Monday, February 11, 2008

സൂര്യകാന്തിപോലെയുള്ള കണ്ണുകള്‍

നഗരത്തിലെ പ്രശസ്തമായ റസ്റ്ററന്റിലെ എയര്‍കണ്ടീഷന്‍ കുളിര്‍മയിലിരുന്ന് ചൈനീസ്‌ ഭക്ഷണം കഴിക്കുമ്പോള്‍ പുറത്ത്‌ നഗരം ചൂടില്‍ തിളച്ചുമറിയുന്നത്‌ നോക്കിയിരിക്കുകയായിരുന്നു രമേശന്‍. വളരെ തിരക്കുള്ള ഒരു റോഡായിരുന്നു രമേശന്റെ മുന്നില്‍ കാണപ്പെട്ടത്‌. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വില്‍ക്കുന്ന പ്രശസ്ഥമായ ഒരു കമ്പനിയിലെ ഏരിയാ മാനേജരായിരുന്നു രമേശന്‍. ആ റസ്റ്ററന്റിനടുത്തുള്ള ഒരു വലിയ ആശുപത്രിയില്‍ കൊടുത്ത ടെണ്ടറില്‍ വന്ന ചില തെറ്റുകള്‍ തിരുത്താന്‍ ആശുപത്രി ഡയറകറ്റര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ചെന്നപ്പോള്‍ ചുമതലയുള്ള ഡോക്ടര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ ആണെന്നറിഞ്ഞ്‌ കാത്തിരിക്കാന്‍ വേണ്ടിയാണ്‌ ഈ റസ്റ്ററന്റില്‍ കയറിയത്‌.

റോഡിലൂടെ നഗരം തിരക്കിലും ചൂടിലും പെട്ട്‌ ഒഴുകി.ഈയിടെ വന്നതുകൊണ്ട്‌ രമേശന്‌ അധികം പരിചയക്കാര്‍ നഗരത്തിലുണ്ടായിരുന്നില്ല. അല്ലെങ്കില്‍ തന്നെ അധികം പരിചയക്കാരെ ഉണ്ടാക്കുന്ന പ്രക്രതമായിരുന്നില്ല അയാളുടേത്‌. ഒഴുക്കില്‍പെട്ട ഉരുളന്‍ കല്ലുപോലെ പല നഗരങ്ങളില്‍ പല സ്ഥാപനങ്ങളില്‍ ജോലി ചെയ്ത്‌ വൈകി വിവാഹം ചെയ്ത്‌ ഒരുതരം മുരടന്‍ സ്വഭാവം രമേശനു കിട്ടിയിരുന്നു. തന്റെ ചുറ്റുമുള്ള ലോകത്തു മാത്രം ജീവിക്കുന്ന ഒരു നഗര ജീവി.

പഠിച്ചിരുന്ന കാലത്ത്‌ കോളേജിലെ ഏറ്റവും വലിയ സൗഹ്രദവലയം രമേശന്റേതായിരുന്നു. എല്ലാ തരത്തിലും പെട്ട ആളുകളുമായും കൂട്ടുകെട്ടുണ്ടാക്കുന്ന അപൂര്‍വമായ ഒരു കഴിവ്‌. പിന്നെ ജീവിതത്തിന്റെ കുത്തൊഴുക്കില്‍ എല്ലാം പോയി.

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ നടന്നുകൊണ്ട്‌ റോഡ്‌ മുറിച്ചു കടന്ന് റസ്റ്ററന്റിനു നേരെ വരുന്ന ആളെ എവിടെയോ കണ്ട പരിചയം രമേശനു തോന്നി. ഏതാണ്ട്‌ രമേശന്റെ പ്രായം അയാള്‍ക്കുണ്ടായിരുന്നു.ഒരു കോര്‍പൊറേറ്റ്‌ എക്സിക്യൂട്ടീവിന്റെ എല്ലാ ലക്ഷണങ്ങളുമുള്ള അയാള്‍ വളരെ വിവശനായി ആകുലതകളോടെ ആരോടോ സംസാരിക്കുകയായിരുന്നു. അയാളെ എവിടെയൊ കണ്ട ഓര്‍മ രമേശനെ കുഴക്കി. എവിടെയാണെന്നറിയാന്‍ ഓര്‍മയുടെ ഒരോ വാതിലിലും രമേശന്‍ ഇടിച്ചു.ഒന്നും തുറന്നില്ല. അതങ്ങനെയാണ്‌. ചില ആളുകളെ നമ്മള്‍ കണ്ടാല്‍ ഇതുപോലെ കുഴങ്ങുന്നു. പേരെന്തെന്നോ ആളാരാണെന്നോ ഓര്‍ക്കാന്‍ കഴിയാതെ നല്ല പരിചയം എന്ന് മാത്രം ഓര്‍ത്ത്‌ കുഴങ്ങി പിന്നീട്‌ കുറേ നാള്‍ കഴിഞ്ഞ്‌ വെറുതെയിരിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ പെട്ടെന്ന് ഓര്‍മയുടെ വാതിലുകള്‍ തുറക്കുന്നു.

റസ്റ്ററന്റില്‍ കയറി വന്നപ്പോഴെ മൊബൈല്‍ ഫോണീലൂടെയുള്ള അയാളുടെ സംഭാഷണം നിലച്ചിരുന്നു.ഒരു മേശക്കരികില്‍ ഇരുന്ന് പലതവണ അയാള്‍ മൊബൈലില്‍ നംബറുകള്‍ ഞെക്കി നോക്കുന്നുണ്ടായിരുന്നു. വളരെ വ്യക്തമായ ഒരു നിരാശ അയാളുടെ മുഖത്തുണ്ടായി. ചുറ്റിലുമുള്ള മേശകളിലേക്ക്‌ അയാള്‍ വിഷണ്ണനായി നോക്കി.

ഉച്ച കഴിഞ്ഞിരുന്നതുകൊണ്ട്‌ റസ്റ്ററന്റില്‍ അധികം ആളുണ്ടായിരുന്നില്ല. ഒരു മേശക്കുചുറ്റും നാലഞ്ച്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ വളരെ ഗൗരവമായ എന്തോ കാര്യം ചര്‍ച്ച ചെയ്ത്‌ ഇടക്കിടെ തര്‍ക്കങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു. പിന്നെ വളരെ മൂകമായിരുന്ന് ഭക്ഷണം, കഴിക്കുന്ന രണ്ടു കമിതാക്കളും ഒരു മേശക്കരുകില്‍ ഒറ്റപ്പെട്ട്‌ രമേശനും.

അയാളുടെ കറങ്ങി നടന്ന കണ്ണുകള്‍ രമേശനില്‍ വന്ന് നിന്നു. അയാള്‍ക്ക്‌ രമേശനെ പരിചയമുള്ളതുപോലെ തോന്നിയില്ല്ല. അതുകൊണ്ടുതന്നെ തനിക്കയാളെ പരിചയമുണ്ടെന്നു തോന്നിയത്‌ വെറുതെയാണേന്ന് രമേശന്‌ തോന്നി. പെട്ടെന്ന് അയാള്‍ എഴുന്നേറ്റ്‌ രമേശന്റെ അടുത്തേക്ക്‌ വന്നിട്ട്‌ പറഞ്ഞു. "ക്ഷമിക്കണം. താങ്കളുടെ മൊബൈല്‍ ഫോണ്‍ ഒന്നു തരുമോ. എന്റേതിന്റെ ചാര്‍ജ്‌ തീര്‍ന്നു". വളരെ വിവശനായിരുന്നെങ്കിലും ഒരു കോര്‍പൊറേറ്റ്‌ എക്സിക്യൂട്ടീവ്‌ പെരുമാറേണ്ടിയിരുന്ന പോലെ തന്നെയാണ്‌ അയാള്‍ സംസാരിച്ചത്‌. രമേശനത്‌ ഇഷ്ടപ്പെട്ടു. ഉടനെ തന്നെ തന്റെ മൊബൈല്‍ കൊടുക്കുകയും ചെയ്തു.

രമേശന്റെ മേശക്കരുകില്‍ നിന്ന് അയാള്‍ ഫോണ്‍ ഡയല്‍ ചെയ്ത്‌ ആരോടോ സംസാരിച്ചു. അയാളുടെ ഭാര്യ ആശുപത്രിയിലാണെന്നും ഒരു നെഗറ്റീവ്‌ ഗൂപ്പിലുള്ള രക്തം ആവശ്യമുണ്ടെന്നും അന്വേഷിച്ചിട്ട്‌ കിട്ടാനില്ലെന്നും കൂടെ ഇപ്പോള്‍ ആരുമില്ലെന്നും വീട്ടുകാരൊക്കെ നളെയേ എത്തുകയുള്ളുമെന്നും രമേശനു മനസിലായി. ഫോണില്‍ അയാള്‍ ശേഖരേട്ടന്‍ എന്ന ആളോട്‌ എത്രയും പെട്ടെന്ന് വരാനും പറഞ്ഞു.വേറൊരു ഫോണില്‍ നിന്നാണ്‌ വിളിക്കുന്നത്‌ തന്റെ ഫോണില്‍ ചാര്‍ജ്‌ തീര്‍ന്നു എന്ന് പെട്ടെന്ന് പറഞ്ഞ്‌ തീര്‍ത്ത്‌ അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു. എന്ത്‌ മറുപടി കിട്ടി എന്ന് ആളുടെ മുഖത്തു നിന്നും രമേശനു മനസ്സിലായില്ല.

ഫോണ്‍ തിരിച്ചു നല്‍കി നന്ദി പറഞ്ഞ്‌ അയാള്‍ തിരികെ തന്റെ കസേരയില്‍ പോയിരുന്നു. അയാളുടെ വിവശതയുടെ കാരണം രമേശനു മനസ്സിലായി. നഗരത്തില്‍ ഒറ്റക്ക്‌ സഹായത്തിനാരുമില്ലാത്ത അയാളെക്കുറിച്ച്‌ സഹതാപം തോന്നി രമേശന്‍ പെട്ടെന്ന് തന്റെ രക്തഗ്രൂപ്പ്‌ അയാള്‍ പറഞ്ഞതാണല്ലോ എന്ന് ഓര്‍ത്തു. ഒരു പരിചയവുമില്ലാത്ത ആളെ സഹായിക്കാന്‍ പോയാല്‍ തന്റെ പണി നടക്കില്ല അയാളെ ശേഖരേട്ടന്‍ സഹായിക്കാനെത്തും എന്നോര്‍ത്ത്‌ രമേശന്‍ ബില്ല് കൊടുത്ത്‌ നഗരത്തിന്റെ ചൂടിലേക്കിറങ്ങി.


ആശുപത്രിയില്‍ ഡയാക്ടറുടെ മുറിക്കുമുന്‍പില്‍ കാത്തിരിക്കുമ്പോള്‍ രമേശന്‌ പെട്ടെന്ന് സുനിലിനെക്കുറിച്ചോര്‍മ വന്നു.കോളേജ്‌ ഹോസ്റ്റലിന്റെ ഇടനാഴിയില്‍ ഉറക്കെ അലറുകയായിരുന്നു സുനില്‍. " കള്ളുകുടിയന്മാരെല്ലാം എന്റെ മുറിയിലേക്ക്‌ വരിനെടാ. രമേശന്റെ രക്തം നമ്മള്‍ വീഞ്ഞാക്കി". കൂട്ടുകാരെല്ലാം രമേശനെ എടുത്തുപൊക്കി ചിരിച്ചാര്‍ത്തു. കോളേജിലെ രക്തദാന ഗ്രൂപ്പിന്റെ ചുമതല സുനിലിനായിരുന്നു. കോമണ്‍ഗ്രൂപ്പായതുകൊണ്ട്‌ പത്തിലേറെ പ്രാവശ്യം അവന്‍ രക്തദാനം നടത്തിയിരുന്നു.ജനറലാശുപത്രിയുടെ അടുത്തുതന്നെ കോളേജായിരുന്നതുകൊണ്ട്‌ എപ്പോഴും സുനിലിന്‌ തിരക്കായിരുന്നു. പാവപ്പെട്ടവര്‍ക്ക്‌ മുന്‍ഗണന. പണക്കാര്‍ വരുമ്പോള്‍ ചോദിക്കും പേഷ്യന്റിന്റെ ആരൊക്കെ രക്തം കൊടുത്തു. ഇല്ലെന്നു പറഞ്ഞാല്‍ അലറും ." നിനക്കൊക്കെ ബ്ലഡ്‌ തരാന്‍ കോളേജ്‌ പിള്ളേക്ക്‌ മനസ്സില്ല". അപൂര്‍വ ഗ്രൂപ്പായതുകൊണ്ട്‌ രമേശനേയും കൊണ്ട്‌ ഐ.എം.എ യില്‍ പോയി മടങ്ങുമ്പോള്‍ സുനില്‍ പറഞ്ഞു. " എടാ അയാളുടെ വയസ്സായ അമ്മയ്കാ ബ്ലഡ്‌ വേണ്ടത്‌. നല്ല കാശുകാരനാ. ഞാന്‍ പറഞ്ഞു നീ നക്സലൈറ്റാണെന്ന്. അയാള്‌ പേടിച്ചു പോയി." അവന്‍ ചിരിച്ചു. " ബ്ലഡ്‌ കൊടുക്കുന്നവന്റെ കൂട്ടുകാര്‍ക്കൊക്കെ ചെലവു ചെയ്യണമെന്നു പറഞ്ഞപ്പോള്‍ ഉടനെ തന്നു കാശ്‌" രമേശന്‍ അവനെ പുളിച്ച തെറി പറഞ്ഞു.

ആശുപത്രിക്കിടക്കയില്‍ സുനിലിനെ കാണുമ്പോള്‍ മഞ്ഞസൂര്യകാന്തിക്കണ്ണുകളായിരുന്നു അവന്‌.രമേശനെക്കണ്ട്‌
സുനില്‍ ചിരിച്ചു. ദുര്‍ബലമായ കൈയെടുത്ത്‌ രമേശന്റെ കൈയില്‍ ഞെക്കി. അവന്റെ വിരലിന്റെ അറ്റം പോലും മഞ്ഞച്ചിരുന്നു.

ടെണ്ടറിലെ തിരുത്തുകള്‍ നടത്തി രാത്രി വൈകി രമേശന്‍ വീട്ടില്‍ വന്നപ്പോള്‍ ഗായത്രി പറഞ്ഞു. " അറിഞ്ഞോ നമ്മുടേ ഓപ്പോസിറ്റ്‌ ഫ്ലാറ്റിലെ ആ പെണ്‍കുട്ടി ഹോസ്പിറ്റലില്‍ ആണ്‌. കൂടെ വേറെയാരും ഇല്ല. ഹസ്ബന്റ്‌ ബ്ലഡ്‌ അന്വേഷിച്ചിട്ട്‌ കിട്ടാത്തുകൊണ്ട്‌ ഓപ്പറേഷന്‍ നടന്നില്ല എന്ന് സര്‍വന്റ്‌ പറഞ്ഞു".
പെട്ടെന്ന് രമേശന്റെ ഓര്‍മയുടെ ചില വാതിലുകള്‍ തുറന്നു.രമേശന്‍ ഭാര്യയോട്‌ പറഞ്ഞു. : ഞാന്‍ പുറത്തേക്കു പോകുന്നു. വരാന്‍ ചിലപ്പോള്‍ വൈകും'. ഗായത്രി അമ്പരന്നു ചോദിച്ചു . ' എന്തിന്‌ ഈ രാത്രിയില്‍'. രമേശന്‍ പറഞ്ഞു. 'എനിക്ക്‌ സുനില്‍ ഏല്‍പിച്ച ഒരു ജോലിയുണ്ട്‌". എതു സുനില്‍. ഞാന്‍ ഇതുവരെ ആ പേര്‌ കേട്ടിട്ടില്ലല്ലോ എന്ന് ഗായത്രി പറഞ്ഞു തീരുന്നതിന്‌ മുന്‍പ്‌ രമേശന്‍ പുറത്തേക്ക്‌ ഇറങ്ങിയിരുന്നു. രാത്രിയില്‍ ഒറ്റക്ക്‌ ആശുപത്രി വരാന്തയില്‍ ഇരിക്കുന്ന വിവശനായ ഒരു ചെറുപ്പക്കാരനെ അന്വേഷിച്ച്‌ നടക്കുമ്പോള്‍ സൂര്യകാന്തിപ്പൂക്കള്‍ പോലെ മഞ്ഞച്ച രണ്ടു കണ്ണുകളും രമേശന്റെ കൂടെ വന്നു.

24 comments:

Sharu.... said...

നല്ല കഥ...നൊമ്പരമുണര്‍ത്തുന്ന കഥ....

ശ്രീ said...

നന്നായിരിയ്ക്കുന്നു, മാഷേ... നല്ല കഥ!
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നൊമ്പരങ്ങളുടെ പ്രയാണമാണല്ലൊ മാഷെ... വരികളില്‍ തിളങ്ങുന്നത് ..
ഇനിയും എഴുതൂ.. നല്ല കഥകള്‍,.

ഹരിത് said...

നല്ല കഥ. ഇഷ്ടമായി.

കണ്ണൂരാന്‍ - KANNURAN said...

നഗരത്തില്‍ ഒറ്റപെട്ടുപോവുന്ന മനുഷ്യരെ നന്നായി വരച്ചിരിക്കുന്നു.

വല്യമ്മായി said...

കഥ നന്നായി,അവതരണം കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു,പ്രത്യേകിച്ചും തുടക്കം.പ്രകൃതി എന്നു കിട്ടാന്‍ prakr^thi എന്ന് ടൈപ്പ് ചെയ്തു നോക്കൂ.

പോങ്ങുമ്മൂടന്‍ said...

very good

തല്ലുകൊള്ളി said...

സൂര്യകാന്തിപ്പൂക്കള്‍ പോലെ മഞ്ഞച്ച രണ്ടു കണ്ണുകളും രമേശന്റെ കൂടെ വന്നു.
...................................

നന്നയിരിക്കുന്നു. വളരെ നന്നായിരിക്കുന്നു.

അനംഗാരി said...

വടൂ,
നന്നായിട്ടുണ്ട്.എങ്കിലും കഥ പെട്ടെന്ന് പറഞ്ഞ് അവസാനിപ്പിക്കാന്‍ നീ ധൃതി കാട്ടിയത് പോലെ തോന്നി.

ഓ:ടോ:നിന്റെ പേര് പ്രൊഫൈലില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്താല്‍ അത് ലിസ്റ്റ് ചെയ്യുമ്പോള്‍ മലയാളത്തില്‍ കാണീക്കും.അപ്പോള്‍ ഈ വടവോസ്കി എന്ന് വടോസ്കി എന്ന് എഴുതാമല്ലൊ?
നീ ദുബായില്‍ വന്നിട്ട് എന്തായി?എന്നെ കണ്ടോ?:)

നവരുചിയന്‍ said...

വളരെ നല്ല കഥ ... തുടക്കം അല്പം ബോര്‍ ആയി എങ്കിലും പിന്നെ നല്ല ഒഴുക്ക് ഉണ്ടായിരുന്നു . ആദ്യത്തെ ഖണ്ഡികയില്‍ എത്ര തവണ "രമേശന്‍" എന്ന് വന്നു എന്ന് നോക്കുക .

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു കഥ.

വടവോസ്കി, ഇതേതാ പുത്യേ ബ്രാന്റാ?

വാല്‍മീകി said...

വളരെ നല്ല കഥ. മനസ്സില്‍ ഒരു ചെറുനൊമ്പരമുണര്‍ത്തി.

ശ്രീവല്ലഭന്‍ said...

വടവോസ്കി,

ചെറിയ നല്ല കഥ.

sivakumar ശിവകുമാര്‍ said...

good story....it make me feel a lot....

നിലാവര്‍ നിസ said...

ഒരുപാട് നാളുകള്‍ക്ക് ശേഷം വായിച്ച, ഒരു കുളിര്‍മയുള്ള കഥ.. ശില്പവും..

vadavosky said...

കഥ വായിച്ച്‌ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

ശെഫി said...

ഇതു ഞാന്‍ കാണാതെ പോയതെന്തേ?

നിഷ്ക്കളങ്കന്‍ said...

വട‌വോസ്കി,
ശ്ശോ.. ഒന്നാന്തരം മ‌ല‌യാളം കഥയെഴുതുന്ന ഒരു മ‌നുഷേന്റെ പേരേ! :)
കഥ‌യെഴുത്ത് സൂപ്പ‌ര്‍ മാഷെ. ഇതൊക്കെ കാണുമ്പോഴാണ് കഥ‌യെഴുത്തിന് ആശയദാരിദ്ര്യമ‌ല്ല ;ഭാവന‌യുടെ,ക്രിയാത്മ‌കതയുടെ ദാരിദ്ര്യ‌മാണ് സംഭവിച്ചിരിയ്ക്കുന്ന‌ത് എന്നറിയുന്നത്.
കൊട് കൈ

vadavosky said...

ശെഫിക്ക്‌, നിഷ്കളങ്കന്‌
ഒരുപാട്‌ നന്ദി പ്രോല്‍സാഹനത്തിന്‌

Vishnu Konoorayar said...

Excellent theme, well written. Keep it up

Vishnu Konoorayar said...
This comment has been removed by the author.
ആഷ | Asha said...

കഥ നന്നേ പുടിച്ചാച്ച് :)

ഉഗാണ്ട രണ്ടാമന്‍ said...

വളരെ നന്നായിരിക്കുന്നു...

Siji said...

ആദ്യത്തെ കുറച്ചു ഭാഗങ്ങളില്‍ ഉപയോഗിച്ചു പഴകിയ ചില ശൈലികള്‍ ഉണ്ടായിരുന്നതായിതോന്നി. പക്ഷെ അവസാനമെത്തിയപ്പോഴേക്കും നല്ലൊരു കഥയാകീ അവസാനിപ്പിച്ചു.