Saturday, February 16, 2008

കറുമുറാ കറുമുറാ

ഹോട്ടല്‍ മുറിയില്‍ ചെക്കിന്‍ ചെയ്ത ഉടനെ തന്നെ ജോണ്‍ മാത്യു മൊബൈലെടുത്ത്‌ ഒരു നംബര്‍ ഡയല്‍ ചെയ്തു.പ്രത്യേക കോഡ്‌ വാക്കാണ്‌ ഫോണ്‍ ബുക്കില്‍.ഫ്രെഡി എന്ന പേരിനുപകരം ഇംഗ്ലീഷ്‌ അക്ഷരമാലയിലെ എഫ്‌, ഡി എന്ന അക്ഷരങ്ങള്‍ മാത്രം.

പുതിയ ഹിറ്റ്‌ പാട്ടിലെ രണ്ടുവരികള്‍ കഴിഞ്ഞപ്പോള്‍ ഫ്രഡിയുടെ സ്വരം കേട്ടു
" ആരാണ്‌". സൗമ്യമായ കുലീനമായ ശബ്ദം.

'ഞാന്‍ ജോണ്‍ മാത്യു. ബോംബയിലെ ജി.കെ. നായര്‍ ആണ്‌ ഈ നമ്പര്‍ തന്നത്‌. ജി.കെ താങ്കളോട്‌ എന്റെ കാര്യം പറഞ്ഞിരിക്കുമല്ലോ.".

പെട്ടെന്ന് മറുതലക്കല്‍ സ്വരം ഒന്നുകൂടി സൗമ്യമായി.

"ഓ. മനസ്സിലായി. ഞാന്‍ നിങ്ങളുടെ കോള്‍ വെയിറ്റ്‌ ചെയ്യുകയായിരുന്നു. ഇപ്പോള്‍ എവിടെയുണ്ട്‌'.

'ഞാന്‍ ഹോട്ടലിലെത്തി".

'ഞാന്‍ അരമണിക്കൂറിനുള്ളില്‍ എത്തും" മൊബൈല്‍ നിശബ്ദമായി.

ജോണ്‍ മാത്യു ജനാല തുറന്ന് പുറത്തേക്കു നോക്കി.ആറാം നിലയില്‍ നിന്നു നോക്കിയാല്‍ കൊച്ചിക്കായല്‍ കാണാം. സമയം രാവിലെ പതിനൊന്നുകഴിഞ്ഞതേയുള്ളുവെങ്കിലും താഴെ മറീന്‍ ഡ്രൈവില്‍ ആളുകള്‍ ധാരാളം ഉണ്ട്‌. പണ്ട്‌ കായലിലൂടെ ധാരാളം ബോട്ടുകള്‍ പോയിരുന്നത്‌ ഗോശ്രീ പാലം വന്നതുകൊണ്ടാവും കുറഞ്ഞിട്ടുണ്ടെന്നു തോന്നി.

എന്തെങ്കിലും കുടിക്കാന്‍ ഓര്‍ഡര്‍ ചെയ്യണോ എന്ന് കുറേ നേരം ആലോചിച്ചിരുന്നപ്പോള്‍ കതകില്‍ തട്ടുന്നതു കേട്ടു. തുറന്നപ്പോള്‍ ജീന്‍സും കറുത്ത ടീ ഷര്‍ട്ടുമിട്ട്‌ ഒരു ചെറുപ്പക്കാരന്‍. പുറകില്‍ ജീന്‍സും പിങ്ക്‌ ടോപ്പ്പ്പുമിട്ട്‌ ഒരു പെണ്‍കുട്ടി.

"ഹലോ. ഞാന്‍ ഫ്രഡി".. ചെറുപ്പക്കാരന്‍ കൈ നീട്ടി.

ഇതുപോലുള്ള ഒരാളെയല്ല പ്രതീക്ഷിച്ചത്‌. ജോണ്‍ മാത്യു മനസ്സില്‍ കരുതി.

പുഞ്ചിരിച്ചുകൊണ്ട്‌ പെണ്‍കുട്ടി മുറിക്കകത്തേക്കു കയറി. കൂസലില്ലാത്ത പെരുമാറ്റം. ഫ്രഡിയുള്ളതുകൊണ്ട്‌ അവളെ അധികം നോക്കിയില്ല.

" ടേംസ്‌ ഒക്കെ മിസ്റ്റര്‍ ജി.കെ പറഞ്ഞിട്ടുണ്ടാവുമല്ലോ." ഫ്രഡി സൗമ്യമായി ചിരിച്ചു.

പെണ്‍കുട്ടി ജനലിലൂടെ കായലില്‍ ബോട്ടുകള്‍ പോകുന്നത്‌ നോക്കുകയാണ്‌.

" അറിയാം". ജോണ്‍ മാത്യു പറഞ്ഞു. " ഞാന്‍ കൃത്യം നാലു മണിക്കു വരും" കാശു വാങ്ങി പോകുമ്പോള്‍ ഫ്രഡി പറഞ്ഞു. വീണ്ടും സൗമ്യമായ പുഞ്ചിരി. ജനാലക്കല്‍ നിന്ന് പെണ്‍കുട്ടി തിരിഞ്ഞുനോക്കിയതുപോലുമില്ല.

ജോണ്‍ മാത്യു ജനാലക്കരികില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ നോക്കി. ഉള്ളില്‍ എന്തോ മിന്നുന്നതുപോലെ തോന്നി. ജി.കെ പറഞ്ഞു കേട്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല.

പെട്ടെന്ന് പെണ്‍കുട്ടി തിരിഞ്ഞു ജോണ്‍ മാത്യുവിനെ നോക്കി പറഞ്ഞു. ' എന്താണ്‌ ഇങ്ങനെ നോക്കുന്നത്‌. ഹായ്‌ ഐ ആം ബിന്‍സി."

"ഐ ആം ജോണ്‍".

"എനിക്കൊന്നു ഫ്രഷ്‌ ആവണം. ഫ്യൂ മിനിട്‌സ്‌ പ്ലീസ്‌". ബിന്‍സി ബാത്‌റൂമിലേക്കുപോയി. വളരെ നല്ല ഉച്ചാരണം എന്ന് ജോണ്‍ മാത്യു മനസ്സില്‍ വിചാരിച്ചപ്പോഴേക്കും മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ ജി.കെ.

ആഹ്ലാദം അടക്കാനാകാതെ ജോണ്‍ മാത്യു പറഞ്ഞു.

" ജി.കെ ഞാന്‍ ഇത്രയും കരുതിയില്ല. ഇത്‌ നീ പറഞ്ഞതുപോലെ കുകുംബര്‍ തന്നെ. കറുമുറു. കറുമുറു."

" ആളെവിടെ" ജി.കെ ചോദിക്കുന്നു.

"അവള്‍ കുളിക്കാന്‍ കയറി"

" കാര്യമായ ടിപ്പ്‌ കൊടുക്കണം' ജി.കെ സംഭാഷണം നിര്‍ത്തി.

ഒരു ബാത്ത്‌ ടവ്വല്‍ മാത്രം ഉടുത്ത്‌ ബിന്‍സി ബാത്‌റൂമില്‍ നിന്നും ഇറങ്ങി വന്ന് തോളറ്റം വരുന്ന മുടി രണ്ടുവശത്തേക്കും കറക്കി. ജോണ്‍ മാത്യുവിനു നേരെ നോക്കി ചിരിച്ചു.ആ ചിരിയുടെ സൂര്യപഭയില്‍ ജോണ്‍ മാത്യുവിന്റെ കണ്ണിരുണ്ടു.

വേറൊരു റിങ്ങ്റ്റോണ്‍ കേട്ട്‌ ജോണ്‍ മാത്യു തന്റെ ഫോണെടുക്കാന്‍ നോക്കുമ്പോള്‍ ബിന്‍സി അവളുടെ ഫോണില്‍ സംസാരം തുടങ്ങി. ഏതൊ ടെക്സ്റ്റ്‌ ബുക്കുകളുടെ പേരുകള്‍ ഹോട്ടലിന്റെ നോട്ട്‌ പാഡില്‍ അവള്‍ എഴുതിയെടുക്കുന്നുണ്ട്‌.

" സോറി. ഞാന്‍ ഇവിടെ കോളേജില്‍ പഠിക്കുകയാണ്‌. സിലബസ്സ്‌ ഇക്കൊല്ലം മാറിയതുകൊണ്ട്‌ കുറച്ച്‌ ബുക്കുകള്‍ കൂടി കിട്ടാനുണ്ട്‌. അത്‌ വാങ്ങിച്ചുകൊണ്ടു ചെല്ലണമെന്ന് ഹോസ്റ്റലില്‍ നിന്ന് കൂട്ടുകാരി വിളിച്ചതാണ്‌. ഞാന്‍ മൊബൈല്‍ ഓഫ്‌ ചെയ്യുകയാണ്‌' ബിന്‍സി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

ഇവളുടെ ആളെക്കൊല്ലിക്കുന്ന ചിരി. ഇതിനെപ്പറ്റി ജി.കെ പറഞ്ഞില്ലല്ലോ എന്ന് ജോണ്‍ മാത്യു മനസ്സില്‍ പറഞ്ഞു.

ഊഷ്മളമായ നിമ്നോന്നതങ്ങളിലൂടെ കയറിയിറങ്ങുമ്പോള്‍ പിന്നെയും മൊബൈല്‍ അടിച്ചു. ഇത്തവണ ജോണ്‍ മാത്യുവിന്റേതാണ്‌. കൈയെത്തിച്ചു ഫോണെടുത്ത്‌ ചെവിയില്‍ വയ്കുമ്പോള്‍ മറുതലക്കല്‍ നിന്ന് അലര്‍ച്ചയാണ്‌.

"ഡാഡ്‌. എന്നോടു പറയാതെ കൊച്ചിക്കു പോയി അല്ലേ. യൂ ഓള്‍ഡ്‌ മാന്‍. എനി വേ. എനിക്ക്‌ കുറച്ച്‌ ബുക്സ്‌ വേണം. എറണാകുളത്ത്‌ മാത്രമേ കിട്ടൂ. ഉടനെ വാങ്ങണം. കോളേജില്‍ കിട്ടാനേ ഇല്ല. ഞാന്‍ പറയുന്നത്‌ എഴുതിക്കോളൂ".

മറുത്തൊന്നും പറയുന്നതിനു മുന്‍പ്‌ പുസ്തകങ്ങളുടെ പേരുകള്‍ മകള്‍ പറയാന്‍ തുടങ്ങി. ആ പേരുകള്‍ കുറച്ചുമുന്‍പ്‌ കേട്ടതാണല്ലോ എന്ന് ജോണ്‍ മാത്യു പെട്ടെന്ന് ഓര്‍ത്തു. മോളൂ എനിക്കറിയാം ഈ ബുക്കുകളുടെയെല്ലാം പേരുകള്‍ ഞാന്‍ തീര്‍ച്ചയായും വാങ്ങിക്കാം എന്ന് പറഞ്ഞ്‌ ജോണ്‍ മാത്യു പെട്ടെന്ന് ഫോണ്‍ ഓഫാക്കി.


സിലബസ്സില്ലാതെ പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ത്ത്‌ ജോണ്‍ മാത്യു കിതപ്പിന്റെ പടികള്‍ കയറുമ്പോള്‍ കണ്ണടച്ചു കിടന്ന് താനെഴുതിയെടുത്ത ബുക്കുകളുടെ പേരുകള്‍ ശരിതന്നെയാണൊ എന്നോക്കുകയായിരുന്നു ബിന്‍സി. ശരിയല്ലെങ്കില്‍ ജോണിന്റെ മകളുണ്ടാക്കാവുന്ന വഴക്ക്‌ അവള്‍ സങ്കല്‍പിച്ചു. പണ്ട്‌ താനും പപ്പയും പലതവണ നിസ്സാരകാര്യത്തിന്‌ വഴക്കിട്ടതോര്‍ത്ത്‌ ബിന്‍സി ചിരിച്ചു. സൂര്യപഭയുള്ള ആ ചിരി ജോണ്‍ മാത്യു കണ്ടില്ല.

29 comments:

അനംഗാരി said...

സുന്ദരം.ലളിതം...

ഡോക്ടര്‍ said...

നല്ലതു....

Anonymous said...

ഔട്ട് ഓഫ് സിലബസ് തന്നെ! നന്നായി :)

ശ്രീവല്ലഭന്‍. said...

:-)

നിരക്ഷരൻ said...

കൊച്ചിയുടെ മാറുന്ന മുഖം അല്ലേ? അതോ കൊച്ചിക്ക് ഈ മുഖം തന്നെയായിരുന്നോ മുന്‍പും?

നല്ല അഖ്യാനശൈലി.

G.MANU said...

കൊള്ളാം..........

ഹരിത് said...

വായിച്ചു. ഇഷ്ടമായി.

വേണു venu said...

ലളിതം.സിലബസ്സ്.:)

Sethunath UN said...

ന‌ന്നായി . ന‌ല്ല അച്ചടക്കമുള്ള ഒഴുക്കുള്ള എഴുത്ത്. അഭിന‌ന്ദന‌ങ്ങ‌‌ള്‍!

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല കഥ. തലകെട്ട് ഇഷ്ടമായില്ല.

vadavosky said...

വാല്‍മീകി,

തലക്കെട്ട്‌ ആദ്യം ഉദ്ദേശിച്ചത്‌ 'സിലബസിലില്ലാത്ത പാഠം' എന്നായിരുന്നു. പക്ഷെ ജോണ്‍ മാത്യു എന്ന കഥാപാത്രത്തിന്റെ ( അല്ലെങ്കില്‍ ആ കഥാപാത്രം പ്രതിനിധീകരിക്കുന്ന ആളുകളുടെ) മനോഭാവം കഥയുടെ മുഖ്യ തീമായതുകൊണ്ടാണ്‌ ഈ തലക്കെട്ട്‌

simy nazareth said...

കഥ നന്നായി എന്നു പറയണോ അതോ പെണ്‍കുട്ടിയ്ക്ക് ഒരുനുള്ളു വിഷമം കൊടുക്കണോ എന്ന അങ്കലാപ്പ്.

vadavosky said...

@ സിമി,
പെണ്‍കുട്ടിക്ക്‌ വിഷമം ഉണ്ടാകില്ല. ഇങ്ങനെ ആകുന്ന പെണ്‍കുട്ടികളുടെ mind set അങ്ങനെയാണ്‌. ജോണ്‍ മാത്യുമാര്‍ക്കും തങ്ങളുടെ മകളുടെ പ്രായമേ പെണ്‍കുട്ടികള്‍ക്കുള്ളു എന്നത്‌ ആഹ്ലാദമാണുണ്ടാക്കുന്നത്‌.

@ നിരക്ഷരന്‍
ഇത്‌ കൊച്ചിയില്‍ നടക്കുന്നതാണ്‌ എന്നാണ്‌ പോലീസിനുപോലുമറിയാവുന്ന രഹസ്യം

Gopan | ഗോപന്‍ said...

കഥ രസമായി എഴുതിയിരിക്കുന്നു

കാപ്പിലാന്‍ said...

സംഭവ കഥയോ , കെട്ടു കഥയോ , അതോ വെറും കഥയോ ... എന്തായാലും എന്തോ മനസില്‍ ഒരു വിങ്ങല്‍..ഇതായിരിക്കും നമ്മുടെ കേരളത്തിലെ സ്ഥിതി ..അല്ലെ .. നന്നായിരിക്കുന്നു

vadavosky said...

കഥ വായിച്ച്‌ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

Sapna Anu B.George said...

നല്ല ശൈലിയുള്ള എഴുത്ത്

Unknown said...

വഡോവസ്കിയുടെ ജാലക കാഴ്ചകളില്‍ ഞാന്‍ കണ്ട ഏറ്റവും നല്ലൊരു കഥ. വായിച്ചപ്പൊ സത്യം പറഞ്ഞാ വല്ലതായി. ആശംസകള്‍. പിന്നെ നമ്മള്‍ കഴിഞ്ഞ ദിവസം പറഞ്ഞപൊലെ നായകനെ എവിടെയോ കണ്ടുമറന്നു എന്നൊരു തോന്നല്‍. ഹഹ.. സത്യം പറ.. ഞാന്‍ ആരോടും പറയില്ല......

sree said...

ജാലകക്കാഴ്ച്ചകളൊട് പ്രതികരീക്കാതിരിക്കുന്നാല്‍ കുറ്റം ആവില്ലെ.നല്ല variety ഉണ്ട് വിഷയങ്ങളില്‍. പക്ഷെ ഒരു documentation tone തോന്നിയത് വായനയുടെ കുഴപ്പവും ആവാം അല്ലെ? കറുമുറ, സൂര്യകാന്തി..ചിലതു വായിച്ചപ്പോള്‍ നിലപാടു വ്യക്തമാക്കാന്‍ കഥാകാരന്‍ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ടോ എന്നൊരു സംശയം. കഥ കാഴ്ച്ചക്കപ്പുറം സഞ്ചരിചിരുന്നെങ്കില്‍ അത് കഥാപത്രങ്ങള്‍ തന്നെ പറഞ്ഞു വച്ചിട്ടു പോയേനെ.

സുഗതരാജ് പലേരി said...

കഥ വളരെ നന്നായി.

സിമിയുടെ ചോദ്യത്തിനുള്ള മറുപടി ശരിയാണെന്നെനിക്കും തോന്നുന്നു.
Under Trial എന്നൊരു ഹിന്ദി സിനിമയിലെ ചില സംഭാഷണങ്ങളോര്‍ത്തു പോയി.

vadavosky said...

സ്വപ്ന,
തല്ലുകൊള്ളി,
സുഗതരാജ്‌ :
കഥ വായിച്ചതിനും കമന്റിനും നന്ദി.:)
ശ്രീ:- വിലയേറിയ അഭിപ്രായത്തിനു നന്ദി. documentaion tone കഥകളില്‍ ഉണ്ടോ ?. ഉണ്ടെങ്കില്‍ അത്‌ ബ്ലോഗെഴുത്തിന്റെ കുഴപ്പമാവാം. പ്രിന്റിലാണെങ്കില്‍ കഥയെഴുതുന്നവന്‍ അയക്കുന്നതിനുമുന്‍പ്‌ പല ആവര്‍ത്തി വായിച്ചിട്ടേ പ്രസിദ്ധീകരണത്തിന്‌ അയയ്കൂ. ബ്ലോഗിലാവുമ്പോള്‍ ഒന്നും കാര്യമാക്കാറില്ല. ഇത്‌ ഒരുവിധം എല്ലാ ബ്ലോഗര്‍മാര്‍ക്കും ഉണ്ടാവാം. മറ്റു പലരേയും പോലെ ഞാനും ബ്ലോഗ്‌ ഉള്ളതുകൊണ്ടുമാത്രമാണ്‌ എഴുത്ത്‌ പുനരാംഭിച്ചത്‌. പിന്നെ എല്ലാവരേയും പോലെ തിരക്ക്‌. :)

കുറുമാന്‍ said...

വഡോവ്സ്കിജി,

ഗുപ്തന്റെ കഥയിലൂടെ കറങ്ങിയാണ് ഇങ്ങോട്ട് വന്നത്.

ഇരുതല മൂര്‍ച്ചയുള്ള വാള്‍..

വളരെ നന്നായിരിക്കുന്നു.

പഴയതെല്ലാം വായിക്കട്ടെ

konchals said...

കൊറേ ഇഷ്ടപ്പെട്ടൂ......
ഇപ്പോളാണു ഇതു കണ്ടതു.... ബാക്കി കൂടെ
വായിക്കാട്ടെട്ടൊ...
:-)

ആഷ | Asha said...

ഇത് വായിക്കുമ്പോ മനസ്സിനൊരു ബുദ്ധിമുട്ട്.

യാരിദ്‌|~|Yarid said...

നടന്ന സംഭവം, നടന്നു കൊണ്ടേയിരിക്കുന്ന സംഭവം, നടക്കാവുന്ന സംഭവം.!!!!

കൊച്ചിയില്‍‌ മാത്രമല്ല എവിടെയും നടക്കാവുന്ന സംഭവങ്ങള്‍..!!!!

Sathees Makkoth | Asha Revamma said...

കഥ നന്നായിരിക്കുന്നു.കൊച്ചിയും മാറുന്നു അല്ലേ?

Siji vyloppilly said...

വടോ,
പതിവു ശൈലികളില്‍ നിന്നും മാറി വായിക്കാന്‍ തോന്നിക്കുന്ന എഴുത്താണ്‌ താങ്കളുടേത്‌. സമയക്കുറവുമൂലം എപ്പോഴും എത്താന്‍ പറ്റാറില്ല. വരുമ്പോള്‍ മൊത്തം ഇരുന്ന് വായിക്കുന്നു.:)

faisu madeena said...

നല്ല കഥ .....

Unknown said...

കഥ വായിച്ചു.ഇഷ്ടപ്പെട്ടു എന്നുതന്നെ തോന്നുന്നു. ഒരുപാട് ലളിതം.