Monday, December 17, 2007

ബംഗാളി മീന്‍കറി സാംസ്കാരിക ചിഹ്നമാവുന്നതെങ്ങനെ

ഭക്ഷണം സംസ്കാരത്തിന്റെ ചിഹ്നമാണെന്ന് ആരാണ്‌ പറഞ്ഞത്‌ എന്നോര്‍മ്മയില്ല. ഒരു സമൂഹത്തില്‍ ബാക്കി വരുന്ന ഭക്ഷണമാണ്‌ ആ ജനതയുടെ സംസ്കാരം നിര്‍ണ്ണയിക്കുന്നത്‌ എന്നൊരു മാര്‍ക്സിയന്‍ തിയറി ഉണ്ട്‌. ആ തിയറിയെ അടിസ്ഥാനമാക്കി രവീന്ദ്രന്‍ ചിന്ത രവി ആയിരുന്നപ്പോള്‍ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച്‌ ഒരു പഠനം നടത്തിയിരുന്നു.ഉള്ളി തൊലിപൊളിക്കുന്നതുപോലെയാണെങ്കിലും ഖസാക്ക്‌ വായിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും വായിക്കേണ്ട പഠനം ആണത്‌. വളരെ കൗതുകം ഉണ്ടാക്കുന്ന ഒരു ലേഖനം.


ഭക്ഷണം സംസ്കാരത്തിന്റെ ചിഹ്നമായതുകൊണ്ടാവാം മലയാളി ദൈവത്തിന്റെ നാടുകാണാന്‍ വരുന്നവരുടെ മുന്നില്‍ കേരളത്തിന്റെ തനതായ ഭക്ഷണം എടുത്തുവയ്ക്കുന്നത്‌. നമ്മള്‍ നമ്മുടെ ആഹാരത്തെക്കുറിച്ച്‌ ഊറ്റം കൊള്ളുന്നവരാണ്‌. ഏറണാകുളത്ത്‌ ഏതു ഹോട്ടലില്‍ കയറിയാലും മീങ്കറി ഊണും കേരളത്തിന്റെ ദേശീയ ഭക്ഷണമായ എറച്ചീം പൊറോട്ടേം കിട്ടും. അതും നല്ല ഭക്ഷണം.

ഇതൊക്കെ വിചാരിച്ചാണ്‌ കൊല്‍ക്കത്തയില്‍ ബംഗാളി ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയത്‌. ഒറ്റ റസ്റ്ററന്റിലും ബംഗാളി ഭക്ഷണം കിട്ടുകയില്ല. എന്തു പറ്റി. അന്വേഷിച്ചപ്പോള്‍ അതു ബംഗാളികളുടെ വീട്ടില്‍ മാത്രമേ കിട്ടൂ എന്നറിഞ്ഞു. എന്തുകൊണ്ട്‌. തങ്ങളുടെ സംസ്കാരം പ്രദര്‍ശിപ്പിക്കാന്‍ മടിയാണോ ബംഗാളികള്‍ക്ക്‌.

അതുതന്നെയാവണം ബംഗാളി സിനിമപാട്ടുകളുടേയും ഗതി. കൊല്‍ക്കത്തയില്‍ രാത്രി റസ്റ്ററന്റിലെല്ലാം പാട്ടുകാരുണ്ട്‌. ചെറിയ സ്ഥലത്ത്‌ പരമാവധി ശംബ്ദം ഉണ്ടാക്കുന്ന ശബ്ദസജ്ജീകരണങ്ങളോടെ ഒരു cacophony. ദുബായിലെ ഡാന്‍സ്‌ ബാറുകള്‍ മാതിരി. ഡാന്‍സില്ല. ബാക്കി എല്ലാ ബഹളങ്ങളുമുണ്ട്‌. കുറേ നേരം കേട്ടിട്ട്ം ഹിന്ദി പാട്ടല്ലാതെ ഒരു ബംഗാളി പാട്ട്‌ കേട്ടില്ല. എന്തുകൊണ്ട്‌. ഒരോ പാട്ടുകഴിയുമ്പോഴും കുറെ പോഴന്മാര്‍ നൂറിന്റെ നോട്ടുകള്‍ കൊടുക്കുന്നുണ്ട്‌. അതുമേടിക്കാന്‍ വേണ്ടി നടക്കുന്ന ഒരുത്തന്‍ എന്റെ അടുത്തും വന്നു. കടലിനക്കരെ പോകാമൊ എന്ന പാട്ടുപാടിയാല്‍ ആയിരം രൂപ തരാമെന്ന് മലയാളത്തില്‍ അവനോടു പറഞ്ഞു. അവന്‍ എന്തൊ ബംഗാളിയില്‍ പറഞ്ഞിട്ടു പോയി. തെറിയായിരിക്കും. തെറിക്കൊരു കുഴപ്പമുണ്ട്‌.കേള്‍ക്കുന്നവന്‌ മനസ്സിലായില്ലെങ്കില്‍ effect ഇല്ല. ഡല്‍ഹിയില്‍ ജീവിക്കുന്നതുകൊണ്ടുള്ള ഒരു ഗുണം അതാണ്‌. ട്രാഫിക്ക്‌ തെറ്റിച്ച്‌ വണ്ടിയോടിക്കുന്ന പഞ്ചാബിയോട്‌ മലയാളത്തില്‍ പുളിച്ചതെറിപറയാം.അവനുമനസ്സിലായില്ലെങ്കിലും നമുക്ക്‌ ആത്മസംതൃപ്തി ഉണ്ടാവും.


ബംഗാളി ഭക്ഷണം കിട്ടാത്തതിനെക്കുറിച്ച്‌ എന്റെ ക്ലയന്റിനോടു പറഞ്ഞു. കൊല്‍ക്കത്തയിലെ കാശുള്ളവര്‍ക്കെല്ലാം മാര്‍ക്സിസ്റ്റുകാരെ കലിപ്പായതുകൊണ്ട്‌ മാര്‍ക്സിസ്റ്റു തിയറി പറഞ്ഞില്ല.എന്തായാലും അതുകൊണ്ടു. വൈകിട്ട്‌ വീട്ടില്‍ ഡിന്നറിന്‌ ചെല്ലാന്‍ പറഞ്ഞു. ചെന്നപ്പോള്‍ ആറുതരം മീന്‍ കറി കൂട്ടി ഊണ്‌ റഡി. വിരലുകടിക്കും.ആറുതരം മീന്‍കറി വീട്ടിലുണ്ടാക്കുന്ന ബംഗാളി ഹോട്ടലില്‍ അത്‌ വില്‍ക്കുന്നില്ല. എന്തായാലും ഞാന്‍ മൂക്കുമുട്ടെ തിന്നു. കന്നിനെ കയം കാണിക്കരുത്‌ എന്നു പറയുന്നതുപോലെ മലയാളിയെ മീന്‍കറി കാണിക്കരുത്‌.


എന്തുകൊണ്ടാണ്‌ ഒരു ജനത തങ്ങളുടെ സാംസ്കാരിക ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുത്താതിരിക്കുന്നത്‌.കേരളത്തിലെ ഒരു ബാറില്‍ ആണ്‌ ഗാനമേള ഉള്ളത്‌ എന്നുകരുതുക. എത്ര മലയാളം പാട്ടുകള്‍ പാടിയിട്ടുണ്ടാവും. എത്ര ആളുകള്‍ കൂടെ പാടിയിട്ടുണ്ടാവും. കുടിയന്മാരെല്ലാം നല്ല പാട്ടുകാരും കൂടിയാണല്ലൊ.

ഡല്‍ഹിയില്‍ ബംഗാളി ഭക്ഷണം കിട്ടുന്ന രണ്ടു റസ്റ്ററന്റ്‌ ഞാന്‍ കണ്ടുപിടിച്ചു.

10 comments:

അലി said...

ഭക്ഷണ സംസ്കാരത്തേക്കുറിച്ചുള്ള കുറിപ്പ് നന്നായി
അഭിനന്ദനങ്ങള്‍!

പേര്.. പേരക്ക!! said...

കടുകരച്ച് മീങ്കറി വക്കുന്ന ബംഗാളി സ്റ്റൈലാണ് എനിക്ക് ഏറ്റവുമിഷ്ടം.

പൈങ്കിളി said...

വടവുകോടന്‍ സ്റ്റൈയിലില്‍ പുളിയിട്ട് വറ്റിച്ച മത്തിക്കറി,പിന്നെ കൂട്ടിന് നല്ല കള്ള്..ഇതു തന്നെ എനിക്കും ഇഷ്ടം:)

വിഷയേതരം:എന്റെ കത്തിന് നീ മറുപടി അയക്കണം.നീ കോടതിയില്‍ സ്ഥിരം തോല്‍ക്കുന്നത് പൊലെ ഒന്ന് തോറ്റ് എന്ന് പറഞ്ഞാല്‍ മതി:)

kalesh said...

ലേഖനം നന്നായി!

വേണു venu said...

ഇഷ്ടമായി. ചോദിച്ച ചോദ്യങ്ങളും ഭക്ഷണ സംസ്ക്കാരവും.:)

ഉറുമ്പ്‌ /ANT said...

ഡല്‍ഹിയില്‍ ജീവിക്കുന്നതുകൊണ്ടുള്ള ഒരു ഗുണം അതാണ്‌. ട്രാഫിക്ക്‌ തെറ്റിച്ച്‌ വണ്ടിയോടിക്കുന്ന പഞ്ചാബിയോട്‌ മലയാളത്തില്‍ പുളിച്ചതെറിപറയാം.അവനുമനസ്സിലായില്ലെങ്കിലും നമുക്ക്‌ ആത്മസംതൃപ്തി ഉണ്ടാവും.
:)))

skuruvath said...

സംസ്കാരത്തിന്റെ വിഭിന്നഭാവങ്ങള്‍
ഉള്‍ക്കോള്ളുന്നതല്ലേ മീങ്കൊതിയും
എന്തായാലും നന്നായിരിക്കുന്നു

latheesh mohan said...

ജനതയുടെ ആത്മാവിഷ്കാരങ്ങള്‍ പല തരത്തില്‍ ആകാമെല്ലോ. ചിലര്‍ ചിഹ്നങ്ങള്‍ പുറത്തിട്ടു നടക്കുന്നു, ചിലര്‍ ഒരു സാംസ്കാരിക് അഹങ്കാരമായി അടുക്കളയില്‍ വെക്കുന്നു.

ഇതിന്റെ കൂടെ ചേര്‍ക്കാവുന്ന ഒരു ചോദ്യം: കന്യാകുമാരിയില്‍ എന്തിനാണ് ഇത്രയധികം ബംഗാളീ റസ്റ്റോറന്റുകള്‍?

തമിഴന്റേയോ മലയാളിയുടേയോ അല്ലാത്ത, ആരുടേതുമല്ലാത്ത കന്യാകുമാരിയില്‍ ആരാണ് ബംഗാളി ഭക്ഷണം കഴിക്കാന്‍ എത്തുന്നത്?

സിമി said...

കന്നിനെ കയം കാണിക്കരുത്‌ എന്നു പറയുന്നതുപോലെ മലയാളിയെ മീന്‍കറി കാണിക്കരുത്‌.

ഇന്നു ഡിന്നര്‍ വെജിറ്റേറിയന്‍ ആവാം എന്നു വിചാരിച്ചിരുന്നതാ. കളഞ്ഞു.

ബാംഗ്ലൂരില്‍ ഒരു ബംഗാളി ഫുഡ് ഫെസ്റ്റിനു പോയിട്ട് മൂക്കുമുട്ടെ തിന്നത് ഓര്‍ക്കുമ്പോള്‍ നാവില്‍ കപ്പല്‍.. ഭാംഗ്ട എന്നായിരുന്നോ മീന്റെ പേര്? ഓര്‍മ്മയില്ല. രുചി മാത്രം ഓര്‍മ്മയുണ്ട്.

Priya said...

വളരെ അതിശയം തോന്നി ഇതു വായിച്ചപ്പോള്. അതിന് ഒരു കാരണം പുറമെ ഹോട്ടലില് നിന്നു ഭക്ഷണം കഴിക്കുന്ന ബംഗാളിക്ക് കൊടുക്കാനായി പോലും അവരുടെ തനതായ ഭക്ഷണം കിട്ടുന്നുണ്ടാവില്ലേ? കേരളത്തില് പ്രദര്ശനത്തിനു അപ്പുറം കേരളത്തിന്റെ സ്വന്തം ജനതയ്ക്ക് വേണ്ടി കൂടി അല്ലേ കപ്പയും മീനും വച്ചു വിളമ്പുന്നത്?

വളരെ നല്ല ഒരു പോസ്റ്റ്, ചിന്തിച്ചിങ്ങനെ അല്ഭുതപ്പെടാന് .