Friday, January 18, 2008

നിസ്സഹായതയുണ്ടാക്കുന്ന പ്രശ്നങ്ങള്‍

എന്റെ മുറിയില്‍ നിന്ന് നേരെ നോക്കിയാല്‍ കാണുന്നത്‌ ഒരു മൈതാനമാ. വലതുവശത്തെ ജനാലയിലൂടെ കാണുന്നത്‌ ഒറ്റ നിലയുള്ള ഒരു വീട്‌. അതിനപ്പുറം വീടുകളുടെ നിരകള്‍. എന്റെ വീടിന്റെ ഇടതുവശത്തും വീടുകളാ‌. എന്റെ മുറി രണ്ടാം നിലയിലായതുകൊണ്ട്‌ മറ്റു മുറികള്‍ കാരണം ആ കാഴ്ച കാണാന്‍ പറ്റുല്ല.

എന്നാലും ഈ മുറിയില്‍ നിന്നു നോക്കിയാല്‍ മൈതാനവും അതിനപ്പുറത്തെ റോഡും വീടിനുമുന്‍പിലെ റോഡ്‌ എന്നിവയെല്ലാം കാണാം. ഹൗസിങ്ങ്‌ കോളനി ആയതുകൊണ്ട്‌ ഒരോ തരം ആളുകള്‍ വന്നും പോയും ഇരിക്കുന്നു. കൂടുതലും പലതരത്തില്‍പ്പെട്ട വില്‍പ്പനക്കാരാ. പിന്നെ വീട്ടുനമ്പര്‍ നോക്കി കഷ്ടപ്പെടുന്ന കൊറിയര്‍ സ്ഥാപനത്തില്‍ പണിയെടുക്കുന്ന പയ്യമ്മാരും.


ഞാനിവിടുന്ന് എങ്ങും പോവാറില്ല. വല്ലപ്പോഴും പള്ളിയില്‍ പോകണമെന്ന് തോന്നുമ്പോള്‍ മോളിയോട്‌ പറയും.ഞാനെങ്ങനിയാ അമ്മച്ചിയെ പള്ളിയില്‍ കൊണ്ടുപോകുന്നേ എന്നവള്‍ പറയും. മോളി ഇവിടുത്തെ ഹോം നേഴ്‌സാണ്‌. എന്റെ മോന്‍ അലക്സും അവന്റെ ഭാര്യ ഷൈനിയും ഏര്‍പ്പാടാക്കിയതാ. ഞാന്‍ നറച്ച്‌ മരങ്ങളൊക്കെ ഒള്ള നാട്ടിന്‍പുറത്തെ വീട്ടിലായിരുന്നു. അവടെക്കെടന്നാ ചിക്കന്‍ഗുനിയ പിടിക്കൂന്ന് പറഞ്ഞ്‌ അലക്സാ ഇവിടെകൊണ്ടേ ആക്കിയത്‌. എന്നിട്ടവര്‌ അമേരിക്കയിലേക്ക്‌ തിരിച്ചു പോയി.

മോളി നല്ലവളാ. എന്നേ നല്ലോണം നോക്കും. അവളെപ്പോഴും താഴത്തെ മുറിയില്‍ ടീവീം കണ്ടോണ്ടിരിക്കും. എനിക്കീ ടീവീ കാണണത്‌ ഇഷ്ടമേ അല്ല. എനിക്ക്‌ പുറത്തെ കാഴ്ചകള്‌ കണ്ടോണ്ടിരിക്കണതാ ഇഷ്ടം.

അപ്പുറത്തെ വീട്ടില്‌ എന്റെ അലക്സിന്റെ പ്രായോള്ള ഒരു മോനും അവന്റെ ഭാര്യയുമാ താമസിച്ചിരുന്നത്‌ അവര്‌ രണ്ടു ജാതിയില്‍പെട്ടതാണെന്നും സ്നേഹിച്ച്‌ കല്യാണം കഴിച്ചതാണെന്നും മോളി പറഞ്ഞാ ഞാനറിഞ്ഞത്‌ അതുകൊണ്ടാ അവടെ വേറെയാരും വരാത്തതെന്നും മോളി പറഞ്ഞു തന്നു.എന്നാലും എപ്പോഴും അവടന്ന് പാട്ട്‌ കേള്‍ക്കായിരുന്നു. ഇടക്ക്‌ വഴക്കും.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ഞാനിങ്ങനെ മൈതാനത്തേക്കും നോക്കിയിരിക്കുമ്പോള്‌ കുറെ പയ്യന്മാര്‌ ബൈക്കില്‌ വന്ന് മൈതാനത്തിന്റെ നടുവിലുള്ള മരത്തിന്റെ ചോട്ടില്‍ നിന്ന് എന്തൊക്കെയോ പറഞ്ഞ്‌ ചിരിക്കുന്നു. പൂവാലന്മാരാന്നാ തോന്നിയത്‌. അപ്പോഴേക്ക്‌ അയലുവക്കത്തെ പെണ്‍കൊച്ച്‌ ജോലി കഴിഞ്ഞ്‌ മൈതാനത്തിന്റെ അപ്പുറത്ത്‌ ബസ്സിറങ്ങി നടന്നു വരുന്നു. അവള്‌ ഈ സമയത്താ എന്നും വരുന്നെ. കുറച്ച്‌ കഴിഞ്ഞ്‌ അവളുടെ കെട്ടിയോന്‍ ബൈക്കില്‌ വരും. രണ്ടുപേരും ഒന്നിച്ച്‌ വന്ന് കണ്ടിട്ടില്ല. എന്നാലും രണ്ടുപേരും നല്ല ചേര്‍ച്ചയാ.

പെങ്കൊച്ച്‌ വന്നപ്പോ ബൈക്കുകാര്‌ പയ്യന്മാര്‌ കമന്റടിക്കൂന്നാ ഞാന്‍ വിചാരിച്ചേ. അവര്‌ നോക്കിയതുകൂടെ ഇല്ല. അപ്പോള്‌ അവളുടെ കൈയ്യീന്ന് വീണുപോയ എന്തൊ കടലാസ്‌ ഒരു പയ്യന്‍ എടുത്ത്‌ കൊടുക്കു കൂടെ ചെയ്തു. നല്ല കുടുമ്പത്തീ പിറന്ന പിള്ളേരാ. അവമ്മാര്‌ ഒറക്കെ ചിരിക്കേം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കോം ഒക്കെ ചെയ്ത്‌. എനിക്കവരെ കണ്ടപ്പോ നല്ല സന്തോഷം തോന്നി.

കുറച്ചു കഴിഞ്ഞപ്പോ അടുത്തവീട്ടിലെ പയ്യന്‍ മൈതാനത്തിന്റെ നടുക്കുകൂടെ ബൈക്കില്‌ വരുന്ന കണ്ടു. അവന്‍ എപ്പോഴും ഒരേ സമയത്താ വരുന്നേ. അവന്‍ അടുത്തെത്തിയപ്പോ ബൈക്കുകാര്‌ പിള്ളേര്‍ അവന്റെ ബൈക്കിനു മുന്നില്‍ ചാടിയിട്ട്‌ പെട്ടെന്ന് വാളും കത്തിയുമെടുത്ത്‌ കുത്തി. ഞാന്‍ പേടിച്ചു നിലവിളിച്ചതുകേട്ട്‌ മോളി ഓടി വന്നു. അവളും അത്‌ കണ്ട്‌ കരഞ്ഞു. അടുത്ത വീട്ടിലെ പയ്യനെ അവന്മാര്‌ ഓടിച്ചിട്ട്‌ വെട്ടണത്‌ ഞാന്‍ കണ്ടു. കൊട്ടേഷന്‍കാര്‌ ആ ചേട്ടനെ കൊന്നല്ലോ എന്ന് പറഞ്ഞ്‌ മോളി അലറിക്കരഞ്ഞ്‌ ജനാലയെല്ലാം അടച്ച്‌. എനിക്ക്‌ പിന്നെ ഒന്നും ഓര്‍മയില്ലായിരുന്നു.

ഇന്നലെയാ ഈ ജനാലകള്‌ വീണ്ടും തുറന്നത്‌. അടുത്ത വീട്ടിലെ പെണ്‍കൊച്ചിനെ അവളുടെ വീടുകാര്‌ വന്ന് കൊണ്ടോയി എന്ന് മോളി പറഞ്ഞു. എപ്പോഴും ആ കൊച്ചിന്റെ കരച്ചിലാ എന്റെ ചെവിയില്‌.

ഇന്നലെ രാത്രി നോക്കുമ്പോഴ്‌ ആ പയ്യന്മാര്‌ പിന്നേം ആ മരത്തിന്റെ ചോട്ടില്‍ ബൈക്കിന്റെ പുറത്തിരുന്ന് ചിരിച്ച്‌ വര്‍ത്താനം പറയണത്‌ ഞാന്‍ കണ്ട്‌. മോളിയെ വിളിച്ച്‌ കാണിച്ചപ്പോ അവള്‌ പറയണത്‌ അവിടെ ആരുമില്ലാന്നാ. പക്ഷെ എനിക്കു കാണാം. അവന്മാരടെ ചിരി എനിക്ക്‌ പിടിക്കണില്ല. ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ അവമ്മാരെ നോക്കി ഒറങ്ങാതെ ഇരുന്നു.

ഇന്ന് പകലൊക്കെ അവന്മാര്‌ അവടെ ഇരിക്കണുണ്ട്‌. ആ ചിരീം ഉണ്ട്‌. അതുപറഞ്ഞപ്പോ മോളി അമ്മച്ചിക്ക്‌ തോന്നണതാണെന്നു പറഞ്ഞു കരഞ്ഞ്‌.എനിക്ക്‌ കാണാന്‍ പറ്റണത്‌ മോളിക്കെന്താ കാണാന്‍ പറ്റാത്തത്‌. എനിക്ക്‌ ശരിക്കും കാണാം അവന്മാരെ. ആ ചിരീം കേള്‍ക്കാം.

അമേരീക്കേലോട്ട്‌ ഫോണ്‍ ചെയ്യാന്‍ പോവാ എന്ന് മോളീ കരഞ്ഞോണ്ട്‌ പറഞ്ഞു. അതു നല്ലതാ. അലക്സ്‌ വരുമ്പോ ഒരു തോക്ക്‌ കൊണ്ടുതരാന്‍ പറയണം. എനിക്ക്‌ ആ മരത്തിന്റെ ചോട്ടിലിക്കണവന്മാരെ എല്ലാം ആ തോക്കുകൊണ്ടു കൊല്ലണം. എന്നാലെ ആ പെങ്കൊച്ചിന്റെ കരച്ചില്‌ എന്റെ ചെവീന്ന് പോകൂ.

തോക്കു വേണന്നു പറയുമ്പോ അലക്സ്‌ ചിലപ്പോ ചിരിക്കും. വീല്‍ചെയറില്‍ ഇരിക്കണ അമ്മച്ചിക്ക്‌ എന്തിനാ തോക്ക്‌ എന്നൊക്കെ ചോദിക്കും. എന്നാലും തോക്ക്‌ കിട്ടിയാ അവന്മാരെ...........

26 comments:

കണ്ണൂരാന്‍ - KANNURAN said...

നല്ലൊരു കഥ. 2008ല്‍ ബ്ലോഗില്‍ കണ്ടതില്‍ വച്ച് ഏറ്റവും ഇഷ്ടപ്പെട്ടതും ഇതു തന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പ് എം.മുകുന്ദന്റെ ദെല്‍ഹി 1984 (വര്‍ഷം തെറ്റിയോ?)നല്‍കിയത് ഇത് പോലൊരു ജാലക കാഴ്ച ആയിരുന്നു. അതിന്റെ നടുക്കം ഇന്നും മാറിയിട്ടില്ല, വര്‍ഷങ്ങളൊരു പാടു കൊഴിഞ്ഞുപോയെങ്കിലും. ആശംസകള്‍.

ശ്രീ said...

നല്ല കഥ തന്നെ മാഷേ...
ആശംസകള്‍!
:)

ഒരു “ദേശാഭിമാനി” said...

:)

നമ്മൂടെ ലോകം said...

nannaayirikkunnu!

Anonymous said...

ഉവ്വ! പ്രശ്നം തന്നെ.


ആദ്യത്തെ രണ്ടു പാരഗ്രാഫ് കൂടി സംസാരഭാഷയില്‍ ആക്കൂ. (like dropping the final ണ്)

അരവിന്ദ് :: aravind said...

കൊള്ളാം മാഷേ..ഇഷ്ടായി.

vadavosky said...

ഗുപ്തന്‍> ശരിയാക്കിയിട്ടുണ്ട്‌

simy nazareth said...

വടക്കോവ്സ്കി, ഒരുപാട് ഇഷ്ടപ്പെട്ടു.

ശ്രീവല്ലഭന്‍. said...

വടവോസ്കി,
കുഞ്ഞു കഥ. ഇഷ്ടപ്പെട്ടു.

ഓ.ടോ: ഡല്‍ഹിയില്‍ പോയപ്പോള്‍ ഒരു വക്കീല്‍ സുഹൃത്തിനോട് ഫോണില്‍ സംസാരിച്ചു. ശ്രീവല്ലഭന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്നുണ്ടോ എന്നൊരു ചോദ്യം. പിന്നെയാ പറഞ്ഞതു 'വടു' പറഞ്ഞപ്പോള്‍ സംശയം തോന്നി അത്രേ അത് ഞാന്‍ തന്നെ ആയിരിക്കും എന്ന്. ഞങ്ങള്‍ ഇവിടെ Genevayil വച്ചു കണ്ടിരുന്നു.

വേണു venu said...

വടവോസ്കി,
കഥ ഒന്നാംതരം തന്നെ.ആശംസകള്‍‍.:)

മൂര്‍ത്തി said...

നല്ല കഥ...

ഹരിത് said...

കഥ നന്നായിട്ടുണ്ട്.

വഷളന്‍ said...

വെല്ലാതെ ബോറടിപ്പിച്ചു ഈ ചവറ്‌.

Anonymous said...

ഇതിപ്പോഴാ കണ്ടത്.അങ്ങിനെ വടുകുമാരന്‍ എഴുതു തുടങ്ങി.

ഓ:ടോ;ഇതൊക്കെ തന്നെയല്ലെ പണ്ട് മഹാരാജാസിന്റെ ഇടനാ‍ഴിയിലും നടന്ന് കൊണ്ടിരുന്നത്.ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല.

vadavosky said...

-കഥ വായിച്ച എല്ലാവര്‍ക്കും നന്ദി.
-ഈ വഷളന്റെ ഒരു കാര്യം.
-ശ്രീ വല്ലഭന്‍ ഗോപനെ കണ്ടിരുന്നു അല്ലേ.

-പൈങ്കിളി നീ ദുബായിലാണെന്ന് ഞാന്‍ കണ്ടുപിടിച്ചു. അടുത്ത ആഴ്ച്ച ഞാന്‍ ദുബായിലുണ്ട്‌.

Rajeeve Chelanat said...

വഡവോസ്കി

ബംഗാളികളും മീന്‍‌കറിയും, പഴയ സ്നേഹിതനെക്കുറിച്ചുള്ള കുറിപ്പ്, ഇപ്പോള്‍ ഈ നിസ്സഹായതയും. അങ്ങിനെ ചിലതിലൂടെ കടന്നുപോയി.

മതിപ്പുളവാക്കുന്ന, പിശുക്കുള്ള ഈ രചനാരീതി ബ്ലോഗ്ഗില്‍ അധികം കാണാന്‍ ഇടവന്നിട്ടില്ല. ഇല്ലെന്നല്ല.

ദുബായില്‍ വരുമ്പോള്‍ ബന്ധപ്പെടൂ. ഇ-വിലാസം ബ്ലോഗ്ഗിലുണ്ട്.

സ്നേഹാശംസകളോടെ

രാജ് said...

മുകുന്ദന്റെ ദല്‍ഹി വായിച്ചിരുന്നില്ലെങ്കില്‍ ഈ കഥ ആസ്വദിക്കാനാവുമായിരുന്നില്ല. എഴുത്തുകാരന്‍ ഉദ്ദേശിച്ചില്ലെങ്കില്‍ കൂടെയും വായനക്കാരന്റെ മനസ്സില്‍ ദല്‍ഹി ഈ കഥയോട് നന്നായി ബ്ലെന്‍ഡ് ചെയ്യപ്പെടും. കഥ മോശമെന്ന് ഉദ്ദേശിച്ചില്ല, ആശംസകള്‍.

ഭൂമിപുത്രി said...

മാളികയിലിരിയ്ക്കുന്നഅമ്മച്ചിയുടെ നിസ്സഹായത-
എല്ലാവരിലുമതുണ്ട്
ഒരോരുത്തര്‍ക്കും ഓരോതരത്തില്‍..

umbachy said...

ദുബായില്‍ വരുന്നുണ്ടോ?
കഥയുടെ കാര്യം അവിടെ നിക്കട്ടെ...
നല്ല ഷവര്‍മ വാങ്ങിത്തരാം...
എപ്പൊ എവിടെ എന്നറിയിച്ചാല്‍...

സജീവ് കടവനാട് said...

ബൂലോകം കണ്ട മികച്ച കഥകളിലൊന്നു തന്നെ വടവിസ്കീടെ ഈ കഥ. ആ തലക്കെട്ട് കാരണമായിരിക്കണം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നത്.

Siji vyloppilly said...

ഇങ്ങനെയൊരാള്‍ ബൂലോഗത്ത്‌ വന്നത്‌ ഇപ്പോഴണറിഞ്ഞത്‌. നല്ല കഥ . എഴുതി എഴുതി പരത്താതെ നല്ല ഒതുക്കം

വല്യമ്മായി said...

നല്ല കഥ.

Roby said...

ഗുപ്തന്റെ പുതിയ കഥയില്‍ നിന്നാണ് ഇതു കണ്ടത്...ഇഷ്ടപ്പെട്ടു.

Sethunath UN said...

നല്ല (നോവിയ്ക്കുന്ന) കഥ വ‌ടോ.

ആഷ | Asha said...

വളരെ നന്നായിരിക്കുന്നു വടവോസ്കി.
ഗുപ്തന്റെ കഥയുടെ അവസാനം ഒന്നൂടെ മനസ്സിലാക്കാന്‍ ഇതെന്നെ സഹായിച്ചു.
:)

Jayasree Lakshmy Kumar said...

ഗുപ്തരുടെ കഥയില്‍ നിന്നാണ് ഞാനും ഇങ്ങോട്ട് ചാടിയത്. ചില നിസ്സഹായതകള്‍ ‘എനിക്കും ഒരു തോക്ക് കിട്ടിയിരുന്നെങ്കില്‍’ എന്ന ചിന്ത ഉണ്ടാക്കിയിട്ടുണ്ട്. കിട്ടാത്ത തോക്കിന്റെ ഇല്ലാത്ത തിരകളുടെ മൂര്‍ച്ച വാക്കുകളിലാക്കി പ്രയോഗിക്കുമ്പോള്‍ അത് ചിലപ്പൊള്‍ അനര്‍ഹരായവരില്‍ ചെന്നു പതിക്കാറുണ്ട്. അതും ചില നിസ്സഹായതയുണ്ടാക്കുഅ പ്രശ്നങ്ങള്‍
ഗുപ്തരുടെ കഥക്കും കൂടിയുള്ള മറുപടിണിത്