Sunday, January 27, 2008

കീറിപ്പറിഞ്ഞ ഒരു മേല്‍വിലാസം

ഏതാണ്ട്‌ എല്ലാവരേയും പോലെ
പഴയകാലത്ത്‌ എനിക്കും ഒരു കാമുകി ഉണ്ടായിരുന്നു.

കാമമുറഞ്ഞ കണ്ണുകള്‍ കൊണ്ട്‌ എന്റെ തീഷ്ണയൗവ്വനം ദഹിപ്പിച്ചവള്‍
പൊള്ളുന്ന ചുണ്ടുകള്‍ കൊണ്ട്‌ വികാരസമുദ്രം കുടിച്ചു വറ്റിച്ചവള്‍


അന്നൊക്കെ
ലോകം മള്‍ബറിതോട്ടം ആവുന്നത്‌ സ്വപ്നം കണ്ട്‌
പര്‍വതങ്ങളില്‍ അരുണാഭമായ പ്രഭാതമുണ്ടാവും എന്ന പാട്ടുകേട്ട്‌,
കുഴലൂത്തുകാരന്റെ പുറകേ പോയ കണ്ണുകെട്ടിയ എലിക്കുഞ്ഞുങ്ങളിലൊന്നായിരുന്നു ഞാനും.


പിന്നീട്‌

കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട്‌ പ്രണയം ഒലിച്ചുപോവുന്നത്‌ നോക്കിനില്‍ക്കെ
ചവുട്ടടിയിലെ മണ്ണിളകി നിലയില്ലാക്കയത്തില്‍ വീണ്‌

ഒഴുക്കില്‍, അനവധി ചുഴികളില്‍, വന്‍തിരമാലകളില്‍പെട്ട്‌

ഹരിതാഭമായ ഒരു തുരുത്തിലടിഞ്ഞ്‌
ഇളംവെയില്‍ കൊണ്ടിരിക്കുമ്പോള്‍

പഴയ പൊള്ളുന്ന ചുണ്ടുകളുടെ ഓര്‍മ്മ എന്റെ ഉറക്കം കെടുത്തുന്നു.

'നീ കാണും സങ്കല്‍പലോകമല്ലീയുലകം' എന്നെന്നോടു പറഞ്ഞവളുടെ

മേല്‍വിലാസം തിരയുകയാണ്‌ ഞാന്‍-
കീറിപ്പറിഞ്ഞ പഴയ പുസ്തകത്താളുകളില്‍.