Wednesday, October 15, 2008

ഗ്രാമത്തില്‍ നിന്നും ഒരാള്‍

ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്തിയപ്പോഴെ മധുവിന്‌ തനിക്കിറങ്ങേണ്ട സ്ഥലമായെന്ന്‌ മനസ്സിലായുള്ളു. അതുകൊണ്ട്‌ സ്റ്റോപ്പില്‍ നിര്‍ത്തി വീണ്ടും ഓടാന്‍ തുടങ്ങിയ ബസില്‍ നിന്നും മധു ചാടിയിറങ്ങുകയായിരുന്നു.

അതിരാവിലെ നാട്ടിലെ കവലയില്‍ നിന്നാണ്‌ അയാള്‍ ബസില്‍ കയറിയത്‌. ഉടനെ ഉറങ്ങിപ്പോവുകയും ചെയ്തു നഗരക്കാഴ്ചകള്‍ കണ്ടുതുടങ്ങുമ്പോള്‍ മുതല്‍ വഴിയരികില്‍ സൂക്ഷിച്ച്‌ നോക്കിയിരുന്നതാണ്‌. എന്നിട്ടും ഇറങ്ങേണ്ട സ്ഥലം മനസ്സിലാക്കാന്‍ വൈകി. കണ്ടക്ടറോട്‌ കയറിയപ്പോഴേ പറഞ്ഞു വച്ചതാണ്‌. അയാള്‍ മറന്നിട്ടുണ്ടാവണം.

നഗരത്തിലെ പ്രശസ്തമായ കോളേജിനടുത്ത ബസ്‌ സ്റ്റോപ്പായിരുന്നു അത്‌. കോളേജിന്റെ പേരിലായിരുന്നു ബസ്‌ സ്റ്റോപ്പ്‌ അറിയപ്പെട്ടത്‌. വളരെ തിരക്കേറിയ ആ റോഡരികില്‍ നിന്ന് എവിടെയാണ്‌ തനിക്ക്‌ പോകേണ്ട സ്ഥലം എന്ന് അറിയാന്‍ മധു ചുറ്റും നോക്കി. നഗരം പലവിധ ശബ്ദങ്ങളായി അയാളെ പൊതിഞ്ഞു. ശക്തമായ ചൂടുകാറ്റ്‌ വാഹനങ്ങളുണ്ടാക്കിയ പുകയുമായി കലര്‍ന്ന് മധുവിന്റെ മുഖത്തടിച്ചു. അയാള്‍ക്ക്‌ ശ്വാസം മുട്ടി.

ബസ്‌ സ്റ്റോപ്പ്‌ നിറയെ കോളേജ്‌ വിദ്യാര്‍ഥികളായിരുന്നു. അതിലൊരാളോട്‌ തന്റെ കൈയിലുള്ള മേല്‍വിലാസമെഴുതിയ കടലാസ്‌ കഷണം കാണിച്ചിട്ട്‌ ഏത്‌ ദിശയിലേക്കാണ്‌ പോകേണ്ടതെന്ന് മധു ചോദിച്ചു. മീശ പ്രത്യേകരീതിയില്‍ മുഖത്ത്‌ ഷേവ്‌ ചെയ്ത വച്ച കൗമാരം വിടാത്ത ഒരു ചെറുപ്പക്കാരനായിരുന്നു അവന്‍. മുഖമുയര്‍ത്തി മധുവിന്റെ വെയിലേറ്റ്‌ കരുവാളിച്ച കുറ്റിത്താടിയുള്ള മുഖത്തേക്കും ശാന്തമായ കണ്ണുകളിലേക്കും ചെമ്മണ്ണു പുരണ്ട റബ്ബര്‍ ചെരിപ്പിട്ട കാലുകളിലേക്കുമെല്ലാം അവന്‍ നോക്കി. നഗരത്തിലെ വഴികളില്‍ കാണാറുള്ള അപരിചിതമായ ചുറ്റുപാടുകളില്‍ പകച്ചു നില്‍ക്കാറുള്ള ഒരു തനി നാട്ടിന്‍പുറത്തുകാരന്‍. വലതുവശത്തേക്ക്‌ കൈ ചൂണ്ടി അവന്‍ പറഞ്ഞു. " ഇതിലെ നേരെ പോകുമ്പോള്‍ പാലസ്‌ റോഡ്‌ എന്നെഴുതിയ ബോര്‍ഡ്‌ കാണാം. ആ റോഡില്‍ രണ്ടുവശത്തും വീടുകളാണ്‌. ഈ നമ്പര്‍ എഴുതിയ ഗേറ്റുണ്ടാവും".

പാലസ്‌ റോഡ്‌ കണ്ടുപിടിക്കാന്‍ മധുവിന്‌ പ്രയാസമുണ്ടായില്ല. തന്റെ കൈയിലുള്ള നമ്പറെഴുതിയ ഗേറ്റ്‌ കണ്ടുപിടിക്കാന്‍ രണ്ടുതവണ ആ റോഡ്‌ മുഴുവന്‍ നടക്കേണ്ടി വന്നു. ആ നമ്പറെഴുതിയ ഗേറ്റ്‌ ഒരു അപ്പ്പ്പാര്‍ട്‌മെന്റിന്റെ മുന്നിലായിരുന്നു. ഒരു വീട്‌ തേടിയാണ്‌ മധു വന്നത്‌. മേല്‍വിലാസം മാറിയതാണോ എന്ന് സംശയിച്ച്‌ ഇനി എന്തുചെയ്യണമെന്ന് അറിയാതെ കുറേ നേരം ഗേറ്റിനുമുന്‍പില്‍ മധു വെറുതേ നിന്നു.

ഒരാള്‍ കുറേനേരമായി ഗേറ്റിനുമുന്‍പില്‍ നില്‍ക്കുന്നത്‌ കണ്ടാണ്‌ സെക്യൂരിറ്റിക്കാരന്‍ ഗേറ്റ്‌ തുറന്നത്‌. " താനെന്താ കുറേ നേരമായല്ലോ ഇവിടെ നില്‍ക്കുന്നത്‌. എന്തുവേണം. സെക്യൂരിറ്റി കര്‍ശനമായ സ്വരത്തില്‍ ചോദിച്ചു. പെട്ടെന്ന് ഒന്നും പറയാന്‍ പറ്റാതെ മധു പരിഭ്രമിച്ചു. കൈയിലുള്ള മേല്‍വിലാസം കാണിച്ച്‌ പറഞ്ഞു. " ഞാന്‍ അശ്വതി ടീച്ചറുടെ വീട്‌ അന്വേഷിച്ച്‌ വന്നതാണ്‌. ആ വീട്‌ എവിടെയെന്ന് അറിയാതെ...". സെക്യൂരിറ്റി മേല്‍വിലാസം നോക്കി. ' അഡ്രസ്‌ ഇതു തന്നെയാണ്‌. പക്ഷെ വീട്‌.." പകുതി നിര്‍ത്തി അയാള്‍ അകത്തേക്ക്‌ പോയി. അയാള്‍ വരുന്നതും കാത്ത്‌ മധു പിന്നെയും നഗരത്തിലെ പൊള്ളുന്ന വെയിലില്‍ നിന്നു. വെയിലൊന്നും അയാള്‍ക്ക്‌ പ്രശ്നമായിരുന്നില്ല.

" വീട്‌ ഇവിടെയായിരുന്നു. അത്‌ പൊളിച്ച്‌ ഫ്ലാറ്റുകള്‍ പണിതു. ആ വീട്ടിലെ ആള്‍ക്കാര്‍ ഏഴാം നിലയില്‍ താമസിക്കുന്നുണ്ട്‌. 701-ാ‍ം നമ്പര്‍ ഫ്ലാറ്റ്‌.". സെകൂരിറ്റി തിരിച്ചു വന്ന് പറഞ്ഞു. " ലിഫ്റ്റില്‍ പൊക്കോളൂ" ഒരു ബുക്കില്‍ മധു പേരെഴുതുമ്പോള്‍ മധുവിനെ അടിമുടി നോക്കി സെക്യൂരിറ്റി പറഞ്ഞു.

ലിഫ്റ്റില്‍ ഇതുവരെ കയറിട്ടില്ലാത്തതുകൊണ്ട്‌ ഏഴാം നിലയിലേക്ക്‌ മധു പടികള്‍ കയറി. പാടത്തും പറമ്പിലും പണിയുനതുകൊണ്ട്‌ അനായാസം പടികള്‍ കയറി 701-ാ‍ം നമ്പര്‍ ഫ്ലാറ്റിനു മുന്നിലെത്തി മധു നിന്നു.

കോളിംഗ്‌ ബെല്‍ അമര്‍ത്തിയപ്പോള്‍ അകത്ത്‌ ഏതോ സംഗീതം ഉയര്‍ന്നു. കുറേ നേരം ആരും വന്നില്ല. വീണ്ടും ബെല്ലമര്‍ത്തണോ എന്നാലോചിച്ച്‌ മധു കൈ ഉയര്‍ത്തിയപ്പോഴേക്കും വാതില്‍ തുറന്നു. ജീന്‍സും കൈയില്ലാത്ത കറുത്ത ടോപ്പ്പ്പും ധരിച്ച മുടി തോളറ്റം വരെ മുറിച്ച മെലിഞ്ഞു സുന്ദരിയായ ഒരു യുവതിയായിരുന്നു വാതില്‍ തുറന്നത്‌. മധുവിന്റെ ഗ്രാമീണമായ വേഷവും മട്ടും കണ്ട്‌ എന്താ എന്നര്‍ഥം വരുന്ന രീതിയില്‍ അവള്‍ പുരികമുയര്‍ത്തി.

" ഞാന്‍ അശ്വതി ടീച്ചറിനെ കാണാന്‍...." മധു പറഞ്ഞപ്പോഴേ അവളുടെ മുഖം അത്ഭുതം കൊണ്ട്‌ വിടര്‍ന്നു. "വരൂ വരൂ ' എന്ന് പറഞ്ഞ്‌ വാതില്‍ തുറന്ന് അവള്‍ മധുവിനെ അകത്തേക്ക്‌ ക്ഷണിച്ചു.

"എനിക്ക്‌ കുടിക്കാനിത്തിരി വെള്ളം തരാമോ" വെയിലില്‍ നിന്ന്‌ മങ്ങിയ വെളിച്ചമുള്ള മുറിയില്‍ കയറിയപ്പോള്‍ മധു പറഞ്ഞു. ഒരു യാചന പോലെയുള്ള ആ ചോദ്യം കേട്ട്‌ അവളുടെ ഉള്ള്‌ പെട്ടെന്ന് പിടഞ്ഞു. അവള്‍ പോലുമറിയാതെ തൊണ്ടയില്‍ ഉയര്‍ന്ന ഒരു തേങ്ങല്‍ അടക്കി അവള്‍ വെള്ളമെടുക്കാന്‍ തിടുക്കപ്പെട്ടു.

വാതിലു കടന്ന് കയറിയിടത്തു തന്നെ നില്‍ക്കുകയായിരുന്നു മധു. മുഖമുയര്‍ത്തി ചുണ്ടുകള്‍ തൊടാതെ മധു വെള്ളം കുടിക്കുന്നത്‌ അവള്‍ കൗതുകത്തോടെ നോക്കി. ഇനി വേണോ എന്ന അവളുടെ ചോദ്യത്തിനെ കയ്യുര്‍ത്തി വേണ്ട എന്ന് കാണിച്ച്‌ മധു പെട്ടെന്ന് പറഞ്ഞു തുടങ്ങി. താന്‍ മാലതി ടീച്ചറുടെ മകനാണെന്നും അമ്മ മരിക്കാറായി കിടക്കുകയാണെന്നും അമ്മയേയും തന്നേയും ഉപേക്ഷിച്ച്‌ തന്റെ അഛന്‍ അശ്വതി ടീച്ചറെയാണ്‌ പിന്നീട്‌ കല്യാണം കഴിച്ചതെന്ന് അമ്മ പറഞ്ഞെന്നും അമ്മക്ക്‌ അശ്വതി ടീച്ചറോട്‌ ദേഷ്യമില്ലെന്നും അമ്മയ്ക്ക്‌ കാണാന്‍ അശ്വതി ടീച്ചറെ വിളിക്കാന്‍ വന്നതാണെന്നുമെല്ലാം മധു പറഞ്ഞുകൊണ്ടേ ഇരുന്നു.

പെട്ടെന്ന് എന്റെ അമ്മേ എന്റെ അമ്മേ അലറിക്കരഞ്ഞുകൊണ്ട്‌ അവള്‍ മധുവിനെ കെട്ടിപ്പിടിച്ചു. ഇപ്പോഴെങ്കിലും എന്റെ അമ്മയെക്കാണാന്‍ വന്നല്ലോ എന്റെ അമ്മ പോയല്ലോ എന്ന് പറഞ്ഞ്‌ അവള്‍ ഏങ്ങലടിച്ചു.

അവളുടെ കണ്ണീര്‍ വീണ്‌ തന്റെ ഷര്‍ട്ട്‌ നനയുന്നത്‌ മധുവറിഞ്ഞു.അപ്പോള്‍ ഇതുവരെ തോന്നാത്ത വാത്സല്യം മധുവില്‍ നിറഞ്ഞു. കരയരുത്‌ നീ കരയരുത്‌ എന്ന് പറഞ്ഞ്‌ മധു അവളുടെ തോളറ്റം വരെ മുറിച്ച മുടിയില്‍ തന്റെ തഴമ്പു വീണ കൈകള്‍ കൊണ്ട്‌ തഴുകി.

മധുവിന്റെ വീട്ടിലെ വാഴത്തോപ്പിലെ കാറ്റ്‌ കിളികളുടെ പാട്ടും പൂക്കളുടെ മണവും കൊണ്ട്‌ ആ മുറിയില്‍ കയറി വന്നു.

10 comments:

sree said...

Et tu, Brute? :(

Anonymous said...

ബൂലോഗകഥാകാരന്മാരും കഥാകാരികളും കൊ‌എലോ കളിക്കാന്‍ തുടങ്ങിയോ... സിമി ശ്രീ ഇപ്പോള്‍ വഡവോയും ...

നന്നായി. ഇത്തരം കഥകളിലെ മധുരം കണ്ടെടുക്കാനുണ്ടിനിയും :)

ഈ കഥ ഇന്നലെ കണ്ട് കണ്ണുനിറഞ്ഞു. http://nalacharithampathinezhambhagam.blogspot.com/2008/10/my-dear-mom.html ..

ആദ്യം നാണം തോന്നി. പിന്നെ ഒരൊട്ടു സന്തോഷവും .

നമുക്കൊരു പൌലോ കൊ‌എലോ ഫാന്‍സ് അസോസിയേഷന്‍ അഥവാ പൈങ്കിളി റീസൈക്ലിംഗ് ഏജന്‍സി തുടങ്ങിയാലോ.. ഞാന്‍ പണ്ടേ ലിസ്റ്റിലുണ്ട്.

ക്രെഡെന്‍ഷ്യത്സ് .. :))

http://snehasangamam.blogspot.com/2007/06/blog-post_15.html

http://guptham.blogspot.com/2008/02/blog-post_06.html

ബൈദവേ തിരിച്ചെത്തിയതില്‍ പെരുത്ത സന്തോഷം

simy nazareth said...

വെറുതേ മനുഷ്യനെ നോവിക്കാനായിട്ട്... ഉഗ്രന്‍ കഥ.

vadavosky said...

എന്നെ കൊല്ല്

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

nalla kathha, pakshee itu manasilaayilla - "ഇപ്പോഴെങ്കിലും എന്റെ അമ്മയെക്കാണാന്‍ വന്നല്ലോ എന്റെ അമ്മ പോയല്ലോ എന്ന് പറഞ്ഞ്‌ അവള്‍ ഏങ്ങലടിച്ചു."

ഹരിത് said...

ഇഷ്ടമായി. പക്ഷേ എവിടെയോ ഒരു ചേരുവക്കുറവു പോലെ. ഒന്നുകൂടെ വായിക്കട്ടെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പകുതിയ്ക്കുശേഷം ആകെ അരോചകമായിത്തോന്നി. എനിക്കെന്തോ ഇതിഷ്ടമായില്ലാ.

അഭിപ്രായം തെറ്റെങ്കില്‍ ക്ഷമിക്കുക

HM said...

kolaam kolaam....

ClicksandWrites said...

Greetings.

Inviting you to visit and list your blog(s) at:
www.indianbloggersnest.blogspot.com

Regards,
Ramesh Menon

Siji vyloppilly said...

:)