു പെഗും അടിച്ചു. ജോമിയുടെ വാക്ക്‌ കേട്ടാല്‍ മതിയായിരുന്നു എന്നിപ്പോള്‍ തോന്നുന്നു.

മൊബൈലിന്റെ ചാര്‍ജ്‌ തീര്‍ന്നതുകൊണ്ട്‌ ആരെയും വിളിക്കാന്‍ പറ്റുന്നില്ല. ഇവിടെ നിന്ന് കുറേക്കൂടി പോകാനുണ്ട്‌ വീട്ടിലേക്ക്‌. മൊബൈലിന്റെ ചാര്‍ജ്‌ തീര്‍ന്നതാണ്‌ അത്ഭുതം. അങ്ങനെ തീരാന്‍ വഴിയില്ലാത്തതാണ്‌.

ആകെ ഇരുട്ടാണ്‌. ചെറിയ നാട്ടുവെളിച്ചമുണ്ട്‌. കാറ്‌ പെട്ടെന്ന് ഒരു വശത്തേക്ക്‌ വലിഞ്ഞു പോകുന്നതുപോലെ തോന്നിയതുകൊണ്ടാണ്‌ നിര്‍ത്തിയത്‌. ഇറങ്ങി നോക്കുമ്പോള്‍ വലതുവശത്തെ രണ്ടു ടയറും കത്തികൊണ്ടതു പോലെ കീറിപ്പോയിരിക്കുന്നു. അവധിക്ക്‌ നാട്ടില്‍ വന്നപ്പോള്‍ വാടകക്കെടുത്ത കാറാണ്‌. കുറച്ച്‌ കാശ്‌ അങ്ങനെ പോകും.

റോഡിന്റെ വശങ്ങളില്‍ ഇടതൂര്‍ന്ന് മരങ്ങളാണ്‌. വള്ളിപ്പടര്‍പ്പുകളും കാണാം. രാവിലെ ഈ വഴിക്കാണോ പോയതെന്ന് ഓര്‍മയില്ല. രാവിലെ കണ്ട വഴിയുടെ ഇരുവശവും റബ്ബര്‍ തോട്ടങ്ങളും വീടുകളും ആയിരുന്നു. ഇങ്ങനെ ഒരു റോഡ്‌ അതും സ്ട്രീറ്റ്‌ ലൈറ്റ്‌ പോലുമില്ലാതെ എങ്ങും കണ്ടതായി ഓര്‍ക്കുന്നില്ല. വഴി തെറ്റിയോ. ആ നാലാമത്തെ പെഗ്ഗാണ്‌ പണിയൊപ്പിച്ചത്‌.

കാറിലിരുന്ന് ഉറങ്ങുന്നതാണ്‌ നല്ലത്‌. ഈ ഇരുട്ടില്‍ വീട്‌ വരെ നടക്കാന്‍ വയ്യ. നേരം വെളുക്കട്ടെ. വേറെ ഒരു വണ്ടി പോലും വരാത്ത ഒരു കാല്‍നടക്കാരനെ പോലും കാണാത്ത ഈ വഴി ഏതാണ്‌.

ഇപ്പോള്‍ ചെറിയ നിലാവുണ്ട്‌. റോഡൊക്കെ നന്നായി കാണാം. വളരെ വീതി കുറഞ്ഞ ചെമ്മണ്‍ വഴിയാണ്‌. ഇങ്ങനെയൊക്കെ റോഡുകള്‍ ഇപ്പോഴുമുള്ളതാണ്‌ അതിശയം. നാട്ടില്‍ നിന്ന് പോയിട്ട്‌ കുറേ വര്‍ഷങ്ങളായതുകൊണ്ടാവണം വഴി മനസ്സിലാവാത്തത്‌.പുറകിലേക്ക്‌ നോക്കിയാലും മുന്‍പിലേക്ക്‌ നോക്കിയാലും ഈ റോഡ്‌ അവസാനിക്കുന്നത്‌ ഇരുട്ടിലാണ്‌.

ഉറക്കം വരാതെ കുറേനേരം പുറത്തേക്ക്‌ നോക്കിയിരിക്കുമ്പോള്‍ കുറേശ്ശെ വഴി മനസ്സിലാവുന്നുണ്ട്‌. വിസ്ക്കിയുടെ ലഹരി ഇറങ്ങിയതാവണം. ഈ വഴി പണ്ട്‌ സ്കൂളില്‍ പോകുമ്പോള്‍ ബോധപൂര്‍വം എല്ലാവരും ഒഴിവാക്കിയിരുന്നതാണ്‌. വീട്ടില്‍ നിന്ന് റബ്ബര്‍ ബാന്റിട്ടു മുറുക്കിയ പുസ്തകക്കെട്ടുമായി ഇറങ്ങി നടന്ന് വിശ്വന്റെ വീട്ടില്‍ നിന്ന് അവനും മറ്റു കൂട്ടുകാരുമായി പോകുമ്പോള്‍ എളുപ്പവഴിയാണെങ്കിലും ഈ വഴി സ്കൂളിലേക്ക്‌ പോകാറില്ല. പ്രേതങ്ങള്‍ ഇറങ്ങി നടക്കുന്ന വഴിയാണിത്‌. പകലാണെങ്കില്‍ കണ്ണുകെട്ടിപ്രേതം അതുവഴി പോകുന്ന വരുടെ കണ്ണുകെട്ടും. വഴിതെറ്റി നടന്ന് നടന്ന് പൊട്ടക്കിണറ്റില്‍ വീഴും. രാത്രിയാണെങ്കില്‍ തെണ്ട്യാന്‍ എന്ന പ്രേതം രാത്രി യാത്രക്കാരുടെ ചോര കുടിക്കും. തെണ്ട്യാന്റെ പണി രസമാണ്‌. രാത്രി തനിച്ച്‌ നടന്നുപോകുന്നവര്‍ പുറകില്‍ ആരോ നടക്കുന്ന ശബ്ദം കേള്‍ക്കുന്നു. ആദ്യം വിചാരിക്കും വെറുതെ തോന്നുന്നതാണെന്ന്. രണ്ട്‌ ചുവട്‌ വയ്ക്കുമ്പോള്‍ പുറകില്‍ കേള്‍ക്കാം ആരോ രണ്ടു ചുവട്‌ വയ്ക്കുന്നതിന്റെ ശബ്ദം. ആരാണെന്നറിയാന്‍ തിരിഞ്ഞു നോക്കിയാല്‍ പിന്നെ കാണുന്നത്‌ പുറകില്‍ നില്‍ക്കുന്ന ഒരാള്‍ വളരുന്നതാണ്‌. ആകാശം മുട്ടെ വളര്‍ന്ന് കഴിഞ്ഞ്‌ പിന്നെ വളയാന്‍ തുടങ്ങുന്നു. വളഞ്ഞ്‌ വളഞ്ഞ്‌ വന്ന് താഴെ നില്‍ക്കുന്ന ആളുടെ മുന്നില്‍ തല കുത്തുന്നു. അതോടെ അയാളുടെ കഥ കഴിഞ്ഞു. പിറ്റേ ദിവസം അതുവഴി പോകുന്ന ആളുകള്‍ കുറച്ചു ചോര നിലത്തുകിടക്കുന്നതു മാത്രം കാണും.തെണ്ട്യാനെ തോല്‍പ്പിക്കാന്‍ തിരിഞ്ഞു നോക്കാതിരുന്നാല്‍ മതി. പക്ഷെ ആരും കാലൊച്ച കേട്ട്‌ തിരിഞ്ഞു നോക്കിപ്പോവുമത്രെ.

മുത്തഛനാണ്‌ തെണ്ട്യാനെ കുടുക്കിയത്‌. പേരെടുത്ത മന്ത്രവാദിയായിരുന്നു. ഒരു ദിവസം അകലെയെവിടെയോ മന്ത്രവാദം കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു മുത്തഛന്‍. വയറ്റില്‍ മൂത്ത തെങ്കള്ളും മന്ത്രവാദത്തിനറുത്ത കോഴിയുടെ ഇറച്ചിയും. തോളിലെ മാറാപ്പില്‍ വലുതും ചെറുതുമായ രണ്ട്‌ ഓട്ട്‌ മണികള്‍ കിലുങ്ങി.കൂടെ വെളുത്ത ഒരു ശംഖും മറ്റ്‌ സാമഗ്രികളും. കള്ള്‌ തലക്ക്‌ പിടിച്ച്‌ പൂരപ്പാട്ട്‌ പാടി വരുമ്പോള്‍ പുറകില്‍ കാലൊച്ച കേട്ടു. മുത്തഛന്‍ നിന്നപ്പോള്‍ കാലൊച്ച നിന്നു. പരീക്ഷിക്കാന്‍ മൂന്ന് ചുവട്‌ വച്ചു. പുറകില്‍ മൂന്ന് കാലൊച്ച. ആളാരെന്ന് മുത്തഛന്‌ മനസ്സിലായി. ഇനി നടന്നാല്‍ തിരിഞ്ഞു നോക്കേണ്ടി വരുമെന്നു മനസ്സിലായ മുത്തഛന്‍ തന്റെ അരയില്‍ നിന്നും പോത്തിന്‍ കൊമ്പ്‌ കടഞ്ഞ്‌ പിടിയിട്ട കത്തി വലിച്ചൂരി. വലതുകാല്‍ നീട്ടി തള്ളവിരല്‍ കൊണ്ട്‌ നിലത്ത്‌ ഒരു കളവും അതിനകത്ത്‌ ചക്രവും വരച്ചു.വീട്ടിലെ കളത്തറയില്‍ കാര്‍ന്നോമ്മാരെ കുടി വച്ചിരിക്കുന്നത്‌ മനസ്സില്‍ കണ്ട്‌ മന്ത്രം ചൊല്ലി കത്തി ചക്രത്തിന്റെ നടുക്ക്‌ മണ്ണില്‍ താഴ്ത്തിയിറക്കി അമ്മേ ഭഗവതീ എന്ന് വിളിച്ച്‌ കളം ചാടിക്കടന്നു പോയി. പുറകില്‍ അലര്‍ച്ച കേട്ടിട്ടും തിരിഞ്ഞു നോക്കാതെ. പിറ്റേന്ന് ആളുകള്‍ വഴിയില്‍ ചോര തളം കെട്ടിക്കിടക്കുന്നതാണ്‌ കണ്ടത്‌.തെണ്ട്യാന്റെ ശല്യം അതോടെ തീര്‍ന്നു.

രാത്രിയില്‍ ഇരുണ്ട വെളിച്ചത്തില്‍ മണികുലുക്കി ഹോമകുണ്ഡത്തില്‍
വറ്റല്‍മുളകിട്ട്‌ ഉഛാടനകര്‍മം ചെയ്യുന്ന മുത്തഛന്‍ രൗദ്രമായ രൂപമായിരുന്നു. അരിപ്പൊടികൊണ്ട്‌ കളം വരച്ച്‌ അതില്‍ മുടിയഴിച്ചിട്ട്‌ ജാനകിയിരിക്കുന്നു. കണ്ണ്‌ കലങ്ങി മറ്റ്‌ പെണ്ണുങ്ങള്‍. ഒഴിഞ്ഞു പോ എന്ന് മുത്തഛന്‍ പറഞ്ഞപ്പോള്‍ പോടാ പട്ടി എന്ന് ജാനകി അലറി. അത്‌ കേട്ട്‌ ഞാന്‍ ചിരിയടക്കി മുറ്റത്തേക്ക്‌ ഓടി. എന്നിട്ട്‌ ആര്‍ത്ത്‌ ചിരിച്ചു. വേറൊരു ചിരി കേട്ട്‌ നോക്കുമ്പോള്‍ രാമേട്ടനുമുണ്ട്‌ കൂടെ ചിരിക്കാന്‍.

മുത്തഛന്‍ മരിച്ചു കഴിഞ്ഞ്‌ മണികളും ശംഖും മറ്റും വീടിന്റെ ഏതോ മൂലയില്‍ അനാഥമായി കിടന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു രാത്രി അഛന്‍ അതെല്ലാം എടുത്ത്‌ തുടയ്ക്കുന്നതു കണ്ട്‌ കൊണ്ടാണ്‌ പാര്‍ട്ടിക്കമ്മറ്റിയും പതിവ്‌ ചാരായമടിയും കഴിഞ്ഞ്‌ രാമേട്ടന്‍ വന്നത്‌. ഇതെല്ലാം വലിച്ചെറിഞ്ഞോ കാര്‍ന്നോരെ. എന്റെ മേല്‌ വെറപ്പിക്കരുതെന്ന് രാമേട്ടന്‍ അഛനോട്‌ അലറി. എനിക്ക്‌ ഇതൊന്നും ഉപയോഗിക്കാന്‍ അറിയില്ല രാമചന്ദ്രാ ഞാന്‍ ഇന്ന് അഛനെ സ്വപ്നം കണ്ടു കുറേ നേരം എന്ന് ശാന്തനായി പറഞ്ഞുകൊണ്ട്‌ അഛന്‍ എല്ലാം കെട്ടി വച്ചു.

ഇപ്പോള്‍ ഈ കാറിലിരുന്ന് ഇരുട്ടിലേക്ക്‌ നോക്കുമ്പോള്‍ മുത്തഛന്‍ തെണ്ട്യാനെ തറച്ച വഴിയിലാണ്‌ എത്തിപ്പെട്ടതെന്ന് തോന്നുന്നു. കാറിന്റെ പഞ്ചര്‍ നോക്കിയപ്പോള്‍ ഷൂസില്‍ തട്ടി എന്തോ തെറിച്ചത്‌ ഒരു കത്തി പോലെ എന്തോ ആയിരുന്നോ. എന്തോ ഒരു മിന്നല്‍ നെഞ്ചിലൂടെ പാഞ്ഞതുപോലെ. ഉള്ളം കൈ വിയര്‍ക്കുന്നുണ്ട്‌.

പുറകില്‍ ഒരു ശബ്ദം കേട്ടതുപോലെ തോന്നുന്നു. ഇപ്പോള്‍ വീണ്ടും കേള്‍ക്കാം. അത്‌ ആരുടെയോ കാല്‍പ്പെരുമാറ്റമാണെന്ന് തോന്നുന്നു. അതെ. ആരോ നടന്നു വരുന്നുണ്ട്‌. ഇപ്പോള്‍ ഒന്നും കേള്‍ക്കാനില്ല. ഇല്ല ഞാന്‍ തിരിഞ്ഞ്‌ നോക്കില്ല. ഞാന്‍ തിരിഞ്ഞ്‌ നോക്കില്ല. ഞാന്‍ തിരിഞ്ഞ്‌ .............