Wednesday, November 28, 2007

പുലിയും ചക്രവും പ്രവാസിയും

പണ്ട്‌ എന്റെ നാടിനടുത്ത്‌ വലിയ കാടായിരുന്നു. ഒരുദിവസം രാത്രി കാട്ടില്‍ നിന്നും ഇര തേടിയിറങ്ങിയ ഒരു പുലി നാട്ടിലെത്തി പാടത്തുവന്നുപെട്ടു. ഞാറുനടുന്ന കാലമാണ്‌.പാടം ഉഴുതിട്ടിരിക്കുന്നു.നല്ല ഇരുട്ടാണ്‌. ഇരുട്ടത്ത്‌ പുലി പാടവരമ്പിലൂടെ നടന്ന് നടന്ന് പാടത്തേക്കു വെള്ളം തോട്ടില്‍ നിന്നും ചവിട്ടിക്കയറ്റി വിടുന്ന ചക്രത്തില്‍ കയറി.( വളരെ അപൂര്‍വമായി ഇപ്പോഴും ചില പാടങ്ങളില്‍ കാണാം. പലപടികളുള്ള ഒരു ചക്രം. തോടിന്റെ അരികില്‍ സ്ഥാപിക്കും. ഇതില്‍ ചവിട്ടുന്നതനുസരിച്ച്‌ പാടത്തേക്കു വെള്ളം കയറിക്കൊണ്ടിരിക്കും)

മുന്‍പോട്ടുള്ള വഴിയാണെന്നു കരുതി പുലി ചക്രത്തിന്റെ ഒരോ പടിയിലും കാല്‍ വച്ചു കയറിക്കൊണ്ടിരുന്നു. ഓരോ പടി ചവിട്ടുമ്പോഴും പുലിക്ക്‌ ചവിട്ടാന്‍ അടുത്ത പടി വന്നു. കാട്ടിലേക്കുള്ള വഴി തിരഞ്ഞ്‌ പുലി ചക്രം ചവിട്ടി ചവിട്ടി വശംകെട്ടു.

രാവിലെ ആളുകള്‍ നോക്കുമ്പോള്‍ ഞാറുപണി നടക്കേണ്ട പാടത്ത്‌ മുഴുവന്‍ വെള്ളം കയറി പ്രളയമായിരിക്കുന്നു. കാരണം അന്വേഷിക്കുമ്പോള്‍ പുലി ചക്രം ചവിട്ടുന്നു. ആളുകളെക്കണ്ട്‌ കാട്ടിലേക്ക്‌ രക്ഷപെടാന്‍ പുലി വീണ്ടും മുന്നിലേക്ക്‌ കാലെടുത്ത്‌ വച്ചു. രക്ഷപെടാന്‍ വീണ്ടും വീണ്ടും ചക്രത്തിലെ പടികള്‍ പുലി ചവിട്ടിക്കൊണ്ടേയിരുന്നു.

സ്വന്തം വീടിന്റെ നനുത്ത സ്വകാര്യതകളും സുഖങ്ങളും ഉപേക്ഷിച്ച്‌ ഇല്ലായ്മ കൊണ്ടും അല്ലാതെയും ഇര തേടാന്‍ പുതിയ ഇടങ്ങള്‍ അന്വേഷിച്ച്‌ നാട്ടിനുപുറത്ത്‌ വലിയവലിയ നഗരങ്ങളുടെ വന്യതയില്‍ എത്തിപ്പെടുന്ന നമ്മളും ഇതുപോലെ ചക്രം ചവിട്ടിക്കൊണ്ടിരിക്കുകയാണ്‌. ചക്രത്തിനു പുറത്ത്‌ വഴികണ്ടിട്ടും പുറത്തേക്കു ചാടാന്‍ അറിയാതെ നമ്മള്‍ വെറുതേ ചവിട്ടിക്കൊണ്ടിരിക്കുന്നു.

ഒരോ ചുവടുവയ്ക്കുമ്പോഴും ഇതു വീട്ടിലേക്കുള്ള വഴിയാണെന്ന് നമ്മള്‍ വെറുതെ വ്യാമോഹിക്കുകയാണ്‌

ദൈവം കൈവിട്ടവന്‍

ദൈവം കൈവിട്ടവനെ പിശാചിനും വേണ്ടാതായി

ദാ ആ ബാറിലിരിക്കുന്നുണ്ട്‌

Sunday, November 25, 2007

നായകന്‍ ആവണമെങ്കില്‍ ഇങ്ങനെ വേണം.

മലയാളസിനിമ സംവിധാനം ചെയ്യേം പിന്നെ തിരക്കഥ എഴുതേം ചെയ്യണ രണ്‍ജിത്ത്‌ അവര്‍കള്‍ടെ നായകന്മാരെല്ലാം എല്ലാ സിനിമേലും ഒരേ പോലേ ആയത്‌ എന്തുകൊണ്ടാണ്‌.

നമ്മുടെ നായകന്‍ ആളു കേമനാണ്‌.മധ്യവയസ്ക്കന്‍, കള്ളുകുടിയന്‍. കാശിനൊരുകുറവുമില്ല. കാശൊക്കെ എങ്ങനെ ഉണ്ടാവുന്നു എന്നൊന്നും ചോദിക്കരുത്‌. ചുരുക്കം ചില സന്ദര്‍ഭങ്ങള്‍ ഒഴിച്ചാല്‍ കാശുണ്ടാവുന്നതിന്‌ ഒരു എക്കൊണൊമിക്ക്സും ബാധകമല്ല.

ഇങ്ങേര്‍ക്കാണെങ്കിലോ കുടുംബം അങ്ങനെ ഉണ്ടാവാറില്ല. ഉണ്ടെങ്കില്‍ തന്നെ അത്ര താല്‍പര്യവും ഇല്ല. കൂടെ എപ്പോഴും കുറെ സില്‍ബന്ദികള്‍ ഉണ്ടാവണമെന്ന് നിര്‍ബന്ധമാണ്‌. അവരെ തീറ്റിപോറ്റലണ്‌ പണി. അവറ്റകള്‍ക്കാണെങ്കില്‍ ഇയ്യാളുടെ കള്ള്‌ മേടിച്ചു നക്കണ പണിയും പിന്നെ അങ്ങേരെന്തു പറഞ്ഞാലും ചിരിക്കുന്ന പണിയുമേ ഉള്ളു. ഇടയ്ക്ക്‌ തല്ലും മേടിക്കണം. ഒരു തമാശക്ക്‌.

ഇങ്ങേര്‍ക്ക്‌ പോലീസെന്നുകേട്ടാലെ കലിപ്പാണ്‌. എസ്‌.ഐ മുതല്‍ ഐ.ജി വരെയുള്ളവരെ കണ്ണെടുത്തു കണ്ടുകൂട. ഇവെരെങ്ങാനും മുന്‍പില്‍ വന്നു പെട്ടാല്‍ അടി ഉറപ്പാണ്‌.

സംഗീതം കൂടപ്പിറപ്പാണ്‌. കര്‍ണാടക സംഗീതം മുതല്‍ ഹെവിമെറ്റല്‍ വരെ കരതലാമലകമാണ്‌. ( ഉള്ളം കൈയ്യിലെ നെല്ലിക്ക എന്നു പറയും. പഴയ പ്രയോഗമാണ്‌. ഈയിടെ ആരും പ്രയോഗിച്ചു കാണാത്തതുകൊണ്ട്‌ തട്ടിയതാണ്‌.) ചെറുപ്പത്തില്‍ അമ്മ ആദ്യാക്ഷരം ചൊല്ലിക്കൊടുത്തു. പിന്നെ ഒന്നും പഠിച്ചില്ലെങ്കിലും ഏതു ക്രുതിയും ഏതു രാഗത്തിലും പാടും.

ഇങ്ങനെയുള്ള ഒരാളെ കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ വെറുക്കാതിരിക്കുന്നതെങ്ങനെ. എന്നാലും ഇയാളുടെ ഒരു പാട്ടുകേട്ടാല്‍ പിന്നെ നായികക്ക്‌ നിയന്ത്രിക്കാന്‍ കഴിയില്ല. പ്രേമിച്ചുകഴിയുമ്പോളല്ലെ ആള്‍ ഇരുപത്തിരണ്ടു കാരറ്റാണെന്നു അറിയുന്നത്‌

കള്ളുകുടിയാണ്‌ വിനോദം. അസ്സല്‍ വാറ്റുചാരായം മുതല്‍ സ്കോച്ച്‌ വരെ അടിക്കും.( ടെക്കില, വൈന്‍, സിംഗിള്‍ മാള്‍ട്‌ എന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ല. അതുകൊണ്ട്‌ ഒരു സോഫിസ്റ്റിക്കെറ്റഡ്‌ കുടിയനല്ല). കള്ളുകുടിച്ച്‌ മടുത്ത്‌ ബോറടിക്കുമ്പോള്‍ ഇടക്ക്‌ ചന്തയിലിറങ്ങി അവിടുത്തെ ലോക്കല്‍ ഗുണ്ടകളെ അടിച്ച്‌ നിലം പരിശാക്കും.

കാറും ജീപ്പുമൊക്കെ ഒരുവക സാധനമൊന്നും പറ്റില്ല. ഫോറിന്‍ തന്നെ വേണം.ഇതിന്റെയെല്ലാം പേരും ബ്രാന്‍ഡും ഒന്നുകില്‍ തന്നെ പറഞ്ഞുകൊണ്ടിരിക്കും അല്ലെങ്കില്‍ ആരെക്കൊണ്ടെങ്കിലും പറയിപ്പിക്കും.ആള്‍ക്കാരറിയണമല്ലോ.

തറവാടിക്ക്‌ തറവാടിയെ കണ്ടുകൂടാ എന്നു പറയുന്നത്‌ എത്ര ശരി. നാട്ടിലെ ഏറ്റവും വലിയ തറവാട്ടുകാര്‍ക്ക്‌ ഇങ്ങേരോട്‌ അടങ്ങാത്ത കലിയാണ്‌. പ്രത്യേകിച്ച്‌ കാരണമൊന്നും വേണമെന്നില്ല. തമ്പുരാക്കന്മാര്‍ക്കാണ്‌ ഈ കലി. ബൈ ദ ബൈ ഇങ്ങേരും തമ്പുരാനാണ്‌. അല്ലാതെ ആര്‍ക്കാണ്‌ ഇങ്ങനെയൊക്കെ ആവാന്‍ പറ്റുന്നത്‌.

തമ്പുരാക്കന്മാരുടെ വീട്ടിലെ പെങ്കൊച്ചിനെ തന്നെ ഇയാള്‌ പ്രേമിക്കാന്‍ തൊടങ്ങ്യാലോ. ശിവ ശിവ ഭേഷായി. പോരേ പൂരം. പിന്നെ ചെറുപ്പത്തില്‍ കളരിയൊക്കെ പഠിച്ചിട്ടുള്ളതുകൊണ്ട്‌ അവന്മാരുടെ കാര്യം തവിടു പൊടി.

ഇങ്ങേര്‌ മംഗലശ്ശേരി നീലകണ്ഠനായിരുന്ന കാലത്ത്‌ കാശിനു കുറച്ചു വലിവായിരുന്നു. പിന്നെ തറവാട്ടുവക സ്ഥലം ധാരാളം ഉള്ളതുകൊണ്ട്‌ അതു വിറ്റ്‌ ചീട്ടുകളിക്കാനും അമ്പലം പുതുക്കിപണിയാനും പിന്നെ ഇന്നലെ വരെ കണ്ടാല്‍ ഓഛാനിച്ചുനിന്നിരുന്ന മാപ്പ്പ്പിളേടെ മകന്‍ ദുബായിക്കുപോയി കാശുണ്ടാക്കിയതിന്റെ അഹങ്കാരം തീര്‍ക്കാനും പറ്റി. ചീത്ത വിളിക്കാന്‍ ഒരു വാര്യര്‍ ഉള്ളതുകൊണ്ട്‌ നാവിനൊരുപണിയുമായി. കള്ളുകുടിയല്ലാതെ വേറെ പണിയൊന്നുമില്ലാത്തതു കൊണ്ട്‌ നായികയെക്കൊണ്ട്‌ കോലോത്ത്‌ ഡാന്‍സ്‌ ചെയ്യിക്കാന്‍ പറ്റി. അതുകൊണ്ട്‌ ഗുണമുണ്ടായി. ആദ്യം വെറുത്തെങ്കിലും പിന്നെ ഓള്‌ പ്രേമിച്ചു. ആകെ അക്കിടി പറ്റിയത്‌ തന്ത തമ്പുരാനല്ല എന്നറിഞ്ഞപ്പോഴാണ്‌. തകര്‍ന്നുപോയി. ക്ലോണീങ്ങിലൂടെ ആണ്‌ ജനനം എന്നുപറഞ്ഞാലും സാരമില്ലായിരുന്നു. പിന്നെ ഒരു പിടിച്ചുവെപ്പ്പ്പുകാരന്‍ വന്നു തന്ത വേറൊരു തമ്പുരാനാണ്‌ എന്നു പറഞ്ഞപ്പോഴാണ്‌ സമധാനമായത്‌.എങ്ങനൊയൊക്കെ ആയാലും മറ്റേ കോവിലകത്തെ അവന്മാര്‌ വെറുതെ വിടുമോ. ചതിക്കുഴി , അടി, ഉത്സവം, കൂട്ടയടി. ശുഭം.

മംഗലശ്ശേരി കാര്‍ത്തികേയന്‍ അഛനെപ്പോലെ തന്നെ. പിള്ളേരുണ്ടാവണമെകില്‍ ഇങ്ങനെ വേണം. അതേ കള്ളുകുടി, അതുപോലെ തന്നെ സില്‍ബന്ധികള്‍, സംഗീതം, കാശാണെങ്കില്‍ ഇഷ്ടം പോലെ. ചെറുപ്പ്പ്പം മുതലേ മറ്റേ കോവിലകത്തെ പെണ്ണിനെ മോഹിച്ചു. പറഞ്ഞില്ല. പെണ്ണ്‍ ആദ്യം വെറുത്തു. പിന്നെ പ്രേമിച്ചു. പിന്നെയെല്ലാം പഴതുപോലൊക്കെ തന്നെ.

ആറാം തമ്പുരാനായിരുന്നപ്പോള്‍ ആള്‌ക്ക്‌ ഇതേ ഗുണങ്ങൊളെക്കെ തന്ന്.കാശു കയ്യിലില്ലെങ്കിലും കള്ളുകുടി ഉഷാര്‍. പാട്ടുപഠിക്കാന്‍ ഉസ്താദിന്റെ അടുത്തുചെന്നപ്പോള്‍ അഞ്ചുനയാപൈസ കയ്യിലില്ല. അമ്മ സംഗീതത്തിന്റെ ആദ്യാക്ഷരം മാത്രമേ പഠിപ്പിച്ചുള്ളു. എന്നാല്‍ തന്നെയും എല്ലാരാഗങ്ങളും കാണാപ്പാഠമാണ്‌. അതുകൊണ്ടുതന്നെ ഗുരുവിനെ കുളിപ്പ്പ്പിച്ചുകിടത്തിയിട്ടേ പിന്മാറിയുള്ളു. ഒരു കൂട്ടുകാരന്‌ ഒരു കോണ്ട്രാക്ട്‌ ഒപ്പിച്ചുകൊടുത്തതിനു കിട്ടിയ കോടിക്ക്‌ കണക്കില്ല. ആകെ ചെയ്തത്‌ കുറച്ചുപേരെ ഒന്നു തല്ലി. കൊട്ടേഷന്‍കാരു കേട്ടാ കൊതിക്കും. പൈസയൊന്നും മേടിച്ചില്ല. ആകെ ഒരു എട്ടുകെട്ടും, അമ്പലവും, ഉത്സവം നടത്താന്‍ സൗകര്യവും, കള്ളുകുടിക്കാന്‍ കുറെ സില്‍ബന്ധികളും ഏര്‍പ്പാടാക്കി കൊടുക്കണമെന്നു പറഞ്ഞു. ഓം ഹ്രീം. അതു റെഡി. അവിടെ ഭാഗ്യത്തിന്‌ സംഗീതത്തില്‍ താല്‍പര്യമുള്ള ഒരു പെണ്ണുണ്ടായിരുന്നു. പാട്ടുപാടി അവളെ പാട്ടിലാക്കി എന്നു പറഞ്ഞാല്‍ മതിയല്ലൊ. ഭാഗ്യമുള്ളവന്‍ പാറപ്പുറത്തിരുന്നാ മതി എന്നു പറഞ്ഞതുപോലെ അവിടെയും കോവിലകം കാരുണ്ട്‌. പിന്നെ അവര്‍ ശത്രുക്കളാവാതെ തരമില്ലല്ലോ.അവരെയൊക്കി ഒതുക്കി ഉത്സവം നടത്തിയപ്പോള്‍ കാശുതന്ന കൂട്ടുകാരനൊഴിച്ച്‌ ബാക്കിയെല്ലാരും തമ്പുരാന്‍ എന്ന് തികച്ചുപോലും വിളിക്കില്ല. കാര്യം കൂടുകാരനൊക്കെയാണ്‌. കഞ്ഞി വേണെങ്കില്‍ വടക്കുപുറത്തുവരണം.അവന്റെ കയ്യില്‍ കാശൊക്കെ ഉണ്ടാവും. പക്ഷെ തറവാട്ടു മഹിമ ഉണ്ടോ. തമ്പുരാനെന്നു വിളിപ്പിച്ചിട്ടേ അടങ്ങിയുള്ളു. അങ്ങനാ തറവാട്ടുകാര്‌.

ഒരു മാരകരോഗം പിടിപെട്ട്‌ കോവിലകത്തുനിന്ന് മറുനാട്ടില്‍ പോയി ഒളിച്ചു താമസിച്ച ചന്ദ്രോദയസമയത്തും ഇങ്ങേര്‍ക്ക്‌ കാശിനു ക്ഷാമമില്ല. സംഗീതവും അതുപോലെ. ഇത്തവണ ഉത്തരേന്റ്യയില്‍ നിന്ന് യൂറോപ്പിലായിരുന്നു കച്ചേരി എന്നാണ്‌ മൂപ്പര്‌ പറയണത്‌. കോവിലകം നോക്കാന്‍ ആളുണ്ടായതു നന്നായി. കള്ളുകുടി സിംബന്ധികള്‍ അവിടെത്തന്നെ ഉണ്ടായി. കാമുകി, വെറുപ്പ്പ്പ്‌, ശത്രുവായ വേറൊരു തറവാടി എന്നിവരൊക്കെ അങ്ങനെതന്നെ ഉണ്ട്‌. അടിപിടിക്കും കുറവില്ല.

കോവികമുപേക്ഷിച്ച്‌ ഒരു നസ്രാണി ആയേക്കാം എന്നുവച്ചപ്പൊ കാര്യങ്ങളെല്ലാം തഥൈവ. കള്ളുകുടിയുണ്ട്‌, സില്‍ബന്ധികളുണ്ട്‌, ഇഷ്ടം പോലെ കാശുണ്ട്‌, പ്രത്യേകിച്ച്‌ പണി ഒന്നും ഇല്ല താനും. കാമുകിയെ അവളു പഠിപ്പിക്കണ കോളേജില്‍ പോയി ഹെലികോപ്റ്ററില്‍ പൊക്കിക്കൊണ്ടുവരാം. പോലീസിനെ വെട്ടിക്കാന്‍ ഇതുതന്നെ പണി. കോവിലകംകാര്‍ക്കു പകരമുള്ള ആള്‍ക്കാരുമുണ്ട്‌. എല്ലാം. കുശാല്‍. ബാക്കിയെല്ലാം അതുപോലൊക്കെ തന്നെ.

ഒരേ കഥ തന്നെ വീണ്ടും, മറിച്ചും ഗുണിച്ചും എഴുതുമ്പോള്‍ എന്തുകൊണ്ടാണ്‌ ബോറടിക്കത്തത്‌ എന്നതിന്റെ കാരണം എന്താണെന്നല്ലേ. ഒട്ടും ബോറടിക്കാതെ ഒരു ഉളുപ്പ്പ്പും ഇല്ലാതെ ഈ സിനിമകളൊക്കെ കാണാന്‍ കുറെപ്പേരുണ്ട്‌ എന്നതുതന്നെ.

പിന്നെ ഒന്നു കൂടി ഉണ്ട്‌. ഒന്നുമില്ലാത്ത കാലത്ത്‌ തിരക്കഥാകൃത്ത്‌ കൊതിച്ചിരുന്ന ഒരു ജീവിതം ഇതായിരുന്നിരിക്കണം. ചന്തുപറയുന്നതുപോലെ എനിക്കുപിറക്കാതെ പോയ മകനല്ലേ നീ.

എന്നാ പോട്ടെ. കോലോത്ത്‌ കള്ളുകുടീം കച്ചേരീം തൊടങ്ങാറായിരിക്കണു

Wednesday, November 21, 2007

മലയാളസിനിമാഗാനങ്ങളും യമുനയും

യാത്ര എന്ന സിനിമയില്‍ ഒ.എന്‍.വി. എഴുതിയ ഒരു ഗാനമുണ്ട്‌. 'യമുനേ നിന്നുടെ മാറില്‍ നിറയെ കാര്‍നിറമെന്തേ പറയൂ നിന്നിലലിഞ്ഞോ കാര്‍വര്‍ണ്ണന്‍' എന്നാണ്‌ പാട്ട്‌ തുടങ്ങുന്നത്‌.കൈതപ്രത്തിന്റെ ഒരു ഗാനത്തിലാകട്ടെ പിന്നെയും ജന്മുണ്ടെങ്കില്‍ യാദവ യമുനാതീരത്ത്‌ വേണമെന്നാണ്‌.

ഇപ്പോഴത്തെ യമുനയുടെ മാറില്‍‍ മാത്രമല്ല ഉടലാകെ കാര്‍നിറമാണ്‌. അതു കാര്‍വര്‍ണ്ണന്‍ അലിഞ്ഞതുകൊണ്ടൊന്നുമല്ല. കാര്‍വര്‍ണ്ണനേക്കാള്‍ കറുപ്പായ മലിനജലം നിറഞ്ഞതുകൊണ്ടാണെന്നു മാത്രം.

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നദികളിലൊന്നാണ്‌ യമുന. ഒരോ ദിവസവും 3,298 MLD( Million Litre per Day) മലിന ജലമാണ്‌ ഡല്‍ഹിയില്‍ നിന്നു മാത്രം യമുനയിലേക്കൊഴുകുന്നത്‌. ഇത്‌ രാജ്യത്തെ എല്ലാ ക്ലാസ്‌-2 നഗരങ്ങളും പുറ
ന്തള്ളുന്ന മാലിന്യത്തിനേക്കാള്‍ കൂടുതലാണ്‌.യമുനയിലെ കോളിഫോം ബാക്റ്റീരിയയുടെ അളവ്‌ സാധാരണ മലിനജലത്തേക്കാള്‍ ടുതലാണെന്നാണ്‌ പഠനങ്ങള്‍ തെളിയിച്ചത്‌. സാധാരണ കുടിവെള്ളത്തില്‍ അമോണിയയുടെ അളവ്‌ 0.3 ppm (parts per million) ആയിരിക്കുമ്പോള്‍ യമുനയിലേത്‌ 3 ppm ആണ്‌.

ഇന്‍ഡ്യയിലെ നദീമലിനീകരണത്തിന്റെ പ്രധാന കാരണം നഗരമാലിന്യമാണ്‌.ദില്ലി നഗരത്തിന്റെ പലഭാഗത്തുകൂടി ഒഴുകന്ന നാല എന്നറിയപ്പ്പ്പെടുന്ന മാലിന്യകനാലുകളിലൂടെ ഒഴുകുന്ന മലിനജലത്തിന്റെ നിറം കരിങ്കറുപ്പാണ്‌.അതില്‍ നിന്നും രൂക്ഷഗന്ധം
ഉയര്‍ന്നു കൊണ്ടിരിക്കും. ഏതു വലിയ ട്രീറ്റ്‌മന്റ്‌ പ്ലാന്റിലൂടെ കടത്തി വിട്ടാലും അതിലെ കെമിക്കല്‍സ്‌ പോകുമെന്നു തോന്നുന്നില്ല.ഫലത്തില്‍ യമുന ഒരു മൃതപ്രായമായ ഒരു നദിയാണ്‌. 57 ദശലക്ഷം ജനങ്ങളാണ്‌ യമുന നദിയിലെ ജലത്തെ ആശ്രയിക്കുന്നത്‌. കേന്ദ്രസര്‍ക്കാര്‍ യമുന ആക്ഷന്‍ പ്ലാന്‍ എന്ന പേരിലുള്ള ഒരു പദ്ധതി യമുനയെ നന്നാക്കാന്‍ വേണ്ടി കുറെ വര്‍ഷങ്ങളായി നടത്തി വരുന്നുണ്ട്‌

ഐതിഹ്യത്തില്‍ യമുന സൂര്യന്റെ മകളും യമന്റെ സഹോദരിയുമാണ്‌. ഹിമാലയത്തിലെ യമുനോത്രിയില്‍ നിന്ന് ഉത്ഭവിക്കുന്ന യമുന 1370 കിലോമീറ്റര്‍ ദൂരം ഉത്തരാഞ്ചല്‍, ഹരിയാന, ഡല്‍ ഹി, യു.പി. എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി അലഹബാദില്‍ വച്ച്‌ ഗംഗയില്‍ ചേരുന്നു. അവിടെ വച്ച്‌ അദ്രശ്യയായ സരസ്വതിയും ഗംഗയില്‍ ചേരുന്നു എന്നാണ്‌ വിശ്വാസം.
യു.പി യില്‍ വച്ച്‌ ചമ്പല്‍ നദി യമുനയില്‍ ചേരുന്നതോടെ യമുനയില്‍ ശുദ്ധജലത്തിന്റെ അളവ്‌ കൂടുന്നു.ചമ്പലില്‍ എത്തുമ്പോഴേക്കും
യമുനയില്‍ വെള്ളം ഉണ്ടാകാറേ ഇല്ല

മനുഷ്യന്‌ ഒരു നദിയെ എത്രമാത്രം ദുരുപയോഗം ചെയ്തു നശിപ്പിക്കാം എന്നതിന്റെ തെളിവാണ്‌ യമുനയുടെ ഇന്നത്തെ അവസ്ഥ കാണിച്ചുതരുന്നത്‌.ഇതു യമുനയുടെ മാത്രം കഥയല്ല.നമ്മുടെ ഒരോ നദിയുടേയും വരാനിക്കുന്ന അവസ്ഥയാണ്‌.നാളെ നിങ്ങളുടെ വീടിനുമുന്‍പിലെ കൈത്തോടിനും വരാവുന്നത്‌. ഇനിയും ജന്മമുണ്ടെങ്കില്‍ ഇപ്പോഴത്തെ യമുനാതീരത്ത്‌ എന്തായാലും വേണ്ട.

മലയാളത്തിലെ സിനിമാപാട്ടെഴുത്തുകാര്‍ ആരെങ്കിലും അബദ്ധത്തില്‍ ഉതു വായിച്ച്‌ ഇനി യമുനയെക്കുറിച്ച്‌ എഴുതണ്ട എന്നൊന്നും കരുതല്ലേ. അല്ലെങ്കില്‍ തന്നെ സിനിമാപ്പ്പ്പാട്ടില്‍ സാഹിത്യം വേണമെന്ന് ആര്‍ക്കാണ്‌ വാശി.സിനിമയില്‍ പാട്ടുവേണമെന്ന് ആര്‍ക്കു നിര്‍ബന്ധം.

വയലാര്‍ രാമവര്‍മ്മയെ സിനിമാപ്പാട്ടെഴുത്തുകാരനായിട്ടേ ജനങ്ങള്‍ അറിയൂ.

ഇന്നത്തെ ചിന്താവിഷയം

പച്ചമാംസം തന്നെ തിന്നുവളര്‍ന്നവന്‍
മെച്ചമേറും പുളിശ്ശേരി കൊതിക്കുമോ?

- കുഞ്ചന്‍ നമ്പ്യാര്‍



.

Monday, November 19, 2007

ബൂലോകവും പ്രേതബാധയും

എന്റെ ചെറുപ്പത്തില്‍ വീടിന്റടുത്ത്‌ ഒരു മന്ത്രവാദം കാണാന്‍ പോയി. രാത്രിയാണ്‌ മത്രവാദം. ബാധ ഒഴിപ്പിക്കലാണ്‌. കിടിലന്‍ മന്ത്രവാദി. എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലി കുറെ കാന്താരി മുളകും വറ്റലുമുളകു മറ്റു ചില സാധനങ്ങളുമൊക്കെ ഹോമകുണ്ഠത്തിലേക്കിട്ടു അവിടെ ഉണ്ടായിരുന്നവരൊയോക്കെ ബുദ്ധിമുട്ടിലാക്കി.ഒരു എഫക്റ്റിനുവേണ്ടി ചെയ്തതാവണം.

കുറേ രാത്രിയായപ്പോള്‍ ഒഴുപ്പിക്കിലിന്റെ കൈമാക്സ്‌ വന്നു. ഒരു പരന്ന പാത്രത്തില്‍ മഞ്ഞളും ചുണ്ണാമ്പും കലക്കിയുണ്ടാക്കിയ ചുവന്ന ഗുരുതി ഒഴിച്ച്‌ അതില്‍ തിരി കത്തിച്ചു വച്ച്‌ മന്ത്രങ്ങള്‍ ചൊല്ലി ഒരു ചെറിയ മണ്‍കുടം കമിഴ്ത്തി. അത്ഭുതം. ഈ ഗുരുതിയെല്ലാം പാത്രത്തിന്റെ മധ്യഭാഗതേക്കു വന്നുകൂടീ. മന്ത്രവാദി കുടം കേര്‍ത്തുപിടിച്ച്‌ പാത്രം തിരിച്ചു. വെള്ളമെല്ലാം കുടത്തില്‍.നിവൃത്തികേടുകൊണ്ടു ബാധയും ഒപ്പം കേറി. ( പേടിക്കേണ്ട. സിമ്പിള്‍ ഫിസിക്സാണ്‌. എനിക്കറിയാമായിരുന്നു. മറന്നു പോയി. ഒരു പക്ഷെ കുറിഞ്ഞി ഓണ്‍ലൈനിലെ JA മാഷിന്‌ പറഞ്ഞുതരാന്‍ പറ്റുമായിരിക്കും). മന്ത്രവാദി കുടത്തിന്റെ വായ ഒരു ചുവന്ന തുണി കൊണ്ടുകെട്ടിയിട്ടു പറഞ്ഞു ബാധ കുടത്തിനകത്താണെന്ന്.കുടം വെളുപ്പിന്‌ തൊട്ടടുത്തുള്ള കൈത്തോട്ടില്‍ ഒഴുക്കി. ബാധയുടെ കാര്യം സ്വാഹ.

പിറ്റേ ദിവസം ഞാന്‍ ചൂണ്ടയിടാന്‍ പോയപ്പോള്‍ ബാധയും കുടവും കൈത്തോട്ടിലൂടെ ഒഴുകി വല്യതോട്ടില്‍ ചേരുന്നതിനുമുന്‍പ്‌ തോട്ടരുകിലെ പുല്ലില്‍ തങ്ങി കിടപ്പുണ്ട്‌. ഞാന്‍ ചൂണ്ടക്കണകൊണ്ട്‌ പതിയെ ബാധയെയും കുടത്തിനേയും കുത്തി വല്യതോട്ടിലെ ഒഴുക്കിലേക്കു വിട്ടു. പണ്ടാരം എന്റെ ദേഹത്ത്‌ കേറണ്ട. വേറെ എവിടെയെങ്കിലും പോയി കേറ്‌.

ബൂലോഗത്തായിരുന്നെങ്കില്‍ ഏതെങ്കിലും ബ്ലോഗിലേക്കു കുത്തി വിടാമായിരുന്നു.


ഇന്നത്തെ ചിന്താ വിഷയം
മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായതുമുതല്‍ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ ?
ദുഷ്ടന്മാരുടെ ജയഘോഷം താല്‍ക്കാലികമത്രെ;
വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.
-ഇയ്യോബ്‌ 20:4

കപ്പിത്താന്റെ ജഡവും ഒ.വി.വിജയനും മറ്റും

ശ്രീകലയുടെ ( അക്ഷരക്കാട്‌) നവംബര്‍ പതിനേഴാം തീയതിയിലെ പോസ്റ്റ്‌ കപ്പിത്താന്റെ ജഡം എന്ന കവിതയാണ്‌. വെയിലേറ്റു മരിച്ച കപ്പിത്താന്റെ ജഡം മഴയില്‍ കുതിര്‍ന്ന് മണ്ണായപ്പോള്‍ ബന്ധുക്കള്‍ തമ്മിലുള്ള നിമജ്ഞന തര്‍ക്കം മൂലം അസ്ഥികള്‍ ആഴിമധ്യത്തില്‍ പതിച്ചു എന്ന് കവിത.

ഇതുപോലുള്ള സംഭവങ്ങള്‍ ഐതിഹ്യത്തിലും ജീവിതത്തിലുമുണ്ട്‌. ചെറിയ വകഭേദത്തോടെ. അതാണോ കവയത്രി ഉദ്ദേശിച്ചതെന്ന് അറിയില്ല.

ഒ.വി.വിജയന്‍ മരിച്ചു കഴിഞ്ഞ്‌ ചിതാഭസ്മത്തിനു വേണ്ടി ഭാര്യയും മരുമകന്‍ രവിശങ്കറും തമ്മില്‍ തര്‍ക്കം. ഭാര്യയ്ക്ക്‌ ചിതാ ഭസ്മം മറവു ചെയ്യണം. മരുമകന്‌ ഗംഗയിലൊഴുക്കണം. തര്‍ക്കം ഡല്‍ ഹി ഹൈക്കോടതിയിലെത്തി. കോടതി പ്രശ്നം ഒത്തുതീര്‍പ്പാകാന്‍ പറഞ്ഞതുകൊണ്ട്‌ കാര്യങ്ങളൊക്കെ ഒത്തുതീര്‍പ്പായി.

വിജയന്‍ സാധാരണ മനുഷ്യനായതുകൊണ്ടും ശ്രീകലയുടെ കവിതയിലുള്ള മാജിക്കല്‍ റിയലിസം കൈയ്യിലില്ലാത്തതു കൊണ്ടും അമാനുഷികമായതൊന്നും ഉണ്ടായില്ല.

മരിച്ചുകഴിഞ്ഞാല്‍പിന്നെതന്നെ ആര്‍ എന്തു ചെയ്യുമെന്നോര്‍ത്ത്‌ മനുഷ്യനോ, മരിച്ചവരോ‍ ബേജാറാവേണ്ട കാര്യമൊന്നുമില്ല.പക്ഷെ മനുഷ്യനങ്ങനെയല്ലെന്നാണ്‌ ഇതുവരെയുള്ള ചരിത്രം നമ്മെ കാട്ടി തരുന്നത്‌. ഈജിപ്ഷ്യന്‍ മമ്മികള്‍ മുതല്‍ നമ്മുടെ നന്നങ്ങാടികള്‍ വരെ.

അല്ലെങ്കില്‍ തന്നെ മരിച്ചുകഴിഞ്ഞാല്‍ കിട്ടേണ്ട സ്റ്റേറ്റ്‌ ബഹുമതിയും പങ്കെടുക്കേണ്ട വി.വി.ഐ.പി കളെയും മോഹിച്ച്‌ ഒരു കാര്‍ന്നോര്‌ ഈയിടെ കാട്ടിക്കൂട്ടണ കോപ്രായങ്ങളൊക്കെ നിങ്ങള്‌ പത്രത്തിലൊക്കെ വായിക്കണില്ലേ.

ഓം ശാന്തി, ശാന്തി, ശാന്തി


ഇന്നത്തെ ചിന്താവിഷയം

എന്തുനേടി ജീവിതത്തില്‍ ചോദിക്കുന്നു നക്ഷത്രങ്ങള്‍
എല്ലാം കൊടുത്തു ഞാന്‍ നേടി കണ്ണുനീര്‍ത്തുള്ളി

- പി.കുഞ്ഞിരാമന്‍ നായര്‍

Saturday, November 17, 2007

പേരിടാന്‍ അര്‍ഹതയില്ലാത്തവര്‍ (ഒര്‌ കത)


കാറില്‍ നാലുപേരുണ്ടായിരുന്നു. സതീശന്‍ എന്നത്തെയും പോലെ മുന്‍സീറ്റില്‍തന്നെയാണ്‌ ഇരുന്നത്‌. ഡൈവര്‍ നജീബ്‌ ഭാവഭേദമില്ലാത്ത മുഖത്തോടെ കാറൊടിച്ചു. അവനെപ്പ്പ്പോഴും അങ്ങനെയാണ്‌. കറോടിക്കോമ്പോഴും അല്ലാത്തപ്പോഴും വളരെ ഗൗരവക്കാരനാണ്‌. പിന്‍സീറ്റില്‍ വനജ ഇരുന്നുറങ്ങി. വീട്ടില്‍നിന്നു കാറില്‍ കയറുമ്പോഴെ വനജ പറഞ്ഞു "ഗുരുവായൂരെത്താതെ എന്നെ വിളിക്കരുത്‌. ഇന്നലെ രാത്രി ഞാന്‍ ഉറങ്ങീട്ടില്ല". അതിരാവിലേ എഴുന്നേറ്റതുകൊണ്ട്‌ അമ്മയും ഉറക്കം തൂങ്ങി.ഹൈവേയിലേക്കുള്ള വഴിയില്‍ കശുമാങ്ങകള്‍ പഴുത്തു വീണ്‌ ചിതറിക്കിടന്നു.ഈ കശുമാവുകള്‍ നില്‍ക്കുന്നടിത്ത്‌ പണ്ട്‌ വെളിമ്പറമ്പായിരുന്നു.കശുമാവുകള്‍ നിന്നിരുന്നത്‌ കുന്നിനു മുകളിലെ കപ്പ്പ്പത്തോട്ടത്തിനരികിലായിരുന്നു. ഇപ്പോള്‍ അവിടെ വീടുകള്‍ മാത്രമായി.വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ സതീശന്‍ സ്കൂളിലേക്കു കൂട്ടുകാര്‍ക്കൊപ്പ്പ്പൊം ആര്‍ത്തുല്ലസിച്ച്‌ നടന്നു പോയ ഒരു നാട്ടിടവഴിയായിരുന്നു അത്‌. നോക്കൂ അമ്മേ ഈ വഴിയെല്ലാം എത്ര മാറിപ്പോയി എന്നുപറയാനാഞ്ഞ്‌ സതീശന്‍ പുറകോട്ടു നോക്കിയപ്പോള്‍ അമ്മ നല്ല ഉറക്കമായിക്കഴിഞ്ഞു. വനജയും നല്ല ഉറക്കത്തിലായിരുന്നു.


സതീശന്‍ ഭാര്യ ഉറങ്ങുന്നതു കൗതുകത്തോടെ നോക്കി. നജീബ്‌ ഗൗരവത്തോടെ തന്നെ നോക്കുന്നതുകണ്ടപ്പോള്‍ നോട്ടം പിന്‍വലിച്ചു.വനജ മാത്രമല്ല ആരും ഇന്നലെ ഉറങ്ങിയില്ല. ആരാണ്‌ ഫോണ്‍ ആദ്യം എടുത്തതെന്ന് ഓര്‍മ്മയില്ല. വളരെ പതിഞ്ഞ ശബ്ദത്തില്‍ ആരോ പറഞ്ഞു. "സൂക്ഷിച്ചോളൂ ആയുസ്സ്‌ അധികമില്ല ആര്‍ക്കും".പിന്നെയും ഫോണ്‍ വന്നു. വനജ കരച്ചില്‍ തുടങ്ങി. സതീശന്‍ അതുകേട്ടു ചിരിച്ചു. " സാധാരണ അപരിചിതര്‌ ഫോണീക്കുടെ തെറിയാ വിളിക്കണെ. ഇതിപ്പോ ഭീഷണി ആയി. നല്ല തമാശ തന്നെ". മറ്റാര്‍ക്കും അതത്ര തമാശ ആയി തോന്നിയില്ല.രാത്രി ആരും ഉറങ്ങിയതുമില്ല. രാവിലെ ഗുരുവായൂരുപോകാമെന്നു പറഞ്ഞത്‌ അമ്മയാണ്‌. വനജ അതുകേള്‍ക്കാന്‍ കാത്തിരുന്നതുപോലെ അപ്പോള്‍ പോകാന്‍ പോലും തയ്യാറായി.

കാര്‍ ഹൈവേയിലേക്കു കയറി.സതീശന്റെ കണ്ണുകള്‍ അടഞ്ഞു തുടങ്ങി.രാവിലെ ആയതുകൊണ്ട്‌ മുഖത്ത്‌ തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. നജീബ്‌ ഉറങ്ങുന്നുണ്ടോ എന്നറിയാന്‍ കുറെ നേരം അവനെ നോക്കിയിരുന്നിട്ട്‌ സതീശനൊന്നും പിടികിട്ടിയില്ല. വെറുതെ വഴിയിലേക്കു നോക്കിയിരിക്കുമ്പോള്‍ പണ്ടു താന്‍ നടന്നു പോയ നാട്ടിടവഴിയും കശുമാവും സ്കൂളിലെ കൂട്ടുകാരുമൊക്കെ സതീശന്റെ ഉറക്കത്തിനു കൂട്ടുവന്നു.കശുമാങ്ങ മണക്കുന്ന ഒരുസ്വപ്നവും കൂടെ വന്നു.



നാലാം ക്ലാസില്‍ നിന്നും അഞ്ചിലേക്കു ജയിച്ചവര്‍ഷം അവധിക്ക്‌ ഒരു ദിവസം രാവിലേ കശുമാവില്‍ കയറിയതായിരുന്നു എല്ലാവരും.പഴുക്കാന്‍ തുടങ്ങുന്ന കാരമാങ്ങ തിന്ന് ജോസഫ്‌ ആടുകരയുന്ന പോലെ തൊണ്ടകാറി ശബ്ദമുണ്ടാക്കി എല്ലാവരേയും ചിരിപ്പിച്ചു. കുന്നിനുമുകളിലായിരുന്നു കശുമാവു നിന്നത്‌. താഴെ ചെമ്മണ്ണുറോഡ്‌ അങ്ങാടി വരെ നീണ്ടു കിടന്നു.ദിവാകരന്‍ മാവിന്റെ കൊമ്പു കുലുക്കി മാങ്ങ വീഴിച്ചു. ചുവന്ന നിറമുള്ള മധുരമുള്ള കശുമാങ്ങ തിന്ന് എല്ലാവരുടെയും ദേഹത്ത്‌ പഴക്കറ വീണു.എന്തോ മുരളുന്ന ശബ്ദം കേട്ട്‌ ദിവാകരന്‍ കൊമ്പുകുലുക്കല്‍ നിര്‍ത്തി. എല്ലാവരും ശബ്ദം കേട്ടിടത്തേക്കു നോക്കി.ഒരു ലോറി കയറ്റം കയറി വരികയായിരുന്നു. ലോറിക്കുപുറകില്‍ പൊടിപടലം ഉയര്‍ന്നു. ലോറി കശുമാവിന്റെ ചുവട്ടില്‍ വന്നു കിതച്ചു നിന്നു. അടുത്ത പറമ്പില്‍ കപ്പ പറിക്കുന്നത്‌ കയറ്റിക്കൊണ്ടുപോകാന്‍ വന്ന ലോറിയായിരുന്നു അത്‌. "നോക്കടാ ലോറിക്കു പേരില്ല". മോഹനന്‍ പറഞ്ഞു. എല്ലാവരും അത്ഭുതത്തോടെ നോക്കിയപ്പോള്‍ ശരിയാണ്‌. ലോറിക്കു പേരില്ലായിരുന്നു. ലോറിയുടെ വരവു കണ്ടുതന്നെ എല്ലാവരും പകച്ചു പോയിരുന്നു.വല്ലപ്പോഴും കപ്പ കയറ്റാന്‍ വരുന്ന ലോറിയും പിന്നെ ചാണകം കയറ്റുന്ന 'ചാണാന്‍ ലോറി'യുമല്ലാതെ ആരും തന്നെ ലോറി അധികം കണ്ടിട്ടില്ലായിരുന്നു. എന്നാലും പേരില്ലാത്ത ലോറിയോ ബസ്സോ ആരും കണ്ടിട്ടില്ലായിരുന്നു. "എന്താണ്‌ ലോറിക്കു പേരില്ലാത്തത്‌" ദിവാകരന്‍ ചോദിച്ചു. ആരും മിണ്ടിയില്ല. ദിവാകരന്‍ ജോസഫിന്റെ മുഖത്തേക്കു നോക്കി.ജോസഫായിരുന്നു സര്‍വവിജ്ഞാനകോശം. എല്ലാ സംശയത്തിനും ജോസഫിനു മറുപടിയുണ്ടായിരുന്നു. ആറാം ക്ലാസില്‍ രണ്ടുതവണ തോറ്റതുകോണ്ടാണെന്ന് ബാബു പറഞ്ഞു നടന്നു. ആരും അതു വകവച്ചില്ല.ലോറിക്കുപേരില്ലാത്തത്‌ ജോസഫിനൊഴികെ ആര്‍ക്കും മനസ്സിലായില്ല. ജോസഫ്‌ എല്ലാവരുടെയും നേതാവായിരുന്നു. അല്ലെങ്കില്‍ മാത്തന്‍ ചേട്ടന്റെ പറമ്പിലെ കൊന്നത്തെങ്ങിനേക്കാള്‍ പൊക്കമുള്ള ആഞ്ഞിലിയുടെ ചാഞ്ഞകൊമ്പില്‍ കയറി അയിനിപ്പഴം പറിക്കാന്‍ ജോസഫിനല്ലാതെ ആര്‍ക്കു പറ്റും ( ആഞ്ഞിലി ചതിയനാണ്‌. കൊമ്പൊടിച്ച്‌ ആളെ വീഴിക്കും.). എല്ലാവരും ഉത്തരത്തിനായി ജോസഫിന്റെ നേരെ നോക്കി. കശുമാവിനുചുവട്ടില്‍ ഡ്രൈവറും ക്ലീനറും പറമ്പില്‍ കപ്പ്പ്പ പറിക്കുന്നവരെ നോക്കി നില്‍ക്കുകയായിരുന്നു. "അവര്‍ പോകട്ടെ" ജോസഫ്‌ പറഞ്ഞു. ഏല്ലാവരും താഴെ നോക്കി. ഡ്രൈവറും ക്ലീനറും തമ്മില്‍ എന്തോ പറഞ്ഞ്‌ ചിരിച്ച്‌ കപ്പ പറിക്കുന്ന പറമ്പിലേക്കു പോയി. ഡ്രൈവര്‍ പോകുന്ന വഴി ഇഞ്ചപ്പുല്ലിന്റെ ഇല പറിച്ച്‌ കയ്യിലിട്ടു തിരുമ്മി മണപ്പിച്ചു. അവര്‍ പോയപ്പോള്‍ ജോസഫ്‌ പറഞ്ഞു. " ഈ ലോറി ഒരാളെ കൊന്നു. ആളെ കൊന്ന ലോറിക്ക്‌ ഒരു വര്‍ഷത്തേക്ക്‌ പേരിടാന്‍ പറ്റില്ല" ഈ അറിവില്‍ എല്ലാവരും ഞെട്ടി. ആളെ കൊന്ന ലോറിയെ എല്ലാവരും വീണ്ടും വീണ്ടും നോക്കി. ജോസഫ്‌ മരത്തില്‍ നിന്നും ചാടിയിറങ്ങി ലോറിയുടെ ടയറിനു തൊഴിച്ചു. " ഈ ടയര്‍ ഇടിച്ചാണു ആള്‌ ചത്തത്‌. കണ്ടാലറിയാം". എല്ലാവരും ഭയത്തോടെ ആ ടയറില്‍ നോക്കി. ജോസഫ്‌ ആ ടയറില്‍ മൂത്രമൊഴിച്ചു. എല്ലാവരും ആര്‍ത്തു ചിരിച്ചു.



ലോറിയുടെ നെയിം ബോര്‍ഡില്‍ മഞ്ഞ പെയിന്റടിച്ചിരുന്നു. ഒരു കളഭക്കുറി തൊട്ട്‌ ലോറി ചിരിച്ചു കിടന്നു.ലോറിയുടെ ഇളിച്ച പല്ലുകള്‍ക്കിടയിലൂടെ റേഡിയേറ്റര്‍ കാണാമായിരുന്നു. "നോക്കടാ ഒരു ഈച്ച ചത്തുകെടക്കണ്‌". ബാബു പറഞ്ഞു. നോക്കുമ്പോള്‍ ശരിയാണ്‌. റേഡിയേറ്ററില്‍ ഒരു ഈച്ച ചത്തു പറ്റിപിടിച്ചു കിടക്കുന്നു. "ഇതിന്റെയുള്ളില്‍ നിറയെ കറന്റാണ്‌. തൊട്ടാല്‍ ആള്‌ മരിക്കും" ജോസഫ്‌ പറഞ്ഞു. എല്ലാവരും ഭയത്തോടെ റേഡിയേറ്ററില്‍ നോക്കി. " അതിനു വണ്ടി നിര്‍ത്ത്യാ പിന്നെ കറന്റില്ല" ബാബു പറഞ്ഞു. "പോടാ നിനക്കെന്തറിയാം. വണ്ടി നിര്‍ത്തിയാലും കറന്റുണ്ടാവും. ഈ ഈച്ച ഇപ്പോള്‍ ഓടിക്കേറീതാ നോക്ക്യെ ചത്തു കിടക്കണു" ജോസഫ്‌ പറഞ്ഞു." പക്ഷെ എനിക്കറിയാം ഷോക്കടിക്കാതെ തൊടാന്‍". അവന്‍ വിരല്‍ നീട്ടി റേഡിയേറ്ററില്‍ തൊടാന്‍ ശ്രമിച്ചു. "എനിക്കു പേടിയാവുന്നു" സതീശന്‍ പറഞ്ഞു. ജോസഫ്‌ വിക്യതമായ ചിരിയോടെ വീണ്ടും തൊടാന്‍ ശ്രമിച്ചു. സതീശന്‍ പേടിച്ചു വിറച്ചു കണ്ണുകള്‍ ഇറുക്കി അടച്ചു. ജോസഫ്‌ വീണ്ടും ചിരിച്ചു. ജോസഫ്‌ ഇപ്പ്പ്പോള്‍ മരിക്കും സതീശന്‍ വിചാരിച്ചു. " തൊടല്ലേ ജോസപ്പേ തൊട്ടാല്‍ നീ മരിക്കും. തൊടല്ലേ ജോസപ്പേ" സതീശന്‍ കണ്ണുകള്‍ ഇറുക്കിയടച്ച്‌ അലറി. ജോസഫിന്റെ വിക്യതമായ ചിരി അവന്റെ മുന്നില്‍ ഓളം വെട്ടി.


തൊടല്ലേ ജോസപ്പ്പ്പേ എന്നലറി സതീശന്‍ കണ്ണു തുറന്നപ്പോള്‍ കാണുന്നതു ഹൈവേയുടെ മറുവശത്തുനിന്നു വെട്ടിത്തിരിഞ്ഞ്‌ കാറിനു നേരെ വരുന്ന ലോറിയാണ്‌. നജീബ്‌ സതീശന്റെ ഉറക്കത്തിലെ അലര്‍ച്ച കേട്ടു സതീശനെ നോക്കുകയായിരുന്നു. ലോറി നേരെ വന്നു കാറിന്റെ മുന്നില്‍ അതിശക്തിയായി വന്നിടിച്ചു.കാര്‍ പിന്നോക്കം പോയി. ആര്‍ക്ക്‌ എന്തൊക്കെ പറ്റി തനിക്ക്‌ എന്തു പറ്റി എന്ന് സതീശന്‍ ചിന്തിക്കുന്നതിനുമുന്‍പ്‌ കാര്‍ ഹൈവേയുടെ പുറത്തേക്ക്‌ ചെരിഞ്ഞു വീണു.


ഇടിച്ച ലോറിയുടെ പേര്‌ വായിക്കാന്‍ പറ്റാതെ, ഇനി ലോറിക്ക്‌ ഒരു വര്‍ഷത്തേക്ക്‌ പേരിടാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത്‌, കളഭക്കുറി തൊട്ട ഒരു ലോറിയെപ്പറ്റിയോര്‍ത്ത്‌, ജോസഫ്‌ ഇപ്പോള്‍ എവിടെയാവും എന്നൊക്കെയോര്‍ത്ത്‌, ചിരിച്ച്‌, കണ്ണടച്ച്‌ സതീശന്‍ സ്വപ്നങ്ങള്‍ ഇനിയൊരിക്കലുമുണ്ടാകാത്ത ഒരു ഉറക്കത്തിലേക്ക്‌ ഊളിയിട്ടു

ഇന്നത്തെ ചിന്താ വിഷയം

കണക്കപ്പിള്ളേടെ വീട്ടില്‌ വറക്കലും പൊരിക്കലും

കണക്കുനോക്കുമ്പോ കരച്ചിലും പിഴിച്ചിലും

-സഞ്ജയന്‍