Friday, December 14, 2007

ഓലപ്പന്തും മലയാളിയുടെ സൗഹൃദവും

തീവ്രമായ സുഹൃദ്ബന്ധങ്ങള്‍ മലയാളിക്ക്‌ മാത്രം സാധിക്കുന്നതാണ്‌ എന്ന് തോന്നുന്നു. രണ്ടു മലയാളികള്‍ സുഹൃത്തുക്കളാവുന്നത്‌ പെട്ടന്നാണ്‌. വളരെക്കാലം കഴിഞ്ഞാലും ആ ബന്ധത്തിന്‌ മാറ്റങ്ങളൊന്നും ഉണ്ടാവാറില്ല. ഏറെക്കാലം കഴിഞ്ഞ്‌ കണ്ടുമുട്ടുന്ന കൂട്ടുകാരനെ ഇന്നലെ കണ്ടുപിരിഞ്ഞതുപോലെ നാം വരവേല്‍ക്കുന്നു.

എന്താണ്‌ ഒരു കൂട്ടുകെട്ടിന്റെ അടിക്കല്ലുകള്‍. മതം, സാമ്പത്തികം, വിദ്യാഭ്യാസം ഇതെല്ലാം വ്യത്യസ്ഥമായ പലരും ഒരേ കൂട്ടുകെട്ടിലുണ്ടാവാറുണ്ട്‌. വിശ്വാസങ്ങള്‍ മതമായാലും രാഷ്ട്രീയമായാലും അതിനെല്ലാം ഉപരി നമ്മള്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്നു.

പക്ഷെ കൂടുതല്‍ മുതിര്‍ന്നു കഴിയുമ്പോള്‍ നമ്മുടെ സൗഹൃദത്തിന്‌ വിള്ളല്‍ വീഴുന്നുണ്ടോ.ഇക്കാലത്ത്‌ കൂടുകാര്‍ക്കിടയില്‍ തന്നെ മതിലുകള്‍ ഉയരുന്നുണ്ട്‌ എന്നു തോന്നുന്നു.

എന്റെ ചെറുപ്പത്തില്‍ ഓലപ്പന്തുകൊണ്ട്‌ ഒരു കളി ഉണ്ടായിരുന്നു.ഓലപ്പന്തുകൊണ്ട്‌ വളരെ പരിമിതമായ കളികളേ ഉണ്ടായിരുന്നുള്ളു. പന്തുണ്ടാക്കല്‍ തന്നെ ഒരു വിനോദമായിരുന്നു. (ഈ ബൂലോഗത്തിലെ ഭൂരിഭാഗം പേരുടെയും ബാല്യകാലത്തില്‍നിന്ന്‌ വ്യത്യസ്ഥമായ ഒരു കാലത്തിലാണ്‌ ഇന്നത്തെ കുട്ടികള്‍ വളരുന്നത്‌ എന്നതുകൊണ്ട്‌ ഓലപ്പന്തുണ്ടാക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്കറിയില്ല).നാല്‌ ഓലപ്പന്ത്‌ ആറ്‌ ഓലപ്പന്ത്‌ എന്നിങ്ങനെ രണ്ടു പന്തുകളാണ്‌ ഞങ്ങള്‍ ഉണ്ടാക്കിയിരുന്നത്‌. നാല്‌ ഓലക്കീറുകള്‍ കൊണ്ട്‌ മെടഞ്ഞ്‌ അകത്ത്‌ കമ്യൂണിസ്റ്റ്‌ പച്ചയുടെ ഇലകള്‍ വെച്ച്‌ നിറച്ച ചതുരാകൃതിയിലുള്ള ഒരു പന്ത്‌. അതുകൊണ്ട്‌ ഏറുപന്ത്‌ എന്ന കളിയായിരുന്നു കളിച്ചിരുന്നത്‌. ഒരു മൈതാനത്ത്‌ രണ്ടു ടീമായി അങ്ങോട്ടും ഇങ്ങോട്ടും എറിയുക.

കുഴിപ്പന്ത്‌ എന്ന കളിയായിരുന്നു ഏറ്റവും രസകരമായത്‌. ടീമിലുള്ളവര്‍ മണ്ണില്‍ പന്തുവീഴാന്‍ പാകത്തിലുള്ള അടുത്തടുത്ത്‌ ചെറിയ കുഴികളുണ്ടാക്കുന്നു.ഒരു കുഴി ഒരാള്‍ക്കുള്ളത്‌. കുറച്ചുമാറി ഒരു വരവരച്ച്‌ അവിടെ നിന്നും ഊഴം വച്ച്‌ കുഴിയിലേക്ക്‌ പന്ത്‌ ഉരുട്ടി വിടുന്നു.ആരുടെ കുഴിയിലാണോ പന്ത്‌ വീഴുന്നത്‌ അയാള്‍ക്ക്‌ പന്തെടുത്ത്‌ മറ്റുള്ളവരെ എറിയാം. പന്തുവീഴുമ്പോഴെ മറ്റുള്ളവര്‍ ഓടിത്തുടങ്ങിക്കഴിഞ്ഞിരിക്കും. അടുത്തുള്ളവന്‌ ഏറ്‌ കിട്ടിയിരിക്കും. ചിലപ്പോള്‍ നമ്മുടെ കുഴിയില്‍ പന്തുവീഴാന്‍ പോകുമ്പോള്‍ തിരിഞ്ഞ്‌ വേറെ കുഴിയില്‍ വീഴുന്നു. അടക്കാനാവാത്ത ആകാംക്ഷ ആണത്‌. ഏറുകിട്ടാതെ ഓടുന്ന തിരക്കില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ കുഴിയിലാവും പന്ത്‌ വീണിരിക്കുക. തിരിച്ചു വന്ന് അതെടുക്കുമ്പോഴേക്കും മറ്റുള്ളവര്‍ ഓടി ഏറുകിട്ടാത്തത്ര ദൂരത്തില്‍ എത്തിയിട്ടുണ്ടാവും.പന്ത്‌ കുഴിയില്‍ വീഴുമ്പോഴെ അതെടുത്ത്‌ ആദ്യം കാണുന്നവനെ എറിയുക എന്നതിലാണ്‌ കളിയുടെ രസം.

ഇന്ന് ഈ കളി കളിക്കുകയാണെങ്കില്‍ പന്തെറിയാന്‍ നിങ്ങള്‍ക്ക്‌ ഒരു choice ഉണ്ടാവുന്നുണ്ടോ. കുഴിയില്‍ വീണ പന്തെടുത്ത്‌ നോക്കുമ്പോള്‍ ആര്‍ത്തുചിരിച്ച്‌ ചിതറിയോടുന്ന കൂട്ടുകാര്‍ക്കിടയില്‍ ആരെയെങ്കിലും നിങ്ങള്‍ തിരയുന്നുണ്ടോ?. അങ്ങനെ ഉണ്ടെങ്കില്‍ നിങ്ങള്‍ മലയാളി അല്ലാതായി. എന്തുകാരണം കൊണ്ടാണ്‌ നിങ്ങളുടെ ഇടയില്‍ മതില്‍ ഉയര്‍ന്നത്‌.മലയാളിക്ക്‌ മാത്രം സ്വന്തമായ തീക്ഷ്ണമായ സൗഹൃദം നിങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടോ.

നമ്മുടെ കൂട്ടുകെട്ടുകള്‍ തീവ്രമായത്‌ എല്ലാ ദിവസവും ഉണ്ടായിരുന്ന വൈകുന്നേരങ്ങളിലെ കൂടിച്ചേരലുകളായിരുന്നു. വര്‍ഷങ്ങളായി ഒരേ സ്ഥലം. എന്നും ഗോസിപ്പും കളിയാക്കലും. ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ അതേ സ്ഥലത്ത്‌ കൂടിച്ചേരല്‍ ഇപ്പോഴുമുണ്ട്‌. പഴയ കുറേപ്പേര്‍ പല ദിക്കുകളിലായി ജോലിതേടിപ്പോയി. അവര്‍ നാട്ടില്‍ വരുമ്പോള്‍ വൈകുന്നേരം ഇവിടെ വരുന്നു. പുതിയ നാട്ടുവിശേഷങ്ങള്‍. കളിയാക്കാന്‍ പുതിയ ഇര. പക്ഷെ അന്തരീക്ഷം പഴയതുപോലെ തന്നെ.

ഈ കൂട്ടാണ്‌ നമ്മെ മതത്തിനും രാഷ്ട്രീയത്തിനും ഉപരിയായി സ്നേഹിക്കാന്‍ പഠിപ്പിച്ചത്‌. എന്തെല്ലാം വിശ്വാസപ്രമാണങ്ങള്‍ പിന്തുടര്‍ന്നാലും അവന്‍ എന്റെ തുണ എന്ന് വിശ്വസിപ്പിച്ചത്‌.

ഈ രംഗം നോക്കുക.

വൈകുന്നേരത്തെ കൂടിച്ചേരല്‍ കഴിഞ്ഞ്‌ പിരിയുമ്പോള്‍ ഒരുത്തന്‍ പറയുന്നു.
" എടാ നാളെ നിന്റെ ശാഖയിലെ ഹിന്ദു വര്‍ഗീയ ഫാസിസ്റ്റ്‌ പ്രവര്‍ത്തനം കഴിഞ്ഞു വരുമ്പോള്‍ എന്റെ വീട്ടില്‍ കയറണം. ഉമ്മ നിനക്കിഷ്ടപ്പെട്ട കറികളൊക്കെ ഉണ്ടാക്കുന്നുണ്ട്‌"

" എന്താടാ വിശേഷം"
" മറന്നോടാ നായെ. നാളെ പെരുന്നാളാണ്‌".
വരാമെന്നു പറഞ്ഞവന്‍ കൈ വീശി പോകുന്നു.

ഇതു മലയാളിക്കേ പറ്റൂ.

9 comments:

ശ്രീ said...

നന്നായി, മാഷേ... ഈ ഓര്‍‌മ്മപ്പെടുത്തല്‍‌. വേദനയോടെയെങ്കീലും ഞാനും ശ്രദ്ധിച്ചിട്ടുള്ളതാണ്‍ ഇക്കാര്യം. ഇന്നത്തെ സൌഹൃദങ്ങളില്‍‌ കുറേശ്ശെ വിള്ളല്‍‌ വീഴുന്നുണ്ടോ എന്ന സംശയം. ഞാനുമൊരിക്കല്‍‌ ഈ വിഷയം മനസ്സിലിട്ട് ഒരു പോസ്റ്റിട്ടിരുന്നു. സൌഹൃദങ്ങള്‍‌ നശിയ്ക്കുന്നതെങ്ങനെ എന്ന പേരില്‍‌.

മലയാളികളുടെ സൌഹൃദങ്ങളെങ്കിലും ഒരിക്കലും നശിയ്കാതിരിയ്ക്കട്ടെ.

ശ്രീവല്ലഭന്‍ said...

കുറെ കുഴി പന്ത് കളിച്ചു ഏറു കൊണ്ടിട്ടുള്ളതായതിനാല്‍ ഈ ഓര്‍മപ്പെടുതല് ഇഷ്ടപ്പെട്ടു. നന്നായി എഴുതിയിരിക്കുന്നു...

Meenakshi said...

ഉറ്റ സൌഹൃദങ്ങള്‍ക്ക്‌ മതം ചിലപ്പോഴെങ്കിലും തടസ്സമുണ്ടാക്കുന്ന ഈ കാലത്ത്‌ ഇങ്ങനെയൊരു പോസ്റ്റ്‌ എഴുതിയതിന്‌ അഭിനന്ദനങ്ങള്‍

Priyan Alex Rebello said...

ഹായ് കളികളെപ്പറ്റി..ഞങ്ങളുടെ ജനറേഷനില്‍ ഈ കളികളൊക്കെ പലതു കേട്ടറിവാണ്..പക്ഷെ നല്ല രസമുണ്ട് വായിക്കാന്‍....:-)

Biju said...
This comment has been removed by the author.
Biju said...

verygood

രാജീവ് ചേലനാട്ട് said...

" എന്താടാ വിശേഷം"
" മറന്നോടാ നായെ. നാളെ പെരുന്നാളാണ്‌".
വരാമെന്നു പറഞ്ഞവന്‍ കൈ വീശി പോകുന്നു.

മുതിര്‍ന്നു കഴിയുമ്പോള്‍ സൌഹൃദങ്ങളില്‍ വിള്ളല്‍ വീഴുന്നുണ്ടാവാം. എന്തിനും മുതിരുന്ന പുതിയ ബാല്യമാണെന്നു കരുതി സമാധാനിക്കുകയേ നിവൃത്തിയുള്ളു.

മലയാളി മനസ്സുകളിലേക്കുള്ള ഈ ഓലപ്പന്തേറ് ഇഷ്ടപ്പെട്ടു. പ്രൊഫൈലിലെ ആ കമ്മ്യൂ‍ണിസ്റ്റ് ഹാങ്കോവറും. “തേരാ നാം, മേരാ നാം, വിയറ്റ് നാം വിയറ്റ്നാം” എന്ന മുദ്ര്യാവാക്യം വായിച്ച്,’ദൈവമേ എന്തൊരു മുദ്രാവാക്യം’ എന്നു പറഞ്ഞ ഓ.വി.വിജയനെയും ഓര്‍ത്തുപോയി. വെറുതെ..

ആശംസകളോടെ

ചില നേരത്ത്.. said...

നാട്ടിലെ സാമുദായിക സ്പര്‍ദ്ധയ്ക്ക് മികച്ച കാരണങളാണ്, ഒത്തുചേരലിനൊരു വേദിയില്ലാതിരിക്കുന്നത്. ഗ്രാമീണ വായനശാലകളും ക്ലബ്ബുകളും വഹിച്ചിരുന്ന നിര്‍ണായക പങ്കിന്റെ അഭാവത്തില്‍ വികസിക്കുന്ന ശൂന്യതിയിലേക്ക് തള്ളിക്കയറുന്നത് ഭക്തിയുടെ മേലങ്കിയണിഞെത്തിയ വര്‍ഗീയതയാണെന്ന്, അനുഭവവേദ്യമാകുന്നുണ്ട്. തിരിച്ചറിഞ് ബദല്‍ വരും വരെ കാത്തിരിക്കുകയേ നിര്‍‌വാഹമുള്ളൂ.

Valluvanad Kunjali said...

sheriyanu...... ee vakukal vallate nombarapedutunu