Sunday, January 27, 2008

കീറിപ്പറിഞ്ഞ ഒരു മേല്‍വിലാസം

ഏതാണ്ട്‌ എല്ലാവരേയും പോലെ
പഴയകാലത്ത്‌ എനിക്കും ഒരു കാമുകി ഉണ്ടായിരുന്നു.

കാമമുറഞ്ഞ കണ്ണുകള്‍ കൊണ്ട്‌ എന്റെ തീഷ്ണയൗവ്വനം ദഹിപ്പിച്ചവള്‍
പൊള്ളുന്ന ചുണ്ടുകള്‍ കൊണ്ട്‌ വികാരസമുദ്രം കുടിച്ചു വറ്റിച്ചവള്‍


അന്നൊക്കെ
ലോകം മള്‍ബറിതോട്ടം ആവുന്നത്‌ സ്വപ്നം കണ്ട്‌
പര്‍വതങ്ങളില്‍ അരുണാഭമായ പ്രഭാതമുണ്ടാവും എന്ന പാട്ടുകേട്ട്‌,
കുഴലൂത്തുകാരന്റെ പുറകേ പോയ കണ്ണുകെട്ടിയ എലിക്കുഞ്ഞുങ്ങളിലൊന്നായിരുന്നു ഞാനും.


പിന്നീട്‌

കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട്‌ പ്രണയം ഒലിച്ചുപോവുന്നത്‌ നോക്കിനില്‍ക്കെ
ചവുട്ടടിയിലെ മണ്ണിളകി നിലയില്ലാക്കയത്തില്‍ വീണ്‌

ഒഴുക്കില്‍, അനവധി ചുഴികളില്‍, വന്‍തിരമാലകളില്‍പെട്ട്‌

ഹരിതാഭമായ ഒരു തുരുത്തിലടിഞ്ഞ്‌
ഇളംവെയില്‍ കൊണ്ടിരിക്കുമ്പോള്‍

പഴയ പൊള്ളുന്ന ചുണ്ടുകളുടെ ഓര്‍മ്മ എന്റെ ഉറക്കം കെടുത്തുന്നു.

'നീ കാണും സങ്കല്‍പലോകമല്ലീയുലകം' എന്നെന്നോടു പറഞ്ഞവളുടെ

മേല്‍വിലാസം തിരയുകയാണ്‌ ഞാന്‍-
കീറിപ്പറിഞ്ഞ പഴയ പുസ്തകത്താളുകളില്‍.

11 comments:

ശ്രീവല്ലഭന്‍. said...

"ഒഴുക്കില്‍, അനവധി ചുഴികളില്‍, വന്‍തിരമാലകളില്‍പെട്ട്‌

ഹരിതാഭമായ ഒരു തുരുത്തിലടിഞ്ഞ്‌
ഇളംവെയില്‍ കൊണ്ടിരിക്കുമ്പോള്‍"

എന്ന ഭാഗം പ്രത്യേകിച്ചും വളരെ ഇഷ്ടപ്പെട്ടു..

siva // ശിവ said...

ഇതാണു പ്രണയം.....

വേണു venu said...

മേല്‍‍വിലാസത്തിന്‍റെ പ്രസക്തി .:)‍

വെള്ളെഴുത്ത് said...

അങ്ങനെ ചെയ്യരുത്. എന്തിനാണു പഴയ മേല്‍‌വിലാസങ്ങള്‍? അതൊരു കടന്നുകയറ്റമാവില്ലേ? അല്ലെങ്കില്‍ തന്നെ മെല്‍‌വിലാസം പുതുക്കിക്കഴിഞ്ഞവളുടെ പഴയമേല്‍‌വിലാസം തപ്പുന്നത് അതിനേക്കാള്‍ പഴയ ആളായിമാറാനല്ലേ സഹായിക്കൂ...?

ദിലീപ് വിശ്വനാഥ് said...

കൊള്ളാം. നല്ല വരികള്‍.

ശ്രീ said...

'നീ കാണും സങ്കല്‍പലോകമല്ലീയുലകം'

:)

അനംഗാരി said...

ഇനിയെന്തിന് ആ മേല്‍‌വിലാസം...
അവളെയിനി കാണുകയില്ല...
ആ വിളി നീ കേള്‍ക്കുകയുമില്ല...
റേഷന്‍ കടയില്‍ നിന്ന് കിട്ടിയ ഒരു കുപ്പി മണ്ണെണ്ണയില്‍ അവളുടെ ജീവിതം ഒരു തീപ്പെട്ടിക്കൊള്ളി കത്തുന്ന ലാഘവത്തോടെ എരിഞ്ഞ് പോയത്...
എറണാകുളം ജനലറലാശുപത്രിയുടെ മോര്‍ച്ചറിയിലാണ് ഞാന്‍ കണ്ടത്.

മള്‍ബെറിതോട്ടം സ്വപ്നം കണ്ട് കുഴലൂത്ത് കാരന്റെ പിറകെപോയ നീ
അവളുടെ വിയര്‍പ്പ് മണക്കുന്ന തൂവാലയില്‍ ഒരു ഉമ്മ...
അവള്‍ കടിച്ച് മുറിച്ച നിന്റെ ചുണ്ടിലെ ഉണങ്ങിയ മുറിപ്പാടില്‍ ഒരു തലോടല്‍..
അത് മതിയാകും അവള്‍ക്ക് ഒരു സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള കുറിമാനത്തിന്...

vadavosky said...

അനംഗാരി. വേണ്ട മോനേ. നീ ഒന്ന് ചിവിട്ടിപ്പിടി. കള്ളത്തിരുമാലി.

അനംഗാരി said...

ഹഹഹഹ! അപ്പോള്‍ നിനക്ക് കൊണ്ടു..അല്ലെ?

ഓ:ടോ:
ശശികുമാരന്റെ വിവരം എന്തുണ്ട്?

vadavosky said...

....എനിക്ക്‌ മനസ്സിലായില്ല.....

ശശികുമാറിനെപ്പറ്റി ഒരു വിവരവുമില്ല

Siji vyloppilly said...

ആ മേല്‍ വിലാസം ഇനി തിരയണ്ടാ..വിട്ടു പിടി..:)