കാവില്‍ കുംഭഭരണിയുത്സവം തുടങ്ങിയിട്ടും ശിവരാമന് വരാത്തതുകൊണ്ട് മുത്തശ്ശി പകലുമുഴുവന്‍ ശിവരാമനെക്കണ്ടില്ലല്ലോ എന്ന് പറഞ്ഞുകൊണ്ടിരുന്നു.
കുറെ കേട്ടപ്പോള്‍ അമ്മ പറഞ്ഞു.
"ഇങ്ങനെ ചെലയ്ക്കേണ്ട കാര്യോന്നൂല്ല. ശിവരാമനല്ലല്ലോ ഉത്സവം നടത്തണത്"
മുത്തശ്ശി അതുകേട്ട് പിറുപിറുത്തു. ശിവരാമന് വീട്ടിലെ ബന്ധുവൊന്നും ആയിരുന്നില്ല. എന്നാല്‍ എല്ലാ ബന്ധുവീട്ടിലും കറങ്ങിയിറങ്ങി കുറച്ചുദിവസം താമസിച്ച് ഒരു പണിയും ചെയ്യാതെ ജീവിക്കുന്ന ഒരു പാവം മനുഷ്യന്. കുടുംബമോ പ്രാരാബ്ദങ്ങളോ ഇല്ല. മറ്റു ബന്ധു വീടുകളിലെ വിശേഷങ്ങള്‍ ഞങ്ങള്‍ അറിഞ്ഞിരുന്നത് ശിവരാമനിലൂടെ ആയിരുന്നു.
'കഴിഞ്ഞ ആഴ്ച മുടവൂരിലിലെ ചേലാത്തായിരുന്നു. അവിടെ രാധക്കുഞ്ഞമ്മേടെ മൂത്തമോള്‍ക്ക് ഒരുകല്യാണാലോചന. ചെറക്കന് ബോംബേലാ."
ശിവരാമന് മുത്തശ്ശിയോടും അമ്മയോടും വിശദമായി പറയും.
" രാധേടെ കുട്ട്യോക്കെ വലുതായി. അവള്‍ക്ക് ഈ സന്തോഷിന്റെ പ്രായാ". മുത്തശ്ശി എന്റെ നേരെ നോക്കി പറഞ്ഞു.
ഞാന്‍ പ്രീഡിഗ്രി പരീക്ഷ എഴുതി ഇരിക്കുകയായിരുന്നു. മുടവൂരിലെ പെണ്‍കുട്ടിയെ പണ്ടുകണ്ട ഓര്‍മ്മ മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. ഓര്‍മയില്‍ ഒരു മുഖവും തെളിയുന്നില്ല. തെളിയാന്‍ പല മുഖങ്ങള്‍ ഉണ്ടായിരുന്നു അന്നൊക്കെ.
ഉത്സവത്തിന്റെ രണ്ടാം ദിവസം വൈകുന്നേരമാണ് ശിവരാമന് വന്നത്. വന്നു കയറിയപ്പോഴേ അമ്മേ ഭഗവതീ എന്ന് പറഞ്ഞ് കോലായിരുന്നു. ശബ്ദം കേട്ട് മുത്തശ്ശിയും അമ്മയും വന്നു. അവരെക്കണ്ട് ശിവരാമന് വെളുക്കെ ചിരിച്ചു.
" ഇത്രേം കാലം ഉത്സവത്തിന്റെ മുന്നേ വരണ നിനക്കെന്തുപറ്റി ശിവരാമാ" മുത്തശ്ശി ചോദിച്ചു. വളരെക്കാലം കാണാതിരുന്ന ഒരു ബന്ധു പെട്ടെന്ന് വീട്ടില്‍ക്കയറി വന്നതുപോലെ മുത്തശ്ശി സന്തോഷിച്ചു.
" പൂര്‍ണതൃശീയന്റെ ഉത്സവം കഴിഞ്ഞ് ഞാനൊന്നു കറങ്ങി."
തൃപ്പൂണിത്തുറയിലെ ഉത്സവവിശേഷങ്ങള്‍ ശിവരാമന് ഇന്ന് മുത്തശ്ശിയോട് വിശദമായി പറയും.
" അതിന് തൃപ്പൂണിത്തറയിലെ ഉത്സവം കഴിഞ്ഞിട്ട് മാസം മൂന്ന് കഴിഞ്ഞല്ലോ. അത്രേം വല്യ കറക്കം എവിടാര്‍ന്നു" അമ്മ ചോദിച്ചു.
ശിവരാമന് ഒന്നും പറഞ്ഞില്ല. പിന്നീട് പറയാമെന്ന അര്‍ഥത്തില്‍ വെറുതെ ചിരിച്ചു. നടന്നു പോയ പല നാട്ടിടവഴികളിലേയും പൊടി വീണ് ശിവരാമന്റെ കണ്ണുകള്‍ മങ്ങിയപോലെ തോന്നി. കുംഭമാസത്തെ പോക്കുവെയില്‍ തൊടിയിലെ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങി ജനലിലൂടെ കടന്ന് കോലായില്‍ വീണുകിടന്നു. കടും മഞ്ഞ നിറമുള്ള ആ വെയില്‍ക്കഷണത്തില്‍ ശിവരാമന് വെറുതെ കൈവച്ചു.
ഞാന്‍ ഉത്സവത്തിനുപോകാന്‍ ബിജുവിനെക്കാത്തിരിക്കുകയായിരുന്നു. വീടിനുപിന്നിലെ അവന് വരാറുള്ള ചെത്തുവഴിയിലൂടെ നോക്കുമ്പോള്‍ ഉണങ്ങിപ്പോയ തെങ്ങില്‍ ഒരു തത്ത ഇരിക്കുന്നതുകണ്ടു. തത്തയുടെ കൂടുണ്ടാവണം ആ തെങ്ങില്‍. ബിജുവിനോട് പറഞ്ഞാല്‍ അവന് കയറും.
ഇരുട്ട് വീണപ്പോള്‍ അഛനും വാസുവും പാടത്തുനിന്ന് കാളകളുമായി വന്നു. ശിവരാമന് ഭവ്യതയോടെ ചെന്നു.
" ങാ, ശിവരാമാ. നീ ഉത്സവം കഴിഞ്ഞ് പോകുമ്പോ എന്റെ കൂടെ വടവുകോട്ടിന് വരണം. കാളചന്തയ്ക്ക് രണ്ട് കാളകളെ കൊണ്ടോണം.". അഛന് പറഞ്ഞു.
" പോവാം. ഇവടത്തെ ആള് പറഞ്ഞാ പിന്നെ അത് ചെയ്യാണ്ടിരിക്കാന്‍ പറ്റോ." ശിവരാമന് പറഞ്ഞു.
" നീ ഇങ്ങനെ ഏക്കുമെങ്കിലും ആളെ ആ സമയത്ത് കാണാന്‍ കിട്ടില്ല." അഛന് പറഞ്ഞു. പണിയെടുക്കാന്‍ ശിവരാമന് മടിയായിരുന്നു. അഛനറിയാമെങ്കിലും പല പണിയുമേല്‍പ്പിക്കും. എല്ലാം ചെയ്യാമെന്ന് സമ്മതിക്കും. പക്ഷെ സമയത്ത് ശിവരാമന് മുങ്ങും. എന്നാലും അഛന് ഒരോ തവണയും ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
ബിജു വന്നപ്പോള്‍ ഞങ്ങള്‍ ശിവരാമന്റെ കൂടെ കുളിക്കാന്‍ പോയി. ആഴം കൂടിയ വക്കിടിഞ്ഞ കുളത്തിന്റെ കരയില്‍ തേക്കുകൊട്ടയില്‍ നിന്ന് വെള്ളം കോരി ശിവരാമന് ദേഹത്തൊഴിച്ചു. തണുത്ത വെള്ളം ദേഹത്തു വീഴുമ്പോള്‍ വികൃതശബ്ദങ്ങളുണ്ടാക്കി. ഞങ്ങള്‍ അതുകേട്ട് ചിരിച്ചു.
ചോറു വിളമ്പുമ്പോള്‍ ശിവരാമന് ഒരിക്കലും മതി എന്ന് പറയില്ല. ഇല ചെറുതാണ് അതുകൊണ്ട് നിര്‍ത്ത് എന്ന് മാത്രമെ പറയു. ധാരാളം ചോറുണ്ണും. സാവധാനം ഉണ്ടുകൊണ്ടിരിക്കുമ്പോള്‍ മുത്തശ്ശിയോട് ഉത്സവവിശേഷങ്ങള്‍ പറയും.
" ഇത്തവണ തൃപ്പൂണിത്തുറേലെ ആനക്കെല്ലാം ഓരോ നീലക്കരിമ്പ് വാങ്ങിച്ച് കൊടക്കണം എന്നൊരാശ ഇണ്ടാര്ന്ന്. കരിമ്പ് റോട്ടില് വിക്കാന്‍ വെച്ചിട്ടിണ്ട്. പക്ഷെ എന്റെ കയ്യില്‍ പൈസ അത്രക്ക് ഇല്ലാത്തോണ്ട് ആ മോഹം നടന്നില്ല". ശിവരാമന് പറഞ്ഞു. മുത്തശ്ശി അത് കേട്ട് പൊട്ടിച്ചിരിച്ചു.
" അതിന് ആനയ്ക്ക് ഒരു കരിമ്പിന്റെ കഷണം കിട്ടീട്ട് എന്താവാനാ. നീ കൊടക്കാത്തത് നന്നായി" അഛന് അകത്തുനിന്ന് വിളിച്ച് പറഞ്ഞു.
രാത്രി ശിവരാമന്റെ കൂടെയാണ് എന്നെയും ബിജുവിനേയും ഉത്സവത്തിന് അഛന് വിട്ടത്. മുത്തശ്ശിയും അമ്മയും പകല്‍പ്പൂരത്തിനേ പോകൂ. ഞങ്ങള്‍ക്ക് തനിച്ച് പോകണമെന്നുണ്ടായിരുന്നു. തലേ ദിവസം ഞങ്ങള്‍ തനിച്ചാണ് പോയത്. ഉത്സവപ്പറമ്പിനടുത്ത റബ്ബര്‍തോട്ടത്തില്‍ കിലുക്കിക്കുത്തുണ്ട്. ശിവരാമന് ഉണ്ടെങ്കില്‍ അവിടെപ്പോക്ക് നടക്കില്ല. ഉത്സവപ്പറമ്പില്‍ ചെന്നപ്പോള്‍ ശിവരാമന് ഞങ്ങളെ വിട്ട് തിരക്കിലേക്ക് പോയി.
കിലുക്കിക്കുത്ത് നടക്കുന്നിടത്തേക്ക് തിരക്കിലൂടെ പോകുമ്പോള്‍ ബിജു എന്റെ കൈയ്യില്‍ പിടിച്ച് ഞെക്കി. അവന്റെ നേരെ നോക്കുമ്പോള്‍ അവന് കണ്ണ് കാണിക്കുന്നു. നോക്കുമ്പോള്‍ രാജി നില്ക്കുന്നു. വെളുത്ത സുന്ദരമായ മുഖം. നെറ്റിയില്‍ വലിയ ചുവന്ന പൊട്ട്. സ്വപ്നമുറഞ്ഞ വലിയ കണ്ണുകള്‍. സാരി ഇറക്കിക്കുത്തിയിട്ടുണ്ടെങ്കിലും വയര്‍ മൂടിയിട്ടുണ്ട്. ആളുകളൊക്കെ രാജിയെ നോക്കുന്നുണ്ട്. ഉത്സവം കാണാന്‍ വന്ന സ്തീകള്‍ക്ക് പുഛം. സുജേടത്തി വീട്ടില്‍ വന്ന് അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.
" ആ കൂത്തിച്ചി കാരണാ ബാലേട്ടനിങ്ങനെയായത് അമ്മായി. അവള് നശിക്കേള്ളു.".
രാജിയുടെ വയറ് കാണാന്‍ ഇന്നലെ അവള് നില്‍ക്കുന്നതിന്റെ അരികെ ചുറ്റിപ്പറ്റി ഞങ്ങള്‍ നിന്നിരുന്നു.
" ഇവളു കാരണം ഞാന്‍ മെലിയും. എന്തായാലും ഒരാഴ്ചത്തേക്കുള്ളതായി " കുറേ നേരം നിന്നപ്പോള്‍ സാരി മാറി വയറ് കണ്ടതിന്റെ സന്തോഷത്തില്‍ ബിജു പറഞ്ഞു.
സുജേടത്തിയുടെ പ്രായമായിരുന്നു രാജിക്കും. സുജേടത്തീടെ കല്യാണം കഴിഞ്ഞ് ഗ്ലാമര്‍ പോയപ്പോള്‍ രാജിയായിരുന്നു എന്റെ സ്വപ്നറാണി.
രാജിയുടെ വയറ് കാണാന്‍ നില്‍ക്കണോ അതോ കിലുക്കിക്കുത്തിന് പോണോ എന്നാലോചിച്ച് നില്ക്കുമ്പോള് ശിവരാമന് വരുന്നതുകണ്ടു ഞങ്ങള്‍ മാറി.
കിലുക്കിക്കുത്തില്‍ ഞങ്ങളുടെ കാശെല്ലാം പോയി. ഈ പണി നിനക്കൊക്കെ പറ്റിയതല്ല ഇതിനിനി വരരുതെന്ന് ചെത്തുകാരന് മോഹനന് ഉപദേശിച്ചു.
കുറേ കറങ്ങിനടന്നപ്പോള്‍ ഉറക്കം വന്നു. ഇന്നലത്തെ ഉറക്കം ബാക്കിയുണ്ട്.
"നമുക്ക് വീട്ടീപ്പോകാം." ഞാന്‍ പറഞ്ഞു. ശിവരാമനെ കുറേ തിരഞ്ഞെങ്കിലും കണ്ടില്ല്ല.
നാട്ടുവെളിച്ചത്തില്‍ കനാലിന്റെ അരികിലൂടെ വീട്ടിലേക്കുള്ള കുറുക്കുവഴിയിലൂടെ നടക്കുമ്പോള്‍ ബിജു കയ്യില്‍ ഞെക്കി. നോക്കിയപ്പോള്‍ അവന് ശബ്ദം കുറച്ചു പറഞ്ഞു.
" ആ പാടവരമ്പ് നേരെ ചെല്ലണത് രാജിയുടേ വിട്ടിലേക്കാ. നമുക്ക് വെറുതെ ഒളിഞ്ഞ് നോക്കാം. ആരെങ്കിലും അവിടെ കാണും".
എന്റെ നെഞ്ചൊന്നു പിടഞ്ഞു. ബിജുവിന്റെ ധൈര്യത്തില്‍ പോകമെന്നേറ്റു.
ചെറിയ വീടാണ്. മണ്ണെണ്ണ വിളക്കിന്റെ നേരിയ വെളിച്ചം കാണാം. എന്റെ നെഞ്ചിടിക്കുന്ന ശബ്ദം ചെവിക്കുള്ളില്‍ മുഴങ്ങി. തൊണ്ട വരണ്ടു. ബിജുവിന്റെ കയ്യില്‍ പിടിച്ച് വീടിന്റെ പുറകിലേക്ക് പോയി. വാഴക്കൂട്ടത്തിലെ ഇരുട്ടില്‍ നിന്ന് ആരെങ്കിലും ചാടി വീഴുമെന്ന് ഞാന്‍ ഭയന്നു.
ജനലിന്റെ വിടവിലൂടെ ബിജു ആദ്യം നോക്കി. കുറച്ചു കഴിഞ്ഞ് തലപിന്‍വലിച്ച് എന്റെ മുഖത്തേക്ക് അവന് കുറച്ച് നേരം നോക്കി. മങ്ങിയ വെളിച്ചവും ഇരുട്ടും കൂടിക്കലര്‍ന്ന് അവന്റെ മുഖത്തിന്റെ ഭാവം മനസ്സിലായില്ല.
മടിച്ച് മടിച്ച് ഞാന്‍ നോക്കുമ്പോള്‍ കാണുന്നത് രാജി കട്ടിലിലിരിക്കുന്നതാണ്. മങ്ങിയ വെളിച്ചത്തില്‍ രാജി കൂടുതല്‍ സുന്ദരി ആയിരിക്കുന്നു. രാജിയുടെ കണ്ണുനിറഞ്ഞൊഴുകുന്നുണ്ട്. ആരോ രാജിയുടെ മടിയില്‍തല വച്ച് നിര്‍ത്താതെ ഏങ്ങലടിക്കുന്നു. ആ കാഴ്ച കണ്ട് എനിക്കെന്തോ വളരെ സങ്കടം വന്നു. ഒരു ആണ് ഇങ്ങനെ കരയുന്നത് എന്തിനെന്നോര്‍ത്ത് വിഷമിച്ച് ഞാന്‍ വീണ്ടും നോക്കുമ്പോള്‍ രാജിയുടെ മടിയില്‍ കിടന്ന് കരയുന്നത് ശിവരാമനാണ്. ഞെട്ടലും അത്ഭുതവും കൊണ്ട് മരവിച്ച് നില്ക്കുമ്പോള് ബിജു പോകാമെന്ന് കയ്യില്‍ ഞെക്കി.
വീട്ടില്‍ എത്തുന്നതുവരെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. വീട്ടിലെത്തിയിട്ട് ബിജു അവന്റെ വീട്ടിലേക്ക് പോയി. അവന്റെ കണ്ണുകളും നനഞ്ഞിരുന്നു.
ഉറക്കത്തില്‍ കിലുക്കിക്കുത്തിന്റെ പല കള്ളികളിലൂടെ ഞാന്‍ മറിഞ്ഞു മറിഞ്ഞുകൊണ്ടിരുന്നു. ശിവരാമനും രാജിയും ഉറക്കെച്ചിരിച്ച് ക്ലാവരായും ഡൈമണായും, ആഡുതനായും, ഇസ്പേഡായും കട്ടകളിലൂടെ കറങ്ങി. ആഡുതന്‍ റാണിയായി രാജി വന്ന് വയറ് കാട്ടണെ എന്ന് പറഞ്ഞ് ചിരിച്ച് ബിജു കട്ടകള്‍ കറക്കി. രാജാവായും ഗുലാനായും ശിവരാമന് വടവുകോട് കാളച്ചന്തയിലെ കൂറ്റന്‍ പാലമരച്ചുവട്ടിലെ അയിനിച്ചിറ ജോണിയുടെ കിലുക്കിക്കുത്തുപടത്തില്‍ കാളകളുടെ അമറലിനൊപ്പം കട്ടകളിലൂടെ മറിഞ്ഞു. നീയെന്താ ശിവരാമാ കരയുന്നതെന്ന് അഛന് ചോദിക്കുന്നത് കേട്ടു.
അമ്മ വിളിക്കുന്നത് കേട്ട് പുളിച്ചകണ്ണുകള്‍ തുറക്കുമ്പോള്‍ ഉച്ചയായിരുന്നു.
അമ്മയുടെ കണ്ണുകള്‍ കലങ്ങിരുന്നു. " മോനേ ശിവരാമന് പോയടാ". അമ്മ ഗദ്ഗദപ്പെട്ടു. " അവനും ആ രാജിയും ഇന്നലെ രാത്രി വെഷം കുടിച്ച് മരിച്ച്". അമ്മ ഏങ്ങലടിക്കുന്നു.
അന്ന് നിറഞ്ഞ കണ്ണുകളുമായി ഇരുട്ടിലൂടെ ഞാനും ബിജുവും നടന്നുപോയ ആ വഴി ഇന്നില്ല. പിന്നീടൊരിക്കലും ഞാന്‍ ഭരണിയുത്സവത്തിന് പോയിട്ടില്ല.
Subscribe to:
Post Comments (Atom)
22 comments:
ഗ്രാമീണ മുഖങ്ങള്‍ ധാരാളം ഇതിനുമുന്‍പും കണ്ടിട്ടുണ്ട്. അനുഭവത്തിലും, അനുഭവത്തില്നിന്നിറങ്ങിവന്ന പല കഥകളിലും രണ്ടിലും. എങ്കിലും ഇതിലെ ശിവരാമന് നല്ല മിഴിവ്.
ഓഫീസ്, പ്രവാസ ജീവിതത്തിനിടയില്‍ കണ്ടുമുട്ടുന്ന ‘സുരലോകസുന്ദരി’കളുമായിട്ടുള്ള തന്റെ ഹൃദയബന്ധത്തിന്റെ ‘കദന’കഥകള്‍ മാത്രം പടച്ചുവിടുന്ന ബൂലോഗ പൈങ്കിളി കഥാകാരന്മാരില്‍നിന്ന് വേറിട്ടുനില്‍ക്കുന്നുണ്ട് താങ്കളുടെ കഥകള്‍.
കണ്ടു പഴകിയ കഥാപാത്രങ്ങളേ, തേഞ്ഞു പോയ വാക്കുകളോ ഉപയോഗിക്കാതെ നല്ലൊരു കഥ. വളരെ നന്നായിട്ടുണ്ട്.
ഇന്നലെ ആമക്കാവിലെ പൂരമായിരുന്നു. പോവാനൊക്കാത്തതിന്റെ സങ്കടം.. ഇപ്പൊഴും അവിടെ കിലുക്കിക്കുത്ത് ഉണ്ടോ ആവോ..
ഈ കഥയെന്നെ ആ പൂരപ്പറമ്പില്‍ എത്തിച്ചു
എനിക്കീ കഥ വളരെ ഇഷ്ടമായി മാഷേ.
മങ്ങിയ വെളിച്ചത്തിലും മിഴിവാര്‍ന്ന ചിത്രങ്ങള്‍.
ഗംഭീരമായി. ചില ജന്മങ്ങള് ജീവിതത്തിലേക്ക് തിരിയെ വരണത് ഇങ്ങനെയാണ്. എന്തു പറയണമെന്നറിയില്ല :(
ഭാഷക്കും നല്ല ഒഴുക്കും ഒതുക്കവും. ‘തെളിയാന്‍ പല മുഖങ്ങള്‍ ഉണ്ടായിരുന്നു അന്നൊക്കെ.’ ഈ വാക്യത്തില്‍ മാത്രം കാലുതട്ടി കഥയിലൂടെ നടക്കുമ്പോള്‍.
ഈ ജാലകക്കാഴ്ച്ചയ്ക്കും ന്നല്ല മിഴിവ്. വളരെ ഇഷ്ടപ്പെട്ടു.
കഥ വായിക്കുമ്പോള്‍ എന്റെ മനസില്‍ മുഴുവന്‍ അടൂരിന്റെ കൊടിയേറ്റവും ഭരതന്റെ രതി നിര്വേദവുമായിരുന്നു.കഥാപാത്രങ്ങള്‍ക്ക് അതേ രൂപഭാവങ്ങള്‍. പക്ഷേ കഥ അവസാനം എന്നെ എന്തോ ഒരു നൊമ്പരത്തിലേക്ക് കുടഞ്ഞെറിഞ്ഞുകളഞ്ഞു.നല്ല കഥ.അഭിനന്ദനങ്ങള്‍
ഭാവതീവ്രമായി കഥ പറഞ്ഞിരിക്കുന്നു. ശിവരാമന് ഒരു നൊമ്പരമായി മനസ്സില്‍ കടന്നു.
മിഴിവേറിയ കഥാപാത്രങ്ങള്‍
വളരെ നന്നായിരിക്കുന്നു
:)
vade...its good
ഇപ്പോഴും 15 കാരന്റെ മനസ്സാണല്ലോ മാഷേ..
നന്നായിയിട്ടുണ്ട്
വളരെ ഇഷ്ടപ്പെട്ടു. ഒതുക്കിപ്പറഞ്ഞ നല്ല കഥ. വായിച്ചപ്പോള്‍ ഒരുപാട് മുഖങ്ങള്‍ എന്റെ മനസ്സിലും.കഥ പാത്രങ്ങളെ സൂചനകളിലൂടെ നന്നായി പരിചയപ്പെടുത്തുന്ന ആഖ്യാന ശൈലി.
കൊള്ളാം വടവോ
നല്ലൊരു കഥ. വളരെ ഇഷ്ടപ്പെട്ടു മാഷേ.
:)
കിലുക്കികുത്ത് നന്ന്.. ഇത്തിരി നൊമ്പരപ്പെടുത്തിയെങ്കിലും, എന്തൊക്കെയൊ ചില ഓര്‍മ്മകള്‍ റികലക്ട് ചെയ്യാന്‍ ഉപകരിച്ചു..
ആശംസകള്‍
എത്ര നന്നായി എഴുതിയിരിക്കുന്നു.. രാജിയും ശിവരാമനും കുലുക്കികുത്തുപടത്തിലെ കട്ടകളിലൂടെ ഉറക്കെ ചിരിച്ചു കറങ്ങുന്ന വിവരണം എന്തു നല്ല എഴുത്ത്.. നല്ല കഥ..
നല്ല കഥ! അവസാനിപ്പിച്ച രീതി അസ്സലായി. മിതം. തീവ്രം. തുടക്കത്തില്‍ പക്ഷെ വിവരണങ്ങള്‍ കഥയുടെ ചൂടിനു ചേര്‍ന്നതായോ?
കഥ ഇഷ്ടായി. ഒരു കാലത്തിലേക്ക്, ചില കഥാപാത്രങ്ങളിലേക്ക്, ശിവരാമന്റേയും രാജിയുടേയും കഥയിലേക്ക് ഇറങ്ങിനടക്കട്ടെ.
ഇപ്പോഴാണ് ഇതു കണ്ടത്. പരിചയമുള്ള മുഖങ്ങള്‍ തന്നെ. വളരെ ഇഷ്ടപ്പെട്ടു. :-)
രാജീവ്,കണ്ണൂരാന്‍, ഇട്ടിമാളു, രജീഷ്, ഗുപ്തന്,സിമി, സനാതനന്, വാല്മീകി, പ്രിയ, കാപ്പിലാന്, ഹരോള്‍ഡ്,ശ്രീ, ഹരിത്, പുടയൂര്‍, ആനി, sree, കിനാവ്, ശ്രീവല്ലഭന് - ഒരുപാട് നന്ദി. കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.
നല്ല കഥ...ഇപ്പോഴാണ് ഇതു ഞാന്‍ കണ്ടത് ...നല്ല ഭാഷയും...ശൈലിയും....എവിടെയോ കണ്ടു മറന്ന കഥാപാത്രങ്ങള്‍....
അസ്സലായിട്ടുണ്ട്...
നന്നായിരിക്കുന്നു. മുന്‍പ് പറഞ്ഞവര്‍ പറഞ്ഞതുപോലെത്തന്നെ.
വേറെ പോലെ ഒരു കഥ.
Post a Comment