നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളപാഠപുസ്തകത്തിലെ ഒരു പാഠം എന്നെ വല്ലാതെ കുഴക്കിയിട്ടുണ്ട്.'നിത്യാഭ്യാസി ആനയെ എടുക്കും' എന്നായിരുന്നു പാഠത്തിന്റെ പേര്.നിത്യാഭ്യാസി ആരാണ് എങ്ങനെയാണ് അയാള്‍ ആനയെ എടുക്കുക എന്നെല്ലാം ആലോചിച്ച് ഞാന്‍ വലഞ്ഞു. ക്ലാസു തുടങ്ങുന്നതിനുമുന്‍പെതന്നെ നാലാം ക്ലാസില്‍ നിന്നും അഞ്ചിലേക്കു ജയിച്ച അയവാസിയുടെ പുസ്തകം എനിക്കുകിട്ടിയിരുന്നു.അന്നെല്ലാം നാട്ടിന്‍പുറങ്ങളില്‍ അതായിരുന്നു പതിവ്. നീലമഷി പുരണ്ട പുറം താളുകള്‍ കീറിയ വേറോരാളുടെ പേരെഴുതിയ പുസ്തകം. ആവശ്യമുള്ളടിത്തും അല്ലാതെയും നിറയെ തോന്നിയപോലെ പേനകൊണ്ട് വരച്ച ഒരു മലയാളപാഠപുസ്തകം. പുസ്തകം കിട്ടിയപ്പോള്‍ തന്നെ ഞാന്‍ എല്ലാപാഠങ്ങളും വായിച്ചു.
സംശയം ചോദിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.ഇല്ലായ്മയുടേ പല പല വല്ലായ്മകള്‍ ഉണ്ടായിരുന്നതുകൊണ്ട് വീട്ടിലാര്‍ക്കും എന്റെ ഈ ചോദ്യത്തിന് ഉത്തരം തരാന്‍ പറ്റില്ല എന്നറിഞ്ഞതുകൊണ്ട് ആരോടുചോദിക്കും ഈ ആന ചോദ്യം എന്നായി ഞാന്‍. ആനയെ ഒരാള്‍ക്ക് എങ്ങനെയാണ് എടുക്കാന്‍ പറ്റുന്നത്.
ആ പാഠമെടുത്തപ്പോള്‍ ടീച്ചര്‍ വിശദീകരിച്ചു. ദിവസവും ശ്രമിക്കുന്ന ഒരാള്‍ക്ക് ഏതുകാര്യവും സാധിക്കും.അതെങ്ങനെ ഇവിടെ സാധിക്കും. എന്തായാലും ഒരു മനുഷ്യന് ഇത്ര വലിയ ഒരു ആനയെ ചെറുതായിപോലും ഉയര്‍ത്താന്‍ പറ്റില്ല.പിന്നെങ്ങനെ നിത്യവും എടുത്ത് ഒരു ദിവസം മുഴുവനായി ഉയത്താന്‍ പറ്റും. ചെറിയ മനസ്സുകള്‍ എങ്ങനെ ഒരു ഉപമ അല്ലെങ്കില്‍ ഒരു കഥ മനസ്സില്‍ കാണുന്നു എന്നൊന്നും ചിന്തിക്കാതെ പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ വരുന്ന കുഴപ്പങ്ങളാകാം അത്. പല ഉദാഹരണങ്ങളും കാണാന്‍ കഴിഞ്ഞേക്കും.
ഒരു സംശയം ചോദിക്കാന്‍ ആരുമില്ലാത്ത കുട്ടി എങ്ങനെയാണ് അറിവു നേടുക. ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെ ആണ് അറിവ് ഗുരുവില്‍ നിന്ന് ശിഷ്യനിലേക്കെത്തുന്നത്. കഠോപനിഷത്തില്‍ നചികേതസ്സ് യമനോട് മരണത്തിനുശേഷമെന്ത് എന്ന തന്റെ ചോദ്യത്തിന്റെ ഉത്തരം ആവശ്യപ്പെടുന്നു. ഉത്തരം അറിയാവുന്ന ഗുരുവിനോടാണ് നചികേതസ്സ് ചോദ്യം ചോദിക്കുന്നത്. എല്ലാ ഉപനിഷത്തും ചോദ്യോത്തരശൈലിയിലാണ്. ഗുരു അറിവിന്റെ മഹാമേരു. അറിവുവേണ്ട ശിഷ്യന് ഗുരുവിനോടു തന്റെ ചോദ്യം ചോദിക്കുന്നു. എത്ര അറിവുവേണോ അത്രയും ചോദ്യം ശിഷ്യന് ചോദിക്കുന്നു.ഗുരുവിന്റെ 'അടുത്തിരിക്കുന്ന'( ഉപ-നിഷത്) ശിഷ്യന്റെ കഴിവാണ് ഗുരുവില്‍ നിന്നും ചോദ്യങ്ങള്‍ ചോദിച്ച് അറിവു സമ്പാദിക്കുക. വിദ്യ ഗ്രഹിക്കാന്‍ കഴിവുള്ളവനേ ഗുരു വിദ്യ കൊടുക്കുന്നുള്ളൂ. യമന്‍ നചികേതസ്സിനെ പരീക്ഷിച്ച് അറിവുസമ്പാദിക്കാന്‍ പ്രാപ്തനാണ് എന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമെ ഉത്തരം പറയുന്നുള്ളു.വിദ്യാ സമയത്ത് ഗുരുവും ശിഷ്യനും ചൊല്ലുന്ന മന്ത്രം ഇതാണ്.- ഉപനിഷത് പ്രതിപാദ്യമായ പരം പൊരുള്‍ വിദ്യാസ്വരൂപത്തെ പ്രകാശിപ്പിച്ച് നമ്മെ ഒന്നിച്ച് രക്ഷിക്കട്ടെ. വിദ്യാപ്രാപ്തിക്കു സമര്‍ഥമായ ബുദ്ധിശക്തി തന്ന് നമ്മെ പോഷിപ്പിക്കട്ടെ. വിദ്യാപ്രാപ്തികൊണ്ടുള്ള തേജസ്സ് നമുക്ക് ഒന്നിച്ചു സമ്പാദിക്കാം. അതിനുവേണ്ടി നാം പഠിക്കുന്നതെല്ലാം ശോഭനവും സഫലവുമാവട്ടെ. അന്യോന്യം യാതൊരു ദ്വേഷവും നാം തമ്മില്‍ തോന്നാതിരിക്കട്ടെ.-
സ്കൂളില്‍ അധ്യാപകര്‍ കുട്ടികളുടെ ചോദ്യങ്ങള്‍ പ്രോല്‍സാഹിപ്പിച്ചിരുന്നോ. അല്ലെങ്കില്‍ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നേ ഇല്ല. ചെറിയ ക്ലാസുകളിലെ കുട്ടികളുടെ ചോദ്യങ്ങള്‍ അവര്‍ക്ക് തീവ്രമായതും അധ്യാപകര്‍ക്ക് ചിരിയുണത്തുന്നവയും ആയിരിക്കും.ഒരു കുട്ടിയായി നിന്ന് ചോദ്യം മനസ്സിലാക്കാന്‍ ഒരധ്യാപകനും ശ്രമിച്ചിട്ടുണ്ടാവില്ല.
ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അധ്യാപകനോട് ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല. ഇന്റര്‍നെറ്റ് അവര്‍ക്ക് എല്ലാ ചോദ്യത്തിനും ഉത്തരം നല്കുന്നു. ഇപ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് താജ്മഹലിനെക്കുറിച്ച് പ്രൊജക്ടുണ്ടാക്കാന്‍ ആരോടും ചോദിക്കേണ്ട്. എല്ലാം അവനുമുന്‍പിലെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി അറിവിന്റെ അളവില്ലാ ഖനിയുമായി ഇന്റര്‍നെറ്റ് അവന്റെ മുന്നില്‍ പൊലിയളക്കുന്നു.
മലയാളം മീഡിയത്തില്‍ പഠിക്കുന്ന ഒരു സാധാരണ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ ചോദ്യങ്ങള്‍ അപ്പോഴും ബാക്കിനില്ക്കുന്നു. അവന്റെ ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ ഉത്തരം അവനുകിട്ടിയിട്ട് കാര്യമില്ല. ചോദ്യത്തിന് ഉത്തരം കിട്ടാതെ അറിവ് മാറി നില്ക്കുന്നു.
അവന്റെ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ഉത്തരം ഇന്റര്‍നെറ്റ് അവനറിയാവുന്ന ഭാഷയില്‍ നല്കുന്നു. അവനെപ്പോലെ അനവധി സാധാരണ മലയാളം മീഡിയത്തില്‍ പഠിക്കുന്നവര്‍ക്കുവേണ്ടി ആരുമറിയാതെ കുറച്ചുപേര്‍ കഷ്ടപ്പെടുന്നുണ്ട്. മലയാളം വിക്കിപീഡിയയെക്കുറിച്ച് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കുറെ ആളുകള്‍ അവരുടെ വിശ്രമസമയം മറ്റുള്ളവര്‍ക്കു ഉപകാരപ്പെടാന്‍ വേണ്ടി മാറ്റിവെക്കുന്നു. വിക്കിയിലെ ലേഖനങ്ങളിലൂടെയും തിരുത്തലുകളിലൂടെയും. ഗൂഗിളില്‍ മലയാളത്തില്‍ സേര്‍ച്ചു ചെയ്യാമെന്ന് റാം മോഹനെഴുതുന്നു.കേരളത്തിലെ ആയിരക്കണക്കിനുവരുന്ന മലയാളം മീഡിയം സ്കൂള്‍ കുട്ടികള്‍ക്ക് മലയാളം വിക്കിപീഡിയ പ്രയോജനപ്പേടും. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഇന്റര്‍നെറ്റ് പഠിക്കാന്‍ ഉപയോഗിക്കുന്നതുകണ്ട് അവനിനി മിഴിച്ചു നില്‍ക്കേണ്ട കാര്യമില്ല.
ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവര്‍ സ്വകാര്യതകള്‍ക്കു വേണ്ടി കളയുമ്പോള്‍ അതെല്ലാം മാറ്റി വച്ച് മറ്റുള്ളവര്‍ക്കുവേണ്ടി വിക്കിയില്‍ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോര്‍ഡില്‍ വിരലമര്‍ത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങല്‍ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാന്‍ പോകുന്ന ആയിരക്കണക്കിന് നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങള്‍ക്കുണ്ട്.
നിങ്ങളുടെ ജീവിതത്തില്‍ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.
ആന എന്ന് മലയാളം വിക്കിയില്‍ തിരയുമ്പോള്‍ ആനപഴഞ്ചൊല്ല് കിടക്കുന്നു. "നിത്യാഭ്യാസി ആനയെ എടുക്കും"
Subscribe to:
Post Comments (Atom)
7 comments:
ബന്ധപ്പെട്ട പോസ്റ്റുകള്‍- one swallow യുടെ 'മലയാളത്തില്‍ സേര്‍ച്ച് ചെയ്യാം' , വിശാലമനസ്കന്റെ 'അതെന്താ', ഉമേഷിന്റെ 'അബദ്ധധാരണകള്‍".
കഠോപനിഷത്തിനെക്കുറിച്ചറിയാന് ഇന്‍ഡ്യഹെറിറ്റേജ് എന്ന ബ്ലോഗ് നോക്കുക.
പോസ്റ്റ് നല്ലത്..പഴംചൊല്ലുകളുടെ നേരിട്ടുള്ള അര്‍ത്ഥം എടുത്ത് ആലോചിച്ചാല്‍ ചിറ്റിക്കളി ആകും. അവയിലെ വ്യംഗ്യം മാത്രമേ എടുക്കാവൂ..കൂടുതല്‍ ചിന്തിക്കരുത്. കുട്ടികള്‍ക്കത് മനസ്സിലാവുമോ എന്നതൊരു പ്രശ്നം.
ഓഫ് ടോപിക്
പണ്ട് ഇന്റര്‍നെറ്റില്‍ ചെസ്സ് കളിക്കാന്‍ ഞാന്‍ ഉപയോഗിച്ചിരുന്ന പേര് കിടിലോവ്സ്കി എന്നായിരുന്നു.:)
qw_er_ty
വിക്കിപീഡിയയെ പരിചയപ്പെടുത്തിയ രീതി നന്നായി. തലക്കെട്ടു കണ്ടപ്പോള്‍ എടുത്താല്‍ പൊന്താത്ത എന്തനെയോക്കുറിച്ചായിരിക്കും എന്നു വിചാരിച്ചു.
വിക്കിപീഡിയിലേയ്ക്ക് ഒരു ലിങ്കും ആകാമായിരുന്നു. വായിച്ചതിനു ശേഷം പോയി സര്‍ച്ച് ചെയ്ത് കണ്ടു പിടിക്കനടല്ലോ
വളരെ നല്ല ലേഖനം.
മലയാളം വിക്കി ഉപയോഗിക്കാന്‍ പോകുന്ന ആയിരക്കണക്കിന് നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങള്‍ക്കുണ്ട്.
വളരെ നല്ല ലേഖനം.
എനിക്കോറ്മ്മ വരുന്നത്, എട്ടാം ക്ളാസിലോ മറ്റൊ പഠിക്കുമ്പോഴാണ്..ഫിസിക്സ് പുസ്തകത്തില്‍ ഉന്നത പ്രധിരോധമുള്ള ഒരുചെമ്പുകമ്പിയെടുത്ത് ഒരറ്റം ബാറ്റെരിയുടെ +ലും മറ്റെയറ്റം -ലും ബന്ധിപ്പിച്ചാല്‍ കമ്പി ചൂടാവുന്നത് കാണാം എന്നുണ്ടായിരുന്നതും കണ്ട്, അതിലെ ചിത്രത്തിലുള്ളത് പോലെ ഒരു ചെമ്ബുകമ്പി സിഗ്സാഗ് രീതിയില്‍ വളച്ച്( ആചിത്രം അതിന്റെ സിംബലാണെന്ന് അറിയുകയുമില്ല അദ്ധാപനൊട്ട് പറഞ്ഞു തന്നതുമില്ല) ഒരു 1.5വോള്‍ട്ടിന്റെ സാധാരണ (അതും ഉപയോഗത്തിന്റെ അവസാനമെത്തിയത്!!!)
ബാറ്റെറിയുമായി ബന്ധിപ്പിച്ചു, എന്താവാന്‍, ഒന്നരവോള്ട്ടില്...? പിന്നെ എലെക്റ്റ്റോണീക്സൊക്കെ പഠിച്ച്പ്പൊഴാണ് ഈ ഉന്നത പ്രതിരോധമുള്ള കമ്പി(ചെമ്പില്ല!!!)യെപ്പറ്റിയും, 1.5വോള്‍ട്ട് 200മില്ലി ആമ്പിയറിന്റെ ബാറ്റെറി കൊണ്ടൊന്നുമ്മാവില്ലാനും നല്ല ആമ്പിയറുള്ള ബാറ്റെറി വേണമെന്നുമൊക്കെ മനസിലായത്.
Post a Comment