Saturday, November 17, 2007

പേരിടാന്‍ അര്‍ഹതയില്ലാത്തവര്‍ (ഒര്‌ കത)


കാറില്‍ നാലുപേരുണ്ടായിരുന്നു. സതീശന്‍ എന്നത്തെയും പോലെ മുന്‍സീറ്റില്‍തന്നെയാണ്‌ ഇരുന്നത്‌. ഡൈവര്‍ നജീബ്‌ ഭാവഭേദമില്ലാത്ത മുഖത്തോടെ കാറൊടിച്ചു. അവനെപ്പ്പ്പോഴും അങ്ങനെയാണ്‌. കറോടിക്കോമ്പോഴും അല്ലാത്തപ്പോഴും വളരെ ഗൗരവക്കാരനാണ്‌. പിന്‍സീറ്റില്‍ വനജ ഇരുന്നുറങ്ങി. വീട്ടില്‍നിന്നു കാറില്‍ കയറുമ്പോഴെ വനജ പറഞ്ഞു "ഗുരുവായൂരെത്താതെ എന്നെ വിളിക്കരുത്‌. ഇന്നലെ രാത്രി ഞാന്‍ ഉറങ്ങീട്ടില്ല". അതിരാവിലേ എഴുന്നേറ്റതുകൊണ്ട്‌ അമ്മയും ഉറക്കം തൂങ്ങി.ഹൈവേയിലേക്കുള്ള വഴിയില്‍ കശുമാങ്ങകള്‍ പഴുത്തു വീണ്‌ ചിതറിക്കിടന്നു.ഈ കശുമാവുകള്‍ നില്‍ക്കുന്നടിത്ത്‌ പണ്ട്‌ വെളിമ്പറമ്പായിരുന്നു.കശുമാവുകള്‍ നിന്നിരുന്നത്‌ കുന്നിനു മുകളിലെ കപ്പ്പ്പത്തോട്ടത്തിനരികിലായിരുന്നു. ഇപ്പോള്‍ അവിടെ വീടുകള്‍ മാത്രമായി.വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ സതീശന്‍ സ്കൂളിലേക്കു കൂട്ടുകാര്‍ക്കൊപ്പ്പ്പൊം ആര്‍ത്തുല്ലസിച്ച്‌ നടന്നു പോയ ഒരു നാട്ടിടവഴിയായിരുന്നു അത്‌. നോക്കൂ അമ്മേ ഈ വഴിയെല്ലാം എത്ര മാറിപ്പോയി എന്നുപറയാനാഞ്ഞ്‌ സതീശന്‍ പുറകോട്ടു നോക്കിയപ്പോള്‍ അമ്മ നല്ല ഉറക്കമായിക്കഴിഞ്ഞു. വനജയും നല്ല ഉറക്കത്തിലായിരുന്നു.


സതീശന്‍ ഭാര്യ ഉറങ്ങുന്നതു കൗതുകത്തോടെ നോക്കി. നജീബ്‌ ഗൗരവത്തോടെ തന്നെ നോക്കുന്നതുകണ്ടപ്പോള്‍ നോട്ടം പിന്‍വലിച്ചു.വനജ മാത്രമല്ല ആരും ഇന്നലെ ഉറങ്ങിയില്ല. ആരാണ്‌ ഫോണ്‍ ആദ്യം എടുത്തതെന്ന് ഓര്‍മ്മയില്ല. വളരെ പതിഞ്ഞ ശബ്ദത്തില്‍ ആരോ പറഞ്ഞു. "സൂക്ഷിച്ചോളൂ ആയുസ്സ്‌ അധികമില്ല ആര്‍ക്കും".പിന്നെയും ഫോണ്‍ വന്നു. വനജ കരച്ചില്‍ തുടങ്ങി. സതീശന്‍ അതുകേട്ടു ചിരിച്ചു. " സാധാരണ അപരിചിതര്‌ ഫോണീക്കുടെ തെറിയാ വിളിക്കണെ. ഇതിപ്പോ ഭീഷണി ആയി. നല്ല തമാശ തന്നെ". മറ്റാര്‍ക്കും അതത്ര തമാശ ആയി തോന്നിയില്ല.രാത്രി ആരും ഉറങ്ങിയതുമില്ല. രാവിലെ ഗുരുവായൂരുപോകാമെന്നു പറഞ്ഞത്‌ അമ്മയാണ്‌. വനജ അതുകേള്‍ക്കാന്‍ കാത്തിരുന്നതുപോലെ അപ്പോള്‍ പോകാന്‍ പോലും തയ്യാറായി.

കാര്‍ ഹൈവേയിലേക്കു കയറി.സതീശന്റെ കണ്ണുകള്‍ അടഞ്ഞു തുടങ്ങി.രാവിലെ ആയതുകൊണ്ട്‌ മുഖത്ത്‌ തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. നജീബ്‌ ഉറങ്ങുന്നുണ്ടോ എന്നറിയാന്‍ കുറെ നേരം അവനെ നോക്കിയിരുന്നിട്ട്‌ സതീശനൊന്നും പിടികിട്ടിയില്ല. വെറുതെ വഴിയിലേക്കു നോക്കിയിരിക്കുമ്പോള്‍ പണ്ടു താന്‍ നടന്നു പോയ നാട്ടിടവഴിയും കശുമാവും സ്കൂളിലെ കൂട്ടുകാരുമൊക്കെ സതീശന്റെ ഉറക്കത്തിനു കൂട്ടുവന്നു.കശുമാങ്ങ മണക്കുന്ന ഒരുസ്വപ്നവും കൂടെ വന്നു.



നാലാം ക്ലാസില്‍ നിന്നും അഞ്ചിലേക്കു ജയിച്ചവര്‍ഷം അവധിക്ക്‌ ഒരു ദിവസം രാവിലേ കശുമാവില്‍ കയറിയതായിരുന്നു എല്ലാവരും.പഴുക്കാന്‍ തുടങ്ങുന്ന കാരമാങ്ങ തിന്ന് ജോസഫ്‌ ആടുകരയുന്ന പോലെ തൊണ്ടകാറി ശബ്ദമുണ്ടാക്കി എല്ലാവരേയും ചിരിപ്പിച്ചു. കുന്നിനുമുകളിലായിരുന്നു കശുമാവു നിന്നത്‌. താഴെ ചെമ്മണ്ണുറോഡ്‌ അങ്ങാടി വരെ നീണ്ടു കിടന്നു.ദിവാകരന്‍ മാവിന്റെ കൊമ്പു കുലുക്കി മാങ്ങ വീഴിച്ചു. ചുവന്ന നിറമുള്ള മധുരമുള്ള കശുമാങ്ങ തിന്ന് എല്ലാവരുടെയും ദേഹത്ത്‌ പഴക്കറ വീണു.എന്തോ മുരളുന്ന ശബ്ദം കേട്ട്‌ ദിവാകരന്‍ കൊമ്പുകുലുക്കല്‍ നിര്‍ത്തി. എല്ലാവരും ശബ്ദം കേട്ടിടത്തേക്കു നോക്കി.ഒരു ലോറി കയറ്റം കയറി വരികയായിരുന്നു. ലോറിക്കുപുറകില്‍ പൊടിപടലം ഉയര്‍ന്നു. ലോറി കശുമാവിന്റെ ചുവട്ടില്‍ വന്നു കിതച്ചു നിന്നു. അടുത്ത പറമ്പില്‍ കപ്പ പറിക്കുന്നത്‌ കയറ്റിക്കൊണ്ടുപോകാന്‍ വന്ന ലോറിയായിരുന്നു അത്‌. "നോക്കടാ ലോറിക്കു പേരില്ല". മോഹനന്‍ പറഞ്ഞു. എല്ലാവരും അത്ഭുതത്തോടെ നോക്കിയപ്പോള്‍ ശരിയാണ്‌. ലോറിക്കു പേരില്ലായിരുന്നു. ലോറിയുടെ വരവു കണ്ടുതന്നെ എല്ലാവരും പകച്ചു പോയിരുന്നു.വല്ലപ്പോഴും കപ്പ കയറ്റാന്‍ വരുന്ന ലോറിയും പിന്നെ ചാണകം കയറ്റുന്ന 'ചാണാന്‍ ലോറി'യുമല്ലാതെ ആരും തന്നെ ലോറി അധികം കണ്ടിട്ടില്ലായിരുന്നു. എന്നാലും പേരില്ലാത്ത ലോറിയോ ബസ്സോ ആരും കണ്ടിട്ടില്ലായിരുന്നു. "എന്താണ്‌ ലോറിക്കു പേരില്ലാത്തത്‌" ദിവാകരന്‍ ചോദിച്ചു. ആരും മിണ്ടിയില്ല. ദിവാകരന്‍ ജോസഫിന്റെ മുഖത്തേക്കു നോക്കി.ജോസഫായിരുന്നു സര്‍വവിജ്ഞാനകോശം. എല്ലാ സംശയത്തിനും ജോസഫിനു മറുപടിയുണ്ടായിരുന്നു. ആറാം ക്ലാസില്‍ രണ്ടുതവണ തോറ്റതുകോണ്ടാണെന്ന് ബാബു പറഞ്ഞു നടന്നു. ആരും അതു വകവച്ചില്ല.ലോറിക്കുപേരില്ലാത്തത്‌ ജോസഫിനൊഴികെ ആര്‍ക്കും മനസ്സിലായില്ല. ജോസഫ്‌ എല്ലാവരുടെയും നേതാവായിരുന്നു. അല്ലെങ്കില്‍ മാത്തന്‍ ചേട്ടന്റെ പറമ്പിലെ കൊന്നത്തെങ്ങിനേക്കാള്‍ പൊക്കമുള്ള ആഞ്ഞിലിയുടെ ചാഞ്ഞകൊമ്പില്‍ കയറി അയിനിപ്പഴം പറിക്കാന്‍ ജോസഫിനല്ലാതെ ആര്‍ക്കു പറ്റും ( ആഞ്ഞിലി ചതിയനാണ്‌. കൊമ്പൊടിച്ച്‌ ആളെ വീഴിക്കും.). എല്ലാവരും ഉത്തരത്തിനായി ജോസഫിന്റെ നേരെ നോക്കി. കശുമാവിനുചുവട്ടില്‍ ഡ്രൈവറും ക്ലീനറും പറമ്പില്‍ കപ്പ്പ്പ പറിക്കുന്നവരെ നോക്കി നില്‍ക്കുകയായിരുന്നു. "അവര്‍ പോകട്ടെ" ജോസഫ്‌ പറഞ്ഞു. ഏല്ലാവരും താഴെ നോക്കി. ഡ്രൈവറും ക്ലീനറും തമ്മില്‍ എന്തോ പറഞ്ഞ്‌ ചിരിച്ച്‌ കപ്പ പറിക്കുന്ന പറമ്പിലേക്കു പോയി. ഡ്രൈവര്‍ പോകുന്ന വഴി ഇഞ്ചപ്പുല്ലിന്റെ ഇല പറിച്ച്‌ കയ്യിലിട്ടു തിരുമ്മി മണപ്പിച്ചു. അവര്‍ പോയപ്പോള്‍ ജോസഫ്‌ പറഞ്ഞു. " ഈ ലോറി ഒരാളെ കൊന്നു. ആളെ കൊന്ന ലോറിക്ക്‌ ഒരു വര്‍ഷത്തേക്ക്‌ പേരിടാന്‍ പറ്റില്ല" ഈ അറിവില്‍ എല്ലാവരും ഞെട്ടി. ആളെ കൊന്ന ലോറിയെ എല്ലാവരും വീണ്ടും വീണ്ടും നോക്കി. ജോസഫ്‌ മരത്തില്‍ നിന്നും ചാടിയിറങ്ങി ലോറിയുടെ ടയറിനു തൊഴിച്ചു. " ഈ ടയര്‍ ഇടിച്ചാണു ആള്‌ ചത്തത്‌. കണ്ടാലറിയാം". എല്ലാവരും ഭയത്തോടെ ആ ടയറില്‍ നോക്കി. ജോസഫ്‌ ആ ടയറില്‍ മൂത്രമൊഴിച്ചു. എല്ലാവരും ആര്‍ത്തു ചിരിച്ചു.



ലോറിയുടെ നെയിം ബോര്‍ഡില്‍ മഞ്ഞ പെയിന്റടിച്ചിരുന്നു. ഒരു കളഭക്കുറി തൊട്ട്‌ ലോറി ചിരിച്ചു കിടന്നു.ലോറിയുടെ ഇളിച്ച പല്ലുകള്‍ക്കിടയിലൂടെ റേഡിയേറ്റര്‍ കാണാമായിരുന്നു. "നോക്കടാ ഒരു ഈച്ച ചത്തുകെടക്കണ്‌". ബാബു പറഞ്ഞു. നോക്കുമ്പോള്‍ ശരിയാണ്‌. റേഡിയേറ്ററില്‍ ഒരു ഈച്ച ചത്തു പറ്റിപിടിച്ചു കിടക്കുന്നു. "ഇതിന്റെയുള്ളില്‍ നിറയെ കറന്റാണ്‌. തൊട്ടാല്‍ ആള്‌ മരിക്കും" ജോസഫ്‌ പറഞ്ഞു. എല്ലാവരും ഭയത്തോടെ റേഡിയേറ്ററില്‍ നോക്കി. " അതിനു വണ്ടി നിര്‍ത്ത്യാ പിന്നെ കറന്റില്ല" ബാബു പറഞ്ഞു. "പോടാ നിനക്കെന്തറിയാം. വണ്ടി നിര്‍ത്തിയാലും കറന്റുണ്ടാവും. ഈ ഈച്ച ഇപ്പോള്‍ ഓടിക്കേറീതാ നോക്ക്യെ ചത്തു കിടക്കണു" ജോസഫ്‌ പറഞ്ഞു." പക്ഷെ എനിക്കറിയാം ഷോക്കടിക്കാതെ തൊടാന്‍". അവന്‍ വിരല്‍ നീട്ടി റേഡിയേറ്ററില്‍ തൊടാന്‍ ശ്രമിച്ചു. "എനിക്കു പേടിയാവുന്നു" സതീശന്‍ പറഞ്ഞു. ജോസഫ്‌ വിക്യതമായ ചിരിയോടെ വീണ്ടും തൊടാന്‍ ശ്രമിച്ചു. സതീശന്‍ പേടിച്ചു വിറച്ചു കണ്ണുകള്‍ ഇറുക്കി അടച്ചു. ജോസഫ്‌ വീണ്ടും ചിരിച്ചു. ജോസഫ്‌ ഇപ്പ്പ്പോള്‍ മരിക്കും സതീശന്‍ വിചാരിച്ചു. " തൊടല്ലേ ജോസപ്പേ തൊട്ടാല്‍ നീ മരിക്കും. തൊടല്ലേ ജോസപ്പേ" സതീശന്‍ കണ്ണുകള്‍ ഇറുക്കിയടച്ച്‌ അലറി. ജോസഫിന്റെ വിക്യതമായ ചിരി അവന്റെ മുന്നില്‍ ഓളം വെട്ടി.


തൊടല്ലേ ജോസപ്പ്പ്പേ എന്നലറി സതീശന്‍ കണ്ണു തുറന്നപ്പോള്‍ കാണുന്നതു ഹൈവേയുടെ മറുവശത്തുനിന്നു വെട്ടിത്തിരിഞ്ഞ്‌ കാറിനു നേരെ വരുന്ന ലോറിയാണ്‌. നജീബ്‌ സതീശന്റെ ഉറക്കത്തിലെ അലര്‍ച്ച കേട്ടു സതീശനെ നോക്കുകയായിരുന്നു. ലോറി നേരെ വന്നു കാറിന്റെ മുന്നില്‍ അതിശക്തിയായി വന്നിടിച്ചു.കാര്‍ പിന്നോക്കം പോയി. ആര്‍ക്ക്‌ എന്തൊക്കെ പറ്റി തനിക്ക്‌ എന്തു പറ്റി എന്ന് സതീശന്‍ ചിന്തിക്കുന്നതിനുമുന്‍പ്‌ കാര്‍ ഹൈവേയുടെ പുറത്തേക്ക്‌ ചെരിഞ്ഞു വീണു.


ഇടിച്ച ലോറിയുടെ പേര്‌ വായിക്കാന്‍ പറ്റാതെ, ഇനി ലോറിക്ക്‌ ഒരു വര്‍ഷത്തേക്ക്‌ പേരിടാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത്‌, കളഭക്കുറി തൊട്ട ഒരു ലോറിയെപ്പറ്റിയോര്‍ത്ത്‌, ജോസഫ്‌ ഇപ്പോള്‍ എവിടെയാവും എന്നൊക്കെയോര്‍ത്ത്‌, ചിരിച്ച്‌, കണ്ണടച്ച്‌ സതീശന്‍ സ്വപ്നങ്ങള്‍ ഇനിയൊരിക്കലുമുണ്ടാകാത്ത ഒരു ഉറക്കത്തിലേക്ക്‌ ഊളിയിട്ടു

ഇന്നത്തെ ചിന്താ വിഷയം

കണക്കപ്പിള്ളേടെ വീട്ടില്‌ വറക്കലും പൊരിക്കലും

കണക്കുനോക്കുമ്പോ കരച്ചിലും പിഴിച്ചിലും

-സഞ്ജയന്‍


6 comments:

Viswaprabha said...

വടൂ എന്നു വിളിച്ചോട്ടെ?


വടൂ, നല്ല ഒന്നാംക്ലാസ്സ് കഥ!


വായനക്കാരനെ അവന്റെ ഓര്‍മ്മകളിലെ കുട്ടിക്കുറുമ്പുകളിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുപോവുന്ന ഭാഷ. ഒറ്റയിരിപ്പിനു വായിച്ചുതീര്‍ക്കാന്‍ വായനയെ കൊതിപ്പിക്കുന്ന ഒഴുക്ക്.

പോസ്റ്റുകളെല്ലാം ഭേദപ്പെട്ടു തോന്നി. ആ ബാധക്കുടം ആരുമറിയാതെ തോണ്ടിവിടുന്നത് മനസ്സില്‍ കണ്ട് ഇടയ്ക്കൊന്ന് പൊട്ടിയും ചിരിച്ചു! യമുനയെക്കുറിച്ച് എഴുതിയത് എല്ലാ പുഴകളെക്കുറിച്ചും എന്നാണ് വായിക്കാന്‍ തോന്നുന്നത്.


ഇതൊരു പുതിയ ബ്ലോഗറാണെങ്കില്‍ നിറയെ സന്തോഷം. വായനയുടെ പച്ചിളം‌പുല്ലും തേടി ഇടയ്ക്കൊക്കെ ഇവിടെ മേയാന്‍ വരാം.
അതല്ല, പഴയൊരാള്‍ ആണെങ്കിലും, ഈ പുതിയ കുപ്പായത്തിന് നല്ല ഭംഗിയുണ്ട്. ഈ വേഷം മാറ്റണ്ട.

(ടെമ്പ്ലേറ്റില്‍ പക്ഷേ ഫോണ്ടുകള്‍ക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. ഫയര്‍ഫോക്സില്‍, ഈ കഥ വായിക്കാനേ പറ്റുന്നില്ല! Fixed Type Fonts എല്ലാം ഏരിയല്‍ യുണികോഡ് എന്ന വര്‍ജ്ജ്യമായ ഫോണ്ടിലാണു വരുന്നത്. ഒരു പക്ഷേ ഈ പോസ്റ്റില്‍ മാത്രം ഉപയോഗിച്ചിട്ടുള്ള Allign=Justify മാറ്റിയാല്‍ ശരിയാവും.)

vadavosky said...

കഥയെക്കുറിച്ചെഴുതിയതിനു നന്ദി.
പുതിയ ബ്ലോഗറാണ്‌.
ഫോണ്ടുകള്‍ എങ്ങനെ മാറ്റണമെന്ന് ഒരു പിടിയും ഇല്ല. kindly educate me

അലി said...

കഥ വളരെ നന്നായി...

ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളുടെ കുട്ടിക്കാല്‍ത്തേക്ക് കൂട്ടിക്കൊണ്ടുപോയി...
ഇനിയുമെഴുതുക..
ഇനിയും വരാം ഇതിലേ.
അഭിനന്ദനങ്ങള്‍..

പിന്നെ ചിന്താവിഷയം കഥയോടു ചേര്‍ത്തുകൊടുക്കാതെയിരുന്നാല്‍ നന്നായിരുന്നു.
ഖണ്ഡികതിരിച്ചെഴുതുക.

മന്‍സുര്‍ said...

പ്രിയ സ്നേഹിത...

എഴുത്തിലെ ശൈലി നന്നായിരിക്കുന്നു.... കൂടുതലായി മനസ്സിലാക്കാനും...അറിയാനും ഈ ബ്ലോഗ്ഗുകള്‍ സന്ദര്‍ശിക്കുന്നത്‌ ഗുണം ചെയ്യും....തുടരുക....
http://ashwameedham.blogspot.com/2006/07/blog-post_28.html
http://howtostartamalayalamblog.blogspot.com/
http://ningalkkai.blogspot.com/





നന്‍മകള്‍ നേരുന്നു

അപ്പു ആദ്യാക്ഷരി said...

വടൂ, അഞ്ചല്‍ക്കാരന്റെ വാരവിചാരം വഴിയാണ് ഇങ്ങെത്തിയത്. നല്ല ശൈലി. വളരെ ഇഷ്ടമായികേട്ടോ. ഇനിയും വരാം.

ശ്രീ said...

വളരെ നല്ല കഥ. നല്ല സസ്പെന്‍‌സ്...
ആശംസകള്‍‌...

തലക്കെട്ടിലും ചില അക്ഷരത്തെറ്റുകള്‍‌ ഉണ്ടല്ലോ...
(ഒരു കഥ എന്നല്ലേ വേണ്ടത്)